5.4.07

വീടും പ്ലാനും - 1

ഇത്‌ തിരുവനന്തപുരത്ത്‌ ഒരു വര്‍ഷം മുന്‍പ്‌ പണിതീര്‍ത്ത ഒരു വീട്‌. ഒരുപാട് പ്രത്യേകതകളോ , ഗിമ്മിക്കുകളോ ഒന്നും കൂടാതെ ചെയ്ത ഒരു സാധാരണ വീട്. വീടും പ്ലാനും പോസ്റ്റുകളിലെ ആദ്യത്തേത്

അധികം ആഡംബരങ്ങള്‍ വേണ്ട, ലളിതമായ പ്ലാന്‍ ആവണം,മഴവെള്ളം ധാരാളമായി വീഴാവുന്ന നടുമുറ്റം വേണം; എന്നാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാവരുത്‌,ബാത്ത്‌ അറ്റാച്‍ഡ് ആയ 3 കിടപ്പുമുറികള്‍ തല്‍ക്കാലം, എന്നാല്‍ ഒരെണ്ണം പിന്നീട്‌ കൂട്ടിചേര്‍ക്കാന്‍ കഴിയണം, പക്ഷേ അത്‌ പിന്നീട് മുഴച്ചു നില്‍ക്കരുത്‌, അടുക്കള വലിപ്പം വേണം, സ്റ്റോര്‍, പൂജ, തീര്‍ച്ചയായും വേണം ഇതൊക്കെയായിരുന്നു പ്രധാന ആവശ്യങ്ങള്‍. അത്‌ അനുസരിച്ച്‌ തയ്യാറാക്കിയ മൂന്നാമത്തെ പ്ലാന്‍ ആണിത്‌.


ആദ്യ പ്ലാനില്‍ നിന്ന് , വളരെയധികം യാത്രകള്‍ ചെയ്യുന്ന ആളായതിനാലുള്ള സുരക്ഷാപ്രശ്നങ്ങള്‍, അത്ര വലിയ മുറികള്‍ അല്ലാത്തതിനാല്‍ വെള്ളം തെറിച്ച്‌ വീഴാനുള്ള സാധ്യത എന്നിവ കണക്കിലെടുത്ത്‌ അകത്തായിരുന്ന നടുമുറ്റത്തിനെ പുറത്ത്‌ ആക്കികൊണ്ടുള്ള ആശയം അവതരിപ്പിക്കുകയും അത്‌ ഏകദേശം തീരുമാനമാകുകയും ചെയ്തു. അങ്ങിനെ രണ്ടാമത്‌ തയ്യാറാക്കിയ പ്ലാന്‍ അവര്‍ക്ക്‌ ഇഷ്ടപ്പെട്ടെങ്കിലും വാസ്തു കണ്‍സള്‍ട്ടേഷനു പോയി വന്നപ്പോഴേക്കും ചില ചില്ലറമാറ്റങ്ങള്‍. ഊണുമുറിയോട്‌ ചേര്‍ത്ത്‌ കൊടുത്തിരുന്ന പൂജ സ്വീകരണമുറിയുടെ കോണിലേക്ക്‌ മാറ്റേണ്ടിവന്നു. ഒപ്പം, അടുക്കള നീളം കൂട്ടി വീട്‌ ആകെ ഒരു പെട്ടിയുടെ ആകൃതിയിലേക്ക്‌ മാറ്റേണ്ടിയും വന്നു. അതുപോലെ പുറമേ നിന്ന് പ്രവേശിക്കുന്നത് കിഴക്ക് ദിശയില്‍ നിന്ന് തന്നെ വേണം എന്നും പറഞ്ഞിരുന്നു. വീടിന്‍റെ തെക്ക് ഭാഗത്തിനു സമാന്തരമായിട്ടാണ് റോഡ്. അതനുസരിച്ചും ചില മാറ്റങ്ങള്‍ വേണ്ടിവന്നു.

മൂന്നാമത്തെ ഈ പ്ലാനുകള്‍, താഴത്തെയും മുകളിലത്തെയും നിലകളുടേത് എന്തായാലും പണിതീരുന്നത്‌ വരെ യാതൊരു മാറ്റവും കൂടാതെ തുടര്‍ന്നു. മുന്‍‍കാഴ്ച (front elevation) നേരത്തെ കൂട്ടി വരച്ച് കൊടുത്തിരുന്നില്ല. ( പ്ലാനിന് പ്രാമുഖ്യം കൊടുത്ത് കൊണ്ടുള്ള ഒരു രീതിയാണ് ഞങ്ങള്‍ പിന്തുടരുന്നത് എന്നറിയാവുന്ന ആളായതിനാലാവണം , പണി തീരും വരെ അദ്ദേഹം അത് ആവശ്യപ്പെട്ടുമില്ല. )


ചെലവ്‌ കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടല്ല, ഇതിന്റെ ഭിത്തികള്‍ക്ക്‌ സിമന്റ്‌ പൂശാത്തത്‌. അതുപോലെ, ചെലവുകുറയുമെന്നുള്ള പ്രേരണയില്‍ സിമന്റ്‌ തേയ്ക്കാത്ത വീടുകളില്‍ പലതും, വിലകൂടിയ വയര്‍കട്ട്‌ ഇഷ്ടിക (കമ്പനി കട്ട യെന്ന് നാടന്‍ പേര്‍) ഉപയോഗിച്ച്‌ ഇരട്ടിചെലവ്‌ ആകുന്നതും കാണാം. അതുകൊണ്ട്‌ തന്നെ ഇവിടെ സാധാരണ പ്രാദേശിക കളങ്ങളില്‍ ചുട്ടെടുക്കുന്ന ഇഷ്ടികയാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌, ഇത്‌ തീര്‍ത്തും,തേയ്ക്കാത്ത ഇഷ്ടികചുമരിന്റെ വേര്‍തിരിഞ്ഞ്‌ നില്‍ക്കുന്ന നിറവും ഒപ്പം അതിന്റെ വൈവിധ്യമാര്‍ന്ന പ്രതലഭംഗിയും (Contrasting Colour & Texture) ലക്ഷ്യമിട്ട്‌ തന്നെയാണ്‌ ഞങ്ങള്‍ ക്ലൈന്റിനോട്‌ നിര്‍മ്മാണ ഘട്ടത്തില്‍ ഈ ആശയം അവതരിപ്പിച്ചതും അദ്ദേഹം അംഗീകരിച്ചതും.

ഇഷ്ടികചുമരിനെ കുറച്ച്‌ കൂടി പ്രകടമാക്കി കാണിക്കാനാണ്‌ കരിങ്കല്‍ പാളികള്‍ കൊണ്ട്‌ താഴ്‍ഭാഗവും ചില മൂലകളും പൊതിഞ്ഞിരിക്കുന്നത്‌ ; ഇതുകൊണ്ട്‌ വേറെ ഒരു ഗുണം കൂടിയുണ്ട്‌, തേയ്ക്കാത്ത ഇഷ്ടിക ചുമരിന്റെ മൂലകള്‍ അടര്‍ന്ന് പോകാനുള്ള സാധ്യത വളരെ അധികമാണ്‌, അതുപോലെ ഭിത്തിയുടെ താഴ്ഭാഗത്തേക്ക്‌ തെറിക്കുന്ന മഴ വെള്ളം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളും; അത്‌ പൂര്‍ണ്ണമായും ഒഴിവായികിട്ടി.


പുറത്ത്‌ സിമന്റ്‌ പൂശിയിട്ടില്ലെങ്കിലും അകത്തെ മുറികളെല്ലാം തന്നെ കുമ്മായ സിമന്റ്‌ ചാന്ത്‌ മിശ്രിതം കൊണ്ട്‌ (ഇപ്പോള്‍ സാധാരണ ആരും കുമ്മായചാന്ത്‌ ഉപയോഗിക്കാറില്ല -ഇതൊരു പരീക്ഷണമായിരുന്നു) പ്ലാസ്റ്റര്‍ ചെയ്തു, പെയിന്റുമടിച്ചു. ഇവിടെ ചെറിയ ഒരു ലാഭമുണ്ടായി; ഇപ്പോള്‍ സാധാരണനിലയില്‍ ചെയ്യുന്ന 'പുട്ടി ഇട്ട്‌ പെയിന്റിംഗ്‌" (നല്ല മിനുസമാര്‍ന്ന പ്രതലത്തിനുവേണ്ടി) വേണ്ടിവന്നില്ല, രണ്ട്‌ തവണ സിമന്റ്‌ പ്രൈമര്‍ അടിച്ച്‌ നേരിട്ട്‌ പെയിന്റ്‌ ചെയ്തു. (കുമ്മായ ചാന്തിന്റെ ഗുണമാകണം, പരീക്ഷണം തുടരുന്നു ) അതുപോലെ മുന്‍ വാതിലില്‍ നിന്നും നേരെ കാണുന്ന സ്വീകരണമുറിയുടെ ഭിത്തി (ഇതിന്‍റെ പുറകില്‍ കൂടിയാണ് കോണിപ്പടി മുകളിലേക്ക് പോകുന്നത്)കരിങ്കല്‍ പാളികള്‍ ഒട്ടിച്ച് ചേര്‍ത്തു. ഇത് പുറത്തെ ഭിത്തികളുടെ ഒരു തുടര്‍ച്ച അകത്ത് ഉണ്ടാവാനും ഒപ്പം കരിങ്കല്ലിന്‍റെ മിനുസമല്ലാത്ത പ്രതലം ഉണ്ടാക്കുന്ന Texture Effect നും വേണ്ടിയായിരുന്നു.

അടുക്കളയും അതിനോട്‌ ചേര്‍ന്നുള്ള സ്റ്റോര്‍, വര്‍ക്ക്‌ ഏരിയ എന്നിവയുടെയും, ബാത്ത്‌ റൂമുകളുടെയും ഒഴികെയുള്ള എല്ലാ മുറികളുടെയും സിറ്റൗട്ടിന്റെയും (വരാന്ത) തറ ചെയ്തിരിക്കുന്നത്‌ സാധാരണ തറയോട്‌ ഉപയോഗിച്ചാണ്‌. എങ്കിലും തറയുടെ ഭിത്തികളോട്‌ ചേരുന്ന ഭാഗം ഒരു ബോര്‍ഡര്‍ പോലെ കറുത്ത ഗ്രാനൈറ്റും ഇട്ടിട്ടുണ്ട്‌. ഏറ്റവും കൂടുതല്‍ പൊടിയും ഒക്കെ അടിഞ്ഞ്‌ കൂടാന്‍ സാധ്യതയുള്ളയിടമാണല്ലോ ഈ മൂലകള്‍, ഇങ്ങെനെയാകുമ്പോള്‍ വൃത്തിയാക്കുവാനൊക്കെ കുറച്ച്‌ എളുപ്പമായിരിക്കും എന്നത്‌ കൊണ്ടും , തറയോടിന്റെ കാവി നിറത്തോട്‌ കറുത്ത ഗ്രാനൈറ്റിന്റെ വ്യത്യസ്ഥപെടുത്തുന്ന നിറഭംഗിയും ഒപ്പം, നല്ല ഫിനിഷിംഗും കിട്ടുമെന്ന് കരുതിയുമാണ്‌ ഇത്തരത്തില്‍ ചെയ്തിരിക്കുന്നത്‌. ഇതിനോട്‌ യോജിച്ച്‌ പോകുന്നതിനു വേണ്ടി, തറയോട്‌ ഒന്നിനൊന്ന് ചേര്‍ത്ത്‌ ചേര്‍ത്തിടാതെ ചെറിയ ഇടകൊടുത്ത്‌ അവിടെ ബ്ലാക്ക്‌ ഓക്സൈഡ്‌ കലര്‍ത്തിയ സിമന്റ്‌ കൊണ്ട്‌ നിറച്ച്‌ മിനുസപ്പെടുത്തിരിക്കുന്നതും ശ്രദ്ധിക്കുക.


ജനാലകള്‍ ശ്രദ്ധിക്കുക. സാധാരണ കാണുന്ന മൂന്ന് പാളി ജനലുകളില്‍ നിന്നും വ്യത്യസ്ഥമായി നടുവിലെ പാളിക്ക്‌ വീതി കൂടുതല്‍ ആണ്‌.മിക്കവീടുകളിലും ശ്രദ്ധിച്ചാല്‍ മനസ്സിലാകും, ആരും നടുവിലെ പാളി തുറക്കാറേയില്ല. അതുകൊണ്ട്‌ തന്നെ ഇവിടെ അത്‌ വെളിച്ചത്തിനു വേണ്ടി മാറ്റിവെച്ചു, ഒപ്പം വലിപ്പവും കൂട്ടി. കാറ്റിനു വേണ്ടി തുറക്കുന്ന വശങ്ങളിലെ പാളികള്‍ക്ക്‌ അധിക വലിപ്പം വേണമെന്നില്ലല്ലോ.

ഈ വീടിന്റെ മേല്‍ക്കൂരയില്‍ കൊടുത്തിട്ടുള്ള മുഖപ്പുകള്‍ കേവലം കേരളാ മാതൃക മേല്‍ക്കൂരയാക്കാന്‍ വേണ്ടിമാത്രമല്ല., അവ പഴയവീടുകളിലെ പോലെ വായു സഞ്ചാരത്തിനുള്ള മാര്‍ഗ്ഗമായിട്ടും കൂടിയാണ്‌.ഏതെങ്കിലും ഒരു ജനല്‍ തുറന്നിട്ടാല്‍ മുറികളില്‍ ഫാനില്ലാതെയും കിടക്കാം..


മുറ്റത്ത് ആദ്യമേയുണ്ടായിരുന്ന പേരമരങ്ങള്‍ ഒരുവിധത്തില്‍ സം‍രക്ഷിച്ച് നിര്‍ത്തിയിരുന്നത് ലാന്‍ഡ്‍ സ്കേപ്പിന്‍റെ ഭാഗമാക്കുവാന്‍ കഴിഞ്ഞു. പ്രകൃതി ദത്തമായ പാറ(ചുമ്മാ കാട്ട് കല്ലും മറ്റും) യുമൊക്കെ ഉപയോഗിച്ചു. ഒപ്പം സാധാരണ പുല്ലും വെച്ച് പിടിപ്പിച്ചു. വീടിന്‍റെ നിഴല്‍ കൂടുതല്‍ വീഴാനിടയുള്ള ഭാഗത്ത് പുല്‍തകിടി ഒഴിവാക്കി കരിങ്കല്‍ ചിപ്സ് ഇട്ട് വെള്ളം ഒഴുകുന്നത് പ്രതീകാത്മകമായി ചെയ്യാന്‍ ശ്രമിച്ചു.ഡ്രൈവ് വേയും നടപ്പാതയും വിപണിയീല്‍ കിട്ടുന്ന സിമന്‍റ് ടൈലുകള്‍ ഉപയോഗിച്ച് ഒരു പ്രത്യേക പാറ്റേണിനു ശ്രമിച്ചിരിക്കുന്നതും കാണാം


സ്വയം വിമര്‍ശനം:

ഒരു വീടിന്റെ പ്ലാനും ഫോട്ടോയുമിട്ട്‌ ഗുണങ്ങള്‍ മാത്രം പറഞ്ഞാല്‍ പോരല്ലോ..കുറച്ച്‌ സ്വയം വിമര്‍ശനവുമാകാമെന്ന് കരുതുന്നു.
1. പൂജ സ്വീകരണമുറിയില്‍ ഒരു അസൗകര്യമാകുന്നുണ്ട്‌.
2. ഡൈനിംഗ്‌ റൂമില്‍ നിന്ന് നേരിട്ട്‌ ബെഡ്‌ റൂമുകളിലേക്കും അടുക്കളയിലേക്കുമൊക്കെയുള്ള ട്രാഫിക്ക്‌ സൃഷ്ടിക്കുന്ന അസൗകര്യം .
3. ഡൈനിംഗ്‌ റൂമിലേക്ക്‌ നടുമുറ്റത്തില്‍ കൂടിയുള്ള പ്രകാശവിന്യാസം തികയാതെ വരുന്നു. (അതിനു വേണ്ടി കോണിപടിയുടെ മുകളില്‍ നിന്നും പ്രകാശം കൊണ്ട്‌ വരാന്‍ ശ്രമിച്ചെങ്കിലും അത്‌ കൃത്യമായി ലഭിക്കുന്നില്ല.)
4. അടുക്കളയുടെ വലിപ്പം വല്ലാതെ കൂടി. (ആ വീട്ടമ്മയ്ക്ക്‌ അത്‌ ഇഷ്ടമാണെങ്കില്‍ കൂടി, വലിപ്പം കുറയ്ക്കാമായിരുന്നു എന്ന ഒരു തോന്നല്‍ ഉള്ളില്‍ ഇല്ലാതില്ല)

ഇനി ബാക്കിയൊക്കെ നിങ്ങള്‍ പറയൂ..

കുറിപ്പ്‌:
ചിത്രങ്ങള്‍ 1. വീടിന്റെ പ്ലാനുകള്‍(Ground Floor & First Floor 2. മുന്‍കാഴ്ച അഥവാ Front Elevation 3. പ്രത്യേകതകള്‍ അഥവാ Details - ഈ വീടിന്‌, പുറത്ത്‌ സജ്ജീകരിച്ചിരിക്കുന്ന നടുമുറ്റം ,മറ്റൊന്ന് പൂശാത്ത ചുമരിന്റെ വിശദമായ ഒരു കാഴ്ച 4. അകത്തളം അഥവാ Interior 5. പുറം കാഴ്ച അഥവാ Landscape എന്ന ക്രമത്തിലാണ്‌ സജ്ജീകരിച്ചിരിക്കുന്നത്‌. തുടര്‍ന്നുള്ള വീടും പ്ലാനും പോസ്റ്റുകളിലും ഇതേ പോലെ ഒരു ക്രമം പിന്തുടരാം എന്ന് കരുതുന്നു, അഭിപ്രായങ്ങള്‍ അറിയിക്കുക.


വീടിന്റെ ഉടമസ്ഥന്‍ : ശ്രീ. മുരളീധരന്‍, കാലടി, തിരുവനന്തപുരം.

1.4.07

“ ഗുരുനാഥന് ആദരപൂര്‍വ്വം..”
ഇന്ന് കേരളത്തിലെ ഭവനനിര്‍മ്മാണമേഖലയില്‍ കാണുന്ന മാറ്റത്തിന്റെ കാറ്റ്‌ വിതച്ച്‌ കടന്നു വന്ന ആ ഇളം തെന്നല്‍ കടന്നു പോയി, ഇന്ന് രാവിലെ അന്തരിച്ച പ്രമുഖ വാസ്തുശില്‍പി പത്മശ്രീ ലാറിബേക്കര്‍. പാവങ്ങള്‍ക്ക്‌ പെരുന്തച്ചനായി അവതരിച്ച ശ്രീ ബേക്കറുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണിന്ന് കേരളം കാണുന്ന മിക്ക ഭവനങ്ങളുടെയും ശൈലീവല്‍ക്കരണം; അത്‌ ചെലവ്‌ കുറഞ്ഞതായാലും അല്ലെങ്കിലും.

70 കളില്‍ ഗള്‍ഫ്‌ പണത്തിന്റെ തള്ളിച്ചയില്‍ നഷ്ടമായ കേരളത്തിന്റെ വാസ്തുശില്‍പ ഭംഗി തിരികെ കൊണ്ടുവന്നതിന്, നേരിട്ടല്ലങ്കില്‍ കൂടിയും ഈ മേഖലയില്‍ ബേക്കര്‍ നടത്തിയ ഇടപെടലുകള്‍ക്കും വ്യക്തമായ പങ്കുണ്ട്‌. കേരളത്തില്‍ ആ സമയത്തുണ്ടായിരുന്ന "ഫ്ലാറ്റ്‌ റൂഫ്‌" കോണ്‍ക്രീറ്റ്‌ നിര്‍മ്മിതികള്‍ക്ക്‌ ഒരു വെല്ലുവിളിയെന്നോണം ചരിഞ്ഞ മേല്‍ക്കൂരയുമായി ബേക്കര്‍ നടത്തിയ പരീക്ഷണങ്ങള്‍ നിരവധിയാണ്‌. കൂടുതല്‍ വാസ്തുശില്‍പികള്‍ ഈ തരത്തില്‍ ചിന്തിച്ചു തുടങ്ങിയതും അദ്ദേഹത്തിന്റെ ഇത്തരം ലളിതകരമായ നിര്‍മ്മിതികള്‍ വന്ന ശേഷമാണ്‌.

ലാറി ബേക്കറുടെ സംഭവ ബഹുലമായ ജീവിത ചിത്രം എന്തായാലും ഇന്ന് മിക്ക പത്രങ്ങളും കൊണ്ടാടുമെന്നതിനാല്‍ അതിലേക്ക്‌ കടക്കുന്നില്ല. എനിക്ക്‌ ഏറ്റവും സ്വീകാര്യമായ ബേക്കര്‍ സമീപനം 'പ്രാദേശിക നിര്‍മ്മാണ വസ്തുക്കളുടെ ഉപഭോഗത്തെ പറ്റിയുള്ള കാഴ്ചപാടാണ്‌" . വെട്ടുകല്ല് സുലഭമല്ലാത്ത തിരുവനന്തപുരത്ത്‌ കണ്ണൂരില്‍ നിന്നും നല്ല വെട്ട്‌ കല്ല് കൊണ്ട്‌ വന്നേ വീടുണ്ടാക്കുകയുള്ളൂ എന്ന പോലെയുള്ള സമീപനങ്ങളെ ' ലക്ഷ്വറി ' യായികാണാന്‍ അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു. ഒരു ചെറു വീടാണെങ്കിലും, അതിനായ്‌ ചെലവഴിക്കേണ്ട ഭാവനയെയും, സമയത്തെയും, സര്‍വ്വോപരി സൗന്ദര്യ ബോധത്തെയും കുറിച്ച്‌ ഞങ്ങളെ ബോധവാന്മാരാക്കി. കുപ്പായകീശയില്‍ വെട്ടിയിട്ട തുണ്ട്‌ പേപ്പറുകളില്‍ (മിക്കവാറും അത്‌ ഉപയോഗശൂന്യമായ ഏതെങ്കിലുമൊരു ക്ഷണപത്രത്തിനെ ഒഴിഞ്ഞ വശമാകും) ഭാവനസമ്പന്നതയുടെ ഉദാത്തമാതൃകകള്‍ വരച്ചു കാണിച്ച്‌ ഭാഷ യ്ക്ക്‌ അതീതമായി മേസ്തിരിമാരോടും , കൂലിപണിക്കാരോടും അദ്ദേഹം സംവേദനം നടത്തി,ഒപ്പം ഞങ്ങള്‍ക്ക്‌ മാതൃകയാവുകയും ചെയ്തു.

അഞ്ചുകോടിയിലേറെ ഭവനരഹിതരുടെ നാട്ടിലാണ്‌ നമ്മളെന്ന് ഓര്‍മ്മിപ്പിക്കുവാനും ഗ്രാമങ്ങളെ അവഗണിക്കുന്ന തരത്തിലുള്ള നഗരകേന്ദ്രീകൃത വികസന നയത്തെ വിമര്‍ശിക്കുവാനും രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ബേക്കര്‍ക്ക്‌ ഒരിക്കലും മുന്‍പിന്‍ ആലോചിക്കേണ്ടി വന്നിട്ടില്ല. നമ്മുടെ പരമ്പരാഗത ശില്‍പശൈലിയില്‍ ബ്രിട്ടീഷ്‌ രീതിയായ തേയ്ക്കാത്ത ഇഷ്ടിക പുറം ചുമരുകളെ സംയോജിപ്പിച്ച്‌, ആവുന്നത്ര ലളിതവും ആര്‍ഭാടരഹിതവുമായ ഭവനനിര്‍മ്മാണശൈലിക്ക്‌ തുടക്കം കുറിക്കുകയും , ഇവിടെ തുടര്‍ന്നിരുന്ന വൈദേശിക കോണ്‍ക്രീറ്റ്‌ സംസ്കാരത്തില്‍ പൊതിഞ്ഞ കാഴ്ചയുടെ ശീലങ്ങളെ മാറ്റിമറിക്കുകയും ചെയ്യാന്‍ വിദേശിയെങ്കിലും പൂര്‍ണ്ണ ഇന്ത്യന്‍ സ്വദേശിയായി മാറിയ ശ്രീ ബേക്കര്‍ക്ക്‌ കഴിഞ്ഞു.

അദ്ദേഹത്തെ എല്ലാവരും 'ഡാഡി'യെന്ന് വിളിക്കുന്നു..മേസ്തിരിക്കും, കയ്യാളിനും, സൂപ്പര്‍ വൈസര്‍ക്കും, കൂടെ പണിയെടുക്കുന്ന ആര്‍ക്കിടെക്റ്റിനും എഞ്ചിനീയര്‍ക്കും എല്ലാമെല്ലാം അദ്ദേഹം 'ഡാഡി' യാണ്‌. എന്തിനും ഒരു ഏകീകൃത സ്വഭാവം, ഒരു ലക്ഷ്യ ബോധം എന്നും കാത്തു സൂക്ഷിച്ചിരുന്ന നന്മകളുടെ കൂടാരം തന്നെയായിരുന്നു നാലാഞ്ചിറയിലെ 'ഹാംലറ്റ്‌ ' എന്ന ഭവനവും അവിടെ ഗുരു സ്ഥാനത്ത്‌ പ്രതിഷ്ടിച്ച്‌ മാത്രം കാണാവുന്ന അദ്ദേഹത്തിന്റെ ജീവിതശൈലിയും.

വിമര്‍ശനങ്ങള്‍ക്ക്‌ അതീതമായിരുന്നില്ല 1963 ല്‍ കേരളത്തില്‍ (വാഗമണ്ണില്‍) എത്തി പ്രവര്‍ത്തനം ആരംഭിക്കുകയും, പിന്നീട്‌ തിരുവനന്തപുരത്ത്‌ നാലാംചിറയില്‍ താമസം ആരഭിച്ച്‌ തന്റെ ലളിതമായ ശൈലി കേരളമൊട്ടാകെയും, പുറത്തും വ്യാപിപ്പിച്ച ശ്രീ ബേക്കറുടെ നിര്‍മ്മാണരീതി. പക്ഷേ അദ്ദേഹം രൂപകല്‍പനചെയ്ത തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്പ്‌മന്റ്‌ സ്റ്റഡീസിന്റെ വിഖ്യാത ക്യാമ്പസും, മിത്രനികേതനും, ചിത്രലേഖ സ്റ്റുഡിയോ തുടങ്ങിയ ഒട്ടനവധി കെട്ടിടസമുച്ചയങ്ങള്‍ ഇന്നും വാസ്തുശില്‍പ ശൈലിയുടെ മാതൃകകളായി നിലകൊള്ളുന്നു. പുറം രാജ്യങ്ങളില്‍ നിന്നും വരുന്ന ഡെലിഗേറ്റുകള്‍ക്കൊപ്പം നിരവധി തവണ ഇവിടങ്ങളില്‍ പോകേണ്ടി വന്നിട്ടുള്ളപ്പോള്‍ എന്നും അഭിമാനമായിരുന്നു എനിക്ക്.

വളരെ നര്‍മ്മബോധമുള്ള ഒരു കാര്‍ട്ടൂണിസ്റ്റ്‌ കൂടിയാണദ്ദേഹം. തന്റെ ഒട്ടുമിക്ക പുസ്തകങ്ങളിലും , ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള നിരവധി ലേഖനങ്ങളുടെയുമെല്ലാമൊപ്പം ലളിതമായ കാര്‍ട്ടൂണ്‍ ശൈലിയില്‍ ചേര്‍ക്കാറുള്ള ചിത്രങ്ങള്‍ തന്നെ അതിനുദാഹരണം.

പരുക്കന്‍ ഖദര്‍ തുണിയില്‍ തുന്നിയ മുറിക്കയ്യന്‍ ഷര്‍ട്ടും കാലുറയും ധരിച്ചെത്തുന്ന 'ഡാഡി' ഇനി ഓര്‍മ്മമാത്രം. പക്ഷേ അദ്ദേഹം പടുത്തുയര്‍ത്തിയ കെട്ടിടസമുച്ചയങ്ങള്‍ തുടര്‍കാലവുമായി ആശയസംവേദനം നടത്തും..അതു തന്നെയാവും അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിയുടെ ഓര്‍മ്മ കുറിപ്പും.

നിരവധി തവണ ആ വാത്സല്യമനുഭവിക്കാനും ഒരിത്തിരി നന്മപകര്‍ന്ന് കിട്ടാനുമിടയായ സാഹചര്യങ്ങള്‍ സ്മരിക്കുന്നു. ഒപ്പം നേരിട്ട്‌ ശിഷ്യപെട്ടില്ലെങ്കില്‍ കൂടിയും ഇന്ന് ഭവന നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തനം നടത്തുന്ന നിരവധി പേര്‍ക്കൊപ്പം എനിക്കും ഗുരുസ്ഥാനിയനായ
പത്മശ്രീ ലാറി ബേക്കര്‍ക്ക്‌ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.


( 1990 ൽ  പത്മശ്രീ കിട്ടിയ വേളയിൽ തിരുവനതപുരത്ത് ഹാബിറ്റാറ്റ് ടെക്നോളജി  ഗ്രൂപ്പ് സംഘടിപ്പിച്ച പൗരസ്വീകരണ ചടങ്ങിൽ അദ്ദേഹത്തോടൊപ്പം )

20.3.07

അടുക്കളയുടെ രൂപകല്പന

(കഴിഞ്ഞ കുറിപ്പിന്‍റെ തുടര്‍ച്ച...)

സംഭരണം, കഴുകല്‍, പാചകം എന്നീ മൂന്നു മേഖലകളെ യോജിപ്പിക്കുന്നതാണ്‌ അധുനിക അടുക്കളയുടെ രൂപകല്‍പനയിലെ പ്രാഥമിക പരിഗണനയെന്ന് കഴിഞ്ഞകുറിപ്പില്‍ സൂചിപ്പിച്ചിരുന്നുവല്ലോ. ഈ മൂന്ന് മേഖലകള്‍ യഥാക്രമം റഫ്രജിറേറ്റര്‍, സിങ്ക്‌, അടുപ്പ്‌ (ആദ്യ രണ്ട്‌ സംഭവങ്ങളുടെ മലയാള നാമം അറിയില്ല ) എന്നിവയെ കുറിക്കുന്നു. സംഭരണമേഖലയില്‍ വരുന്ന റഫ്രജിറേറ്റര്‍ പൊതു ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്ത്‌ അടുക്കള വാതിലിനടുത്ത്‌ തന്നെ സ്ഥാപിക്കാം. കഴുകല്‍ മേഖല കുറച്ച്‌ കൂടി വിപുലീകരിച്ചാല്‍, കഴുകല്‍, തയ്യാറാക്കല്‍ തുടങ്ങിയവയെല്ലാം ആ ഒരു സോണില്‍ വരും, അതിനാല്‍ കുറച്ചധികം സ്ഥലം അതിനു മാറ്റി വെയ്ക്കാം. ഇനി പാചക സ്ഥലം, അത്‌ ഈ തയ്യാറിപ്പ്‌/കഴുകല്‍ മേഖലയ്ക്ക്‌ സമീപം തന്നെയാവട്ടെ, എന്നാല്‍ പാചകത്തിനിടയില്‍ പെട്ടന്ന് ഉപയോഗിക്കേണ്ടിവരുന്ന ഉപകരണങ്ങളും അവശ്യവസ്തുക്കളും പാചകം ചെയ്യുന്ന ആളിന്റെ കൈയ്യെത്തും ദൂരത്തില്‍ ഒരുക്കുകയും വേണം.

ഇനി ഈ മൂന്നു കേന്ദ്രങ്ങളും തമ്മിലുള്ള ബന്ധപ്പെടുത്തല്‍ എങ്ങിനെയെന്ന് നോക്കാം.
റഫ്രജിറേറ്റര്‍ - സിങ്ക്‌ - സ്റ്റൗവ്‌ ഇവ മൂന്നും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ത്രികോണരൂപം സങ്കല്‍പ്പിക്കുക. ത്രികോണത്തിന്റെ ഓരോ വശവും ഏകദേശം 8 അടി കണക്കാക്കിയാല്‍ കിട്ടുന്ന 24 അടി ചുറ്റളവാണ്‌ നല്ല സൗകര്യപ്രദമായ അടുക്കള എന്ന സങ്കല്‍പ്പത്തിലുള്ളത്‌. ഈ ചുറ്റളവ്‌ 26 അടിയില്‍ കൂടുന്നതും, അതുപോലെ 12 അടിയില്‍ കുറയുന്നതും അടുക്കളജോലി ആയാസകരമാക്കും. ഓരോ വശത്തിന്റെയും അളവ്‌ തുല്യമാകണമെന്നില്ല, എങ്കിലും 4 അടിയില്‍ കുറയുന്നതും, 9 അടിയില്‍ കൂടുന്നതും നല്ലതല്ലന്നാണ്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌.

അടിസ്ഥാനപരമായി അഞ്ചു തരത്തിലാണ്‌ അടുക്കളയുടെ രൂപം നിര്‍ണ്ണയിക്കുക. മുകളില്‍ പറഞ്ഞ റഫ്രജിറേറ്റര്‍ - സിങ്ക്‌ - സ്റ്റൗവ്‌ ബന്ധം ഉപയോഗിച്ച്‌ തന്നെ, എന്നാc അത്‌ ത്രികോണാകൃതിയില്‍ വരാതെ മൂന്നും ഒരു വശത്ത്‌ മാത്രം നേര്‍രേഖയില്‍ ക്രമീകരിക്കുന്ന രീതിയാണ്‌ ഏറ്റവും ലളിതം (ചിത്രം-4 ആദ്യമാതൃക) ചെറിയ അടുക്കള, സ്ഥലപരിമിതി, കുറഞ്ഞ ബഡ്ജറ്റ്‌ തുടങ്ങിയവ പരിഗണിയ്ക്കുകയാണെങ്കില്‍ ഈ ക്രമീകരണമാകും നല്ലത്‌. ഇതില്‍ നടുവില്‍ സിങ്കും ഇരുവശങ്ങളിലുമായി റഫ്രജിറേറ്റര്‍ , സ്റ്റൗവ്‌ എന്നിവയും കൊടുക്കുന്നു. പാതകത്തിനടിയിലും മുകളിലുമൊക്കെയായി ക്യാബിനറ്റുകള്‍ കൊടുക്കാമെങ്കിലും, സ്ഥലസൗകര്യം കുറവായിരിക്കും.


ഈ ചിത്രം
പികാസ വെബ്ബില്‍


കുറച്ച്‌ കൂടി വീതിയില്‍ അടുക്കളയൊരുക്കാന്‍ കഴിയുമെങ്കില്‍ ഇരുവശത്തുമുള്ള ഭിത്തിക്ക്‌ സമാന്തരമായി ക്രമീകരിക്കാവുന്നതാണ്‌ ഇടനാഴി മാതൃക അഥവാ corridor model(ചിത്രം-4 - രണ്ടാമത്തെ മാതൃക) ഇതില്‍ നമുക്ക്‌ മുന്‍പറഞ്ഞ ത്രികോണ ബന്ധം കൊണ്ട്‌വരാമെന്നുള്ള ഗുണമുണ്ട്‌. അതുപോലെ ഒരു വശത്ത്‌ മാത്രമായി ക്രമീകരിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി ഒന്നിലധികം ആള്‍ക്കാര്‍ക്ക്‌ പാചകത്തില്‍ ഏര്‍പ്പെടാനും കഴിയും. രണ്ട്‌ വശത്തുമായി ധാരാളം സ്റ്റോറേജ്‌ സ്ഥലവും കിട്ടും. പ്രധാന ന്യൂനത രണ്ട്‌ വശത്തെയും പാചകതട്ടുകളുടെ (work top) ഇട, അതായത്‌ നമ്മുടെ ഇടനാഴിക്ക്‌ ഏറ്റവും കുറഞ്ഞത്‌ ആറ്‌ അടിയെങ്കിലും വീതി വേണം. അതായത്‌ 2 + 2 അടി (പാചകതട്ട്‌) + 6 അടി (ഇടനാഴി) ആകെ 10 അടിയെങ്കിലും വീതി ഉറപ്പായും വേണം, അടുക്കളയ്ക്ക്‌. ഇല്ലെങ്കില്‍ കുനിഞ്ഞ്‌ ക്യാബിനറ്റുകള്‍ തുറക്കാനുമൊക്കെ തടസ്സമാകും.

ഇതേ 10 അടി വീതിയും അതേപോലെ 10 അടി നീളവുമുള്ള (അതിലധികവുമാകാം, ഉദാഹരണം പറഞ്ഞുവെന്നേയുള്ളൂ) അടുക്കളയെ കുറച്ച്‌ കൂടി സൗകര്യപ്രദമാക്കുന്നതാണ്‌ ആംഗലേയ അക്ഷരമാലയിലെ L ആകൃതിയിലുള്ള ക്രമീകരണം (ചിത്രം-5- ആദ്യമാതൃക)ഇതിലും രണ്ട്‌ ഭിത്തികള്‍ക്ക്‌ വശം ചേര്‍ന്ന് work top കൊടുക്കുന്നു ഒരു പാചകതട്ടിന്റെ അറ്റത്തായി റഫ്രജിറേറ്റര്‍ , ആ വശത്ത്‌ തന്നെ സിങ്ക്‌, മറുവശത്ത്‌ അടുപ്പ്‌. ഇതിന്റെ ഗുണം വീടിന്റെ മൊത്തം ട്രാഫിക്‌ ദിശകണക്കാക്കി വാതിലുകളും മറ്റും സ്ഥാപിക്കാം. അതുപോലെ കൂടുതല്‍ സ്ഥലം തടസ്സമില്ലാതെ കിട്ടുന്നു. തുടങ്ങിയവയൊക്കെയാണ്‌. പാചകത്തിനിടയിലുള്ള നടപ്പ്‌ വളരെയധികം കുറഞ്ഞുകിട്ടുമെന്നുള്ളത്‌ കൊണ്ട്‌ ഏറെ സ്വീകാര്യമായ മാതൃകയായിട്ടാണ്‌ L ക്രമീകരണത്തെ കാണുന്നത്‌.


ഈ ചിത്രം
പികാസ വെബ്ബില്‍

(ആദ്യം പറഞ്ഞ ഒരു വശം മാത്രമുള്ള ക്രമീകരണത്തെ ആംഗലേയ അക്ഷരമാലയിലെ I യുമായി ഉപമിക്കാം. ഇടനാഴി മാതൃക രണ്ട്‌ I പോലെയും. പിന്നെ L മാതൃകയും കണ്ടു. അപ്പോള്‍ I, L,..ഇനി U ആകാം)

കുറച്ച്‌ വലിയ അടുക്കളയ്ക്കാണ്‌U മാതൃക ഏറെ ചേരുക. ഒപ്പം അടുക്കളയ്ക്കകത്തേക്കും പുറത്തേക്കുമുള്ള വാതിലുകളുടെ വിന്യാസവും കാര്യമായി ഈ മാതൃകയെ സ്വാധീനിക്കും. കാണാന്‍ ഭംഗിയും ഒപ്പം ഉപയോഗപ്രദവുമായ മാതൃകയാണ്‌ U.(ചിത്രം-5 രണ്ടാം മാതൃക ) ധാരാളം സ്റ്റോറേജ്‌ സ്ഥലം, വിശാലമായ പാചകതട്ട്‌ എന്നീ ഗുണങ്ങളുണ്ട്‌. അതുപോലെ തന്നെ ഇത്രയും ക്യാബിനറ്റുകളും മറ്റുമൊരുക്കാനിടം കിട്ടുമെന്നതിനാല്‍ പ്രത്യേകിച്ച്‌ ഒരു സ്റ്റോര്‍ മുറി വേണമെന്നില്ലന്ന ലാഭവും.

പേര്‌ സൂചിപ്പിക്കുന്ന പോലെ നടുവില്‍ ഒരു island മാതൃകയില്‍ പാചകസ്ഥലം വരുന്നതാണ്‌ ദ്വീപ്‌ ക്രമീകരണം. ഇത്‌ U മാതൃകയുടെ കുറച്ച്‌ കൂടി വിപുലീകരിച്ച ക്രമീകരണം തന്നെയാണ്‌(ചിത്രം-6- ആദ്യ മാതൃക) സ്ഥല- ബഡ്ജറ്റ്‌ പരിമിതികളൊന്നുമില്ലാത്ത വീടിനു ചേരും, വളരെ സൗകര്യപ്രദമായ തരത്തില്‍ മൂന്ന് വശത്തുനിന്നും പാചകം ചെയ്യാവുന്ന തരം ക്രമീകരണം. നാലാമത്തെ വശം മിക്കവാറും ഭക്ഷണ മേശയായിട്ട്‌ കൂടി ഉപയോഗിക്കാവുന്നതരം work top ആയിട്ടാണ്‌ ചെയ്യുന്നത്‌.


ഈ ചിത്രം
പികാസ വെബ്ബില്‍

ഈ തരത്തിലുള്ള അഞ്ച്‌ മാതൃകകളെയും അടിസ്ഥാനപെടുത്തി മറ്റ്‌ പലരീതികളിലും സ്ഥലസൗകര്യവും , മുടക്കാനുള്ള പണവും വാതില്‍ തുറപ്പുകളുടെ വിന്യാസവും ഒക്കെ പരിഗണിച്ച്‌ മാറ്റങ്ങള്‍ വരുത്തുകയോ, ഒന്നിനോട്‌ ഒന്ന് ചേര്‍ത്ത്‌ പുതിയ ക്രമീകരണമാതൃകകള്‍ സൃഷ്ടിക്കുകയോ ആവാം. ഞങ്ങള്‍ സാധാരണ നിലയില്‍ ചെയ്യുന്ന ഒരു മാതൃകയാവട്ടെ ഇതിനുദാഹരണം.( ചിത്രം -6 രണ്ടാമത്തെത്‌) ഇത്‌ U മാതൃകയില്‍ ഒരു ഭക്ഷണമേശ (breakfast table)കൂടി ചേര്‍ത്ത്‌ മാറ്റം വരുത്തിയതാണ്‌. ഉപയോഗക്ഷമതയ്ക്കൊപ്പം, കുടുംബാംഗങ്ങള്‍ മാത്രമുള്ള സാഹചര്യത്തില്‍ അത്യാവശ്യം ഭക്ഷണം ഊണുമുറിലേക്കെടുക്കാതെ തന്നെ കഴിക്കുവാനും, വേണമെങ്കില്‍ പാചകത്തില്‍ ശ്രദ്ധിക്കുന്നതിനൊപ്പം കുട്ടികളെ പഠനത്തില്‍ സഹായിക്കുവാനുമൊക്കെ ഉതകുന്നവിധമാണിതിന്റെ ക്രമീകരണം. ദ്വീപ്‌ മാതൃകയുടെ അത്രയും സ്ഥലസൗകര്യവും വേണമെന്നില്ല. ഇതുപോലെ ഏതു വിധത്തിലും തരത്തിലുമുള്ള മാറ്റങ്ങള്‍ ഈ അടിസ്ഥാനമാതൃകകളില്‍ വരുത്തി വീടിനു ചേരുന്ന തരത്തിലുള്ളതാക്കി മാറ്റിയെടുക്കാവുന്നതേയുള്ളൂ.

പക്ഷേ ഏതു മാതൃകയായാലും പൊതുവായ ചില കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്‌. ഒന്നാമതായി ജനാലയുടെ സ്ഥാനം. ഞങ്ങള്‍ എപ്പോഴും പരിഗണിക്കുന്നത്‌ സിങ്കിന്റെ വശത്ത്‌ ജനാല വരുത്തുവാനാണ്‌. അടുപ്പിന്റെ നേരെ മുന്നിലോ വശത്തോ ജനാല വരുന്നത്‌ കാറ്റ്‌ അമിതമായി തീനാളത്തെ സ്വാധീനിക്കുവാനും അതുവഴികൂടുതല്‍ ഇന്ധനം നഷ്ടമാകുവാനുമിടയുണ്ടന്നത്‌ ഒരു കാരണം. മറ്റൊന്ന്, ജനാലയുടെ നേരെ മുന്നില്‍ സ്റ്റൗ കൊടുക്കുന്നത്‌, സ്റ്റൗവിനൊപ്പം വൈദ്യുത ചിമ്മിനി (ഇപ്പോഴത്തെ ട്രെന്‍റ്റ്‌ ആണല്ലോ) അഥവാ kitchen hood കൊടുക്കുവാന്‍ മതിയായ ഉയരം കിട്ടില്ല എന്ന അസൗകര്യം. ഇനി അഥവാ, ചിമ്മിനിയും വേണം, സ്റ്റൗവ്വിന്റെ മുന്നില്‍ തന്നെ ജനാലയും വേണമെന്നുണ്ടെങ്കില്‍, ജനാലയുടെ ഉയരം കുറയ്ക്കുക. അടുക്കളയ്ക്ക്‌ വേറെ ജനാല ഇല്ലങ്കില്‍ മതിയായ വീതി വര്‍ദ്ധിപ്പിക്കുവാന്‍ മറക്കരുത്‌ എന്നേയുള്ളൂ.( സാധാരണ നിലയില്‍ അടുക്കള ജനാലയുടെ ഉയരം 100സെ.മീ. ആയിരിക്കും. അത്‌ 60- 70 സെ.മീ ആയി കുറയ്ക്കുക, കാരണം മിക്ക ചിമ്മിനി നിര്‍മ്മാതാക്കളുടെയും സ്റ്റൗവില്‍ നിന്നുള്ള ഉയരക്രമീകരണം കൂടിയത്‌ 90-100 സെ.മീ ആണ്‌)

അടുക്കളയുടെ രൂപമാതൃക പോലെതന്നെ പ്രധാനമാണ്‌ വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള ഉയരക്രമീകരണം. ഉയരമധികമുള്ളവര്‍ക്ക്‌ താഴ്‌ന്ന പാചകതട്ടും, ഉയരമധികമില്ലാത്തവര്‍ക്ക്‌ ഒരുപാട്‌ ഉയര്‍ത്തിയ ഭിത്തിക്യാബിനറ്റുകളുമൊക്കെ ആയാസകരമാകുമെന്നതിനാല്‍ പാചകം ചെയ്യുന്ന ആളുടെ ഉയരം കണക്കാക്കി തന്നെവേണം ക്യാബിനറ്റുകളുടെയും, പാചകതട്ടിന്റെയും ഉയരം ക്രമീകരിക്കുവാന്‍. പാചകം ചെയ്യുന്ന ആളിന്റെ അര പൊക്കത്തില്‍ പാചകതട്ട്‌ കൊടുക്കുന്നതാണ്‌ സൗകര്യപ്രദമായി കണ്ടിട്ടുള്ളത്‌. ശരാശരി ഉയരമുള്ളവര്‍ക്ക്‌ വേണ്ടിയുള്ള ഉയര അളവുകള്‍ ചിത്രം 7 ആയി കൊടുത്തിരിക്കുന്നത്‌ ശ്രദ്ധിക്കുക( ഇതൊരു അടിസ്ഥാന മാതൃകമാത്രമാണ്‌)


ഈ ചിത്രം
പികാസ വെബ്ബില്‍

പാചകതട്ടിനും, മുകളിലത്തെ ക്യാബിനറ്റിനുമിടയിലുള്ള 40-45 സെ.മീ സ്ഥലം കാര്യക്ഷമമായി വീതികുറഞ്ഞ ചെറിയ തട്ടുകളൊക്കെ കൊടുത്താല്‍, ഭംഗിയുമുണ്ടാകും, ഒപ്പം അത്യാവശ്യ കറിപൊടികള്‍, ഉപ്പ്‌, മുതലായ പെട്ടന്ന് വേണ്ട സാമഗ്രികള്‍ കൈയ്യെത്തും ദൂരത്ത്‌ വെയ്ക്കുകയുമാവാം.
അടുക്കള വീടിന്റെ ഏത്‌ ഭാഗത്ത്‌ വേണമെന്നുള്ളത്‌ സാധാരണ വരുന്ന ചോദ്യമാണ്‌. മുന്‍ ഭാഗത്ത്‌ ആയാലും കുഴപ്പമില്ല (മുന്നിലേക്ക്‌ ഒരു ചെറുജനാല കൊടുത്താല്‍ ഗേറ്റിലാരെങ്കിലും വന്നാലും കാണാം) എന്ന അഭിപ്രായമാണ്‌ ഞങ്ങള്‍ക്ക്‌. വാസ്തു ശസ്ത്രപ്രകാരം കന്നിമൂല (കേരളത്തില്‍ തെക്ക്‌ പടിഞ്ഞാറ്‌)യില്‍ പാടില്ലന്നൊക്കെയുണ്ട്‌. അത്‌ കേരളത്തിലെ കാറ്റിന്റെ ഗതിയനുസരിച്ച്‌ ശരിയുമാണ്‌. അല്ലെങ്കില്‍ തെക്‌ക്‍പടിഞ്ഞാറു നിന്ന് വരുന്ന കാറ്റില്‍ അടുക്കളയില്‍ മീന്‍ പൊരിക്കുന്ന മണം അതിഥി മുറിയിലെത്തും. തെക്ക്‌ കിഴക്ക്‌ ഭാഗമാണ്‌(അഗ്‌നിമൂല) വാസ്തു ശാസ്ത്രപ്രകാരം അടുക്കളയ്ക്ക്‌ യോജിച്ചതായി പറയുന്നത്‌, എങ്കിലും കേരളത്തിന്റെ പ്രത്യേക ഭൂപ്രകൃതിയനുസരിച്ച്‌ വടക്ക്‌ കിഴക്കും (ഈശാനുകോണ്‍) അടുക്കളപണിയുന്നുണ്ട്‌.അതായത്‌ കിഴക്ക്‌ ദര്‍ശനം വേണമെന്നു സാരം, അതും നല്ലത്‌ തന്നെ, പുലര്‍കാലത്തെ ആദ്യ സൂര്യകിരണങ്ങള്‍ പതിക്കുന്ന അടുക്കള കൂടുതല്‍ വൃത്തിയും വെടിപ്പുമുള്ളതായിരിക്കുകതന്നെ ചെയ്യും.

അടുക്കളയോട്‌ ചേര്‍ന്ന് സ്റ്റോര്‍ മുറി, വര്‍ക്ക്‌ ഏരിയ എന്ന് വിളിക്കുന്ന മറ്റൊരു അടുക്കള തുടങ്ങിയവയൊക്കെ സ്ഥലസൗകര്യവും, ഒപ്പം ബഡ്ജറ്റുമൊക്കെ ആലോചിച്ച്‌ ചെയ്യേണ്ടതാണ്‌. ഇപ്പോഴത്തെ പുതിയ രീതി, ആദ്യ അടുക്കള കുറച്ച്‌ ചെറുത്‌, പക്ഷേ വളരെ ഭംഗിയായിക്രമീകരിച്ചത്‌, തുടര്‍ന്ന് ഒരു വിശാലമായ വര്‍ക്ക്‌ ഏരിയ അഥവാ രണ്ടാം അടുക്കള എന്നിങ്ങനെയൊക്കെയാണ്‌.ആധുനിക ഉപകരണങ്ങള്‍ ഒക്കെ ആദ്യ അടുക്കളയിലും, പാത്രം കഴുകാനുള്ള ആഴമേറിയ സിങ്ക്‌, വേണെമെങ്കില്‍ പുകയില്ലാത്ത ഒരടുപ്പ്‌ (വിറക്‌ കത്തിക്കുന്ന അടുപ്പില്‍ തന്നെ ചോറുവെയ്ക്കണമെന്നുള്ളവര്‍ക്ക്‌) തുടങ്ങിയ അടുക്കും ചിട്ടയിമില്ലാതാവുമെന്ന് പ്രതീക്ഷിക്കാവുന്നതൊക്കെ , തുണികഴുകുന്ന വാഷിംഗ്‌ മെഷീന്‍ ഉള്‍പ്പെടെ വര്‍ക്ക്‌ ഏരിയയില്‍ ഒരുക്കുന്നതാണ്‌ പുതിയ രീതികള്‍. വര്‍ക്ക്‌ ഏരിയയും ആദ്യ കിച്ചനും തമ്മില്‍ വാതില്‍ തുറപ്പുകളൊന്നുമില്ലാതെ , എന്നാല്‍ ആവശ്യമായ മറവോടെ ഒരുക്കുവാനും കഴിയും, ഇത്‌ ചെറിയ അടുക്കള എന്ന ദൃശ്യതലത്തെ മാറ്റിയെടുക്കുകയും ചെയ്യും.

ഭക്ഷണമുറിയിലേക്ക്‌ വാതിലുകള്‍ കൂടാതെ മറവുകളൊന്നുമില്ലാതെ തന്നെ തുറന്ന രീതിയിലുള്ള ആധുനിക അടുക്കള്‍ പുതിയ മലയാളിയുടെ അനുകരണശീലമാകുകയാണ്‌. പക്ഷേ നമ്മുടെ പാചകരീതികളും പാശ്ചാത്യ ഭക്ഷണരീതികളും തമ്മിലുള്ള അന്തരം മുഴച്ചു നില്‍ക്കുകയേയുള്ളൂ എന്നാണ്‌ തോന്നുന്നത്‌.

ആധുനിക അടുക്കളകള്‍ മാറിമറിയുന്ന വ്യാപാര ട്രന്റുകളുടെ പിടിയിലാണിന്ന്. മോഡുലാര്‍ അടുക്കളകളുടെയും, ആധുനിക ഉപകരണങ്ങളുടെയും തള്ളികയറ്റത്തില്‍ നഷ്ടപെടുന്ന ചില മൂല്യങ്ങളെങ്കിലുമുണ്ട്‌. ആര്‍ഭാടചിഹ്നങ്ങളാകുന്നു മിക്ക വീടുകളിലെയും അടുക്കളകള്‍.ഉപയോഗശൂന്യമായ വലിയ അടുക്കളകളെക്കാള്‍ നല്ലത്‌ ചെറുതും മനോഹരവും കാര്യക്ഷമവുമായ ചെറു അടുക്കളകള്‍ തന്നെയാണ്‌. ആധുനിക അടുക്കളകളെയും മോഡുലാര്‍ ഫിക്സിംഗുകളെയുമൊക്കെ വിശദമായി പരാമര്‍ശിക്കുന്നത്‌ വീടിന്റെ അകത്തള സജ്ജീകരണ കുറിപ്പുകളുടെ ഒപ്പം ഉള്‍പ്പെടുത്താമെന്ന് കരുതുന്നു.

സംശയങ്ങളും നിര്‍ദ്ദേശങ്ങളും ലേഖനങ്ങളെകുറിച്ചുള്ള അഭിപ്രായങ്ങളും തീര്‍ച്ചയായും എഴുതുക.

11.3.07

കിടപ്പുമുറി- കുളിമുറി - അടുക്കള - രൂപകല്‍പനയുടെ പ്രാഥമിക പരിഗണനകള്‍

കിടപ്പുമുറിയുടെ രൂപകല്‍പനയില്‍ പ്രഥമപരിഗണന വേണ്ടത്‌ കഴിഞ്ഞ കുറിപ്പില്‍ സൂചിപ്പിച്ചത് പോലെ മതിയായ കാറ്റും വെളിച്ചവും കടന്ന് വരാനുള്ള ഉപാധികളൊരുക്കുകയെന്നതിനു തന്നെ. കട്ടിലിനു ചുറ്റും ശരിയായ രീതിയിലുള്ള വായു സഞ്ചാരമുണ്ടാകുന്ന വിധത്തില്‍ ജാലകങ്ങള്‍ ക്രമീകരിക്കണം. ചിത്രം 1 ശ്രദ്ധിക്കുക. ആദ്യത്തെതില്‍ ഇരു ഭാഗത്തെയും ഭിത്തികള്‍ക്ക്‌ മദ്ധ്യഭാഗത്ത്‌ വരും വിധം3 + 3 , 6 പാളികളുടെ ജാലകങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു, ഫലമോ, വളരെ കുറഞ്ഞ്‌ ഭാഗത്ത്‌ മാത്രം , കൃത്യമായി പറഞ്ഞാല്‍ ആ ജാലകങ്ങള്‍ക്കിടയില്‍ വരുന്ന ഒരു മൂലയില്‍ മാത്രം വായു കിടന്ന് കറങ്ങാനിടവരുത്തുന്നു. അതില്‍ തന്നെയുള്ള അടുത്ത ചിത്രം നോക്കൂ, 3 പാളികള്‍ ഉള്ള ഒരു ജനാല ഒരു ഭിത്തിയുടെ മധ്യഭാഗത്തും , മറ്റൊരു 2 പാളിയുള്ള ജനാല അടുത്ത ഭിത്തിയുടെ ഒരു വശം ചേര്‍ത്തും ക്രമീകരിച്ചിരിക്കുന്നു. ആകെ 5 പാളികളെയുള്ളൂവെങ്കിലും വായുസഞ്ചാരത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുവാന്‍ കഴിഞ്ഞു. ഇത്‌ ഒന്നു കൂടി വിപുലീകരിച്ച്‌ രണ്ട്‌ പാളികളെ ഒറ്റപാളികളാക്കി തിരിച്ച്‌ രണ്ട്‌ ഭാഗത്ത്‌ വെച്ച്‌ കുറേകൂടി കാറ്റ്‌ ഉള്ളില്‍കടന്ന് പുറത്ത്‌ പോകാനുള്ള സാധ്യത ഉണ്ടാക്കിയെടുക്കാം. (ഒറ്റ പാളി ജനാലകള്‍ ചെലവ്‌ അധികരിപ്പിക്കുമെങ്കിലും സൌകര്യപ്രദമാണ് )
ഒരു വീട്ടിലെ മൂലകളില്‍ വരുന്ന കിടപ്പുമുറികള്‍ക്കേ ഈ സൗകര്യം കിട്ടുകയുള്ളൂവെങ്കില്‍ കൂടി പരമാവധി ഇത്തരത്തിലാക്കുന്നതിന്‌ ശ്രമിക്കാവുന്നതേയുള്ളൂ.ഈ ചിത്രംപികാസവെബ്ബില്‍

ജാലകങ്ങള്‍ക്ക്‌ അഭിമുഖമായി കട്ടില്‍ (ചിത്രം 1 -ആദ്യ മാതൃക) ഇടാതിരിക്കുയാവും നല്ലത്‌, അതുപോലെ വാതിലുകള്‍ തുറക്കുന്നതിനഭിമുഖമായും. സ്വീകരണമുറിയില്‍ നിന്നോ, ഊണുമുറിയില്‍ നിന്നു തന്നെയും നേരിട്ട്‌ ശ്രദ്ധപതിയാത്തവണ്ണം കിടപ്പുമുറിയുടെ വാതിലുകള്‍ ക്രമീകരിക്കുന്നത്‌ നന്നായിരിക്കും. കുളിമുറികള്‍ ആദ്യം കൊടുത്ത്‌ ഇടനാഴി രീതിയില്‍ (മിക്ക ഹോട്ടലുകളിലും കാണുന്ന രീതി)ചെയ്യുന്നത്‌ കൂടുതല്‍ സ്വകാര്യതയ്ക്കും കിടപ്പുമുറിയുടെ സ്ഥലം സൗകര്യമായി ഉപയോഗിക്കാനും നല്ലതാണ്‌. പക്ഷേ ചെറിയ മുറികള്‍ക്ക്‌ നല്ലതല്ല.

കിടപ്പുമുറികളില്‍ ആവശ്യത്തിന്‌ വാര്‍ഡ്രോബുകളും മറ്റും നിര്‍മ്മിക്കാനുള്ള സ്ഥലമൊരുക്കാന്‍ ആദ്യമേ ശ്രദ്ധിക്കുന്നത്‌ നല്ലത്‌. പുറം ഭിത്തിയില്‍ കഴിയുമെങ്കില്‍ അലമാരകള്‍ കൊടുക്കാതിരിക്കുക. പുറത്തെ ഈര്‍പ്പം കലര്‍ന്ന കാലാവസ്ഥയില്‍ അലമാരകളില്‍ സൂക്ഷിക്കുന്ന തുണികളിലേക്ക് നനവ് പടരുവാനും പൂപ്പല്‍ ഉണ്ടാകുവാനുമിടയാകും. കിടപ്പുമുറിയോട്‌ ചേര്‍ന്നുള്ള കുളിമുറിയുടെയും മറ്റും പ്ലംമ്പിംഗ്‌ ലൈനുകള്‍ പോകുന്ന ഭിത്തിയോട്‌ ചേര്‍ന്നും അലമാരകള്‍ കൊടുക്കുന്നത്‌ നല്ലതല്ല. വാര്‍ഡ്രോബിനോട്‌ ചേര്‍ന്ന് ഒരു ഡ്രെസ്സിംഗ്‌ സ്പേസോ അല്ലെങ്കില്‍ വാര്‍ഡ്രോബുകളുള്‍പ്പെടെ അതിനായി ഒരു ചെറിയ റൂം തന്നെയോ കൊടുക്കുന്നത്‌ ഇപ്പോള്‍ സാധാരണമാണ്‌. ഡ്രെസ്സിംഗ്‌ മുറിയായി കൊടുക്കുകയാണെങ്കില്‍ അതില്‍ നിന്നും കുളിമുറിയിലേക്ക്‌ വാതില്‍ കൊടുക്കുന്നതാവും (കിടപ്പുമുറി> ഡ്രെസ്സ് > കുളിമുറി എന്ന നിലയില്‍) നല്ലത്‌. ഇരുവശവും നിരനിരയായി ഷെല്‍ഫുകളൊക്കെ കൊടുക്കുന്ന പാശ്ചാത്യമാതൃകയിലുള്ള 'വാക്ക്‌ ഇന്‍ വാര്‍ഡ്രോബുകള്‍' ആണിപ്പോഴെത്തെ മറ്റൊരു രീതി.

ഇപ്പോള്‍ മിക്ക വീടുകളിലും ഒഴിവാക്കുന്നതാണെങ്കിലും, കിടപ്പുമുറികള്‍ക്കും മറ്റും വാതിലുയരത്തിനുമുകളില്‍ സ്ലാബ്‌ (ബെര്‍ത്ത്‌ സ്ലാബ്‌) കൊടുക്കുന്നുണ്ടങ്കില്‍ അത്‌ വാതിലിനു നേരെ മുകള്‍ ഭാഗത്ത്‌ (ചിത്രം 1 - 2/3 മാതൃക) കൊടുക്കുന്നതാവും നല്ലത്‌. വാതില്‍ തുറക്കുമ്പോള്‍ ഒരു തടസ്സം പോലെ ഒരു സ്ലാബ്‌ കാണുന്നത്‌ (ചിത്രം 1 - ഒന്നാമത്തെ മാതൃക) അഭംഗിയായിരിക്കും. ഈ സ്ലാബ്‌ വെറുതെ തുറന്ന് ഇടാതെ അടച്ചെടുക്കുന്നതാവും നല്ലത്‌, മിക്കയിടങ്ങളിലും വൃത്തിയാക്കാനാവാതെ പൊടിയുടെ സംഭരണം സ്ഥലം മാത്രമാണീ സ്ലാബുകള്‍. ചിലവീടുകളില്‍ മുറികളുടെ നാലുവശത്തും ഇതുപോലെ സ്ലാബുകള്‍ ചെയ്ത്‌ വെച്ചിരിക്കുന്നത്‌ എന്തിനാണെന്ന് ഇനിയും മനസ്സിലാവാത്ത ഒരു കാര്യമാണ്‌..!!

കുറച്ച്‌ വലിയ മുറിയാണെങ്കില്‍, അത്യാവശ്യം എഴുതുവാനുള്ള ഒരു മേശ,ഒന്നോ രണ്ടൊ ഒറ്റ സോഫയുമൊക്കെ അഭിരുചിക്കനുസരിച്ച്‌ ഒരുക്കാം, പക്ഷേ അതൊക്കെയും പ്രാഥമിക ഘട്ടത്തില്‍ തന്നെ ആലോചിച്ച്‌, അതിനനുസരിച്ച്‌ രൂപകല്‍പനചെയ്യുന്നത്‌ പിന്നീട്‌ അധികചെലവുകള്‍ വരുന്നത്‌ ഒഴിവാക്കാം.

പലപ്പോഴും കോണ്‍ക്രീറ്റ്‌ ചെയ്യുന്ന ദിവസം രാവിലെയാകും ഇലക്ട്രീഷനെ വിളിച്ച്‌ പൈപ്പിടുന്നതും ഫാനിന്റെ ഹൂക്ക്‌ പിടിപ്പിക്കുന്നതുമൊക്കെ. അപ്പോള്‍ ആലോചനയില്ലാതെ അയാള്‍ക്ക്‌ ഏറ്റവും സൗകര്യമായരീതിയില്‍ മുറികളുടെ മധ്യഭാഗത്ത്‌ ഹൂക്കും പൈപ്പും കൊണ്ടിടുന്നത്‌ മൂലമുണ്ടാകുന്ന അസൗകര്യം മിക്കവീടുകളുടെയും വലിയ കിടപ്പുമുറികളിലെ ഫാന്‍ മുറിയുടെ മധ്യഭാഗത്തും കട്ടില്‍ വേറേ ഏതെങ്കിലും മൂലയിലുമാകുന്നതായി കാണാവുന്നതാണ്‌. കട്ടിലിന്റെ സ്ഥാനമൊക്കെ കാലേകൂട്ടിതീരുമാനിക്കുന്നത്‌ കുറച്ചെങ്കിലും അസൗകര്യങ്ങള്‍ കുറയ്ക്കും.

കുളിമുറികളുടെ ക്രമീകരണത്തില്‍ പാലിക്കേണ്ട പ്രാഥമിക തത്വം നനയുവാനിടയുള്ള സ്ഥലവും നനയാന്‍ സാധ്യതയില്ലാത്ത ഇടവും (Wet area & Dry area) തമ്മില്‍ ഒരു സാങ്കല്‍പ്പിക വേര്‍തിരിക്കലാണ്‌. വാതിലിനടുത്തുള്ള സ്ഥലം Dry area ആയി കണക്കാക്കി കുളിക്കുന്നയിടം പരമാവധി അകലത്തില്‍ ക്രമീകരിക്കാന്‍ അത്ര ബുദ്ധിമുട്ടില്ലാത്ത കാര്യമാണ്. വാഷ്‌ ബേസിന്‍ , വെസ്റ്റേണ്‍ ക്ലോസറ്റ്‌ ആണങ്കില്‍ അത്‌, മുതലായവയാണ്‌ നനയാനിടയില്ലാത്ത സ്ഥലത്ത്‌ വരേണ്ടത്‌. അതു കഴിഞ്ഞ്‌ കുളിക്കുന്ന സ്ഥലം.(ചിത്രം 2) ഇന്ത്യന്‍ ക്ലോസറ്റ്‌ ആണെങ്കിലും ഒന്ന് ശ്രദ്ധിച്ചാല്‍ പരമാവധി നനവ്‌ കുളിമുറിയില്‍ പടരുന്നതും, കുളിക്കുന്ന വെള്ളം (സോപ്പുകലര്‍ന്ന വെള്ളം) ക്ലോസറ്റില്‍ വീഴുന്നതുമൊക്കെ ഒഴിവാക്കാനാകും.ഈ ചിത്രംപികാസവെബ്ബില്‍

കുറച്ച്‌ വലിയ കുളിമുറിയാണെങ്കില്‍ നനയുന്നയിടം പ്രത്യേകമായി തിരിച്ച്‌ ഷവര്‍ കര്‍ട്ടന്‍ ഒക്കെയിടാവുന്നതാണ്‌. അല്ലെങ്കില്‍ ഗ്ലാസ്സും അലുമിനിയമോ സ്റ്റീലോ ഒക്കെ ഉപയോഗിച്ച്‌ കുളിക്കുന്നസ്ഥലം വേര്‍തിരിച്ച്‌ തന്നെയാക്കാം. (ചിത്രം 3) ഇത്‌ നമ്മുടെ സ്ഥലപരിമിതിക്കനുസരിച്ച്‌ ചെയ്തെടുക്കുകയോ, റെഡിമേയ്ഡ്‌ ആയത്‌ വാങ്ങി ഫിറ്റ്‌ (ചെലവ്‌ നല്ലതു പോലെ ഉയരും) ചെയ്യുകയോ ആവാം. വെള്ളം തെറിക്കില്ലന്നത്‌ കൊണ്ട്‌ കുളിക്കുന്ന ഭാഗമൊഴികെയുള്ള ഭിത്തികള്‍ക്ക്‌ ടൈല്‍ ഒട്ടിക്കാതെ അഭിരുചിക്കനുസരണമായ നിറം കൊടുക്കുകയുമൊക്കെയാവാം . പക്ഷേ വലിയ ബാത്ത്‌ റൂമുകള്‍ക്കേ ഇത്‌ ചേരുകയുള്ളൂ.

ബാത്ത്‌ റൂമുകളൂടെ എണ്ണം, വലിപ്പം എന്നിവ ആകെയുള്ള നിര്‍മ്മാണ ചെലവില്‍ ഗണ്യമായ പ്രതിഫലനമുണ്ടാക്കും. കുളിക്കാനുള്ള ഇടം, ക്ലോസറ്റ്‌, വാഷ്‌ ബേസിന്‍ എന്നിവയടങ്ങുന്ന കുളിമുറിക്ക്‌ ഏറ്റവും കുറഞ്ഞത്‌ 6 അടി നീളവും 5 അടിയെങ്കിലും വീതിയും വേണം. വീതി കൂടുന്നതില്‍ വലിയ കാര്യമില്ല. നീളം 7.5 / 8 അടിയെങ്കിലുമുണ്ടങ്കിലേ ഷവര്‍ കര്‍ട്ടൊനൊക്കെയിട്ടാല്‍ അസൗകര്യമുണ്ടാവാതിരിക്കൂ. ബാത്ത്‌ ടബ്ബ്‌ കൊടുക്കുന്നതൊന്നും ഇപ്പോള്‍ ഫാഷനല്ലങ്കിലും ടബ്ബ്‌ കൊടുക്കുന്നയിടത്തെ വീതി ഏറ്റവും കുറഞ്ഞത്‌ 6 അടിയെങ്കിലുമുണ്ടായിരുന്നാലെ, വിപണിയില്‍ വാങ്ങാന്‍ കിട്ടുന്ന തരം ടബ്ബുകള്‍ ഉറപ്പിക്കുവാന്‍ കഴിയൂ എന്നറിയുക.ഈ ചിത്രംപികാസവെബ്ബില്‍

അത്യാവശ്യം റ്റോയ്‌ലറ്റ്‌ സാമഗ്രികള്‍, ടവലുകള്‍ മുതലായവ സൂക്ഷിക്കാനുള്ള കാബിനറ്റുകള്‍ ഒക്കെ നനവു തട്ടിയാലും കുഴപ്പമില്ലാത്ത തരം പി.വി.സി മുതലായവകൊണ്ട്‌ ഉണ്ടാക്കിയെടുക്കുകയോ വിപണിയില്‍ നിന്ന് വാങ്ങിഫിറ്റ്‌ ചെയ്യുകയോ ആവാം. ഒന്നിലധികം ബാത്ത്‌ റൂമുകള്‍ അടുത്തടുത്ത്‌ വരുന്ന വിധവും ,ഒന്നില്‍ തന്നെ ജല ഗമന നിര്‍ഗമന കുഴലുകളും മറ്റും ഒരേ നിരയില്‍ സ്ഥപിക്കുന്നതുമൊക്കെ ചെലവ്‌ ഗണ്യമായി കുറയ്ക്കും.

കുളിമുറിക്കുള്ളിലേക്കുള്ള ഒരു സ്വിച്ച്‌ പുറത്ത്‌ ബെഡ്‌റൂമിലാവുന്നതാവും രാത്രിയില്‍ ഉപയോഗിക്കാനുമൊക്കെ സൗകര്യം. അതുപോലെ പ്രകാശവും വായു സഞ്ചാരവുമൊക്കെ നല്ല രീതിയില്‍ നടക്കുന്ന വിധമാകണം കുളിമുറിയുടെ വെന്റിലേറ്ററിന്റെ സ്ഥാനവും വലിപ്പവും. പലയിടത്തും കണ്ടിട്ടുള്ളത്‌ മറ്റ്‌ ജനാലകള്‍ക്കൊക്കെ നല്ല വലിപ്പവും കുളിമുറികളുടെ വെന്റിലേറ്ററുകള്‍ വളരെ ചെറുതും (മിക്കപ്പോഴും ഇവ പുറകവശത്തായതിനാല്‍ ആരു കാണാന്‍ എന്ന മനോഭാവമാവും)ആയിട്ടാണ്‌. 90X60 സെന്റി മീറ്റര്‍ (3 അടി വീതി , രണ്ടടി ഉയരം) വലിപ്പമേ ആകാവൂ എന്ന് നിയമമൊന്നുമില്ല, കുളിമുറികളുടെ വലിപ്പമനുസരിച്ചുള്ള വെന്റിലേറ്റര്‍ അനിവാര്യമാണ്‌. പുറം ഭിത്തിയില്‍ മുകളില്‍ എയര്‍ഹോള്‍ കൊടുക്കുന്നതും , വാതില്‍ പാളിയുടെ താഴെ ഒരു ചെറിയ വിടവെങ്കിലും കൊടുക്കുന്നതും കുളിമുറിയ്ക്കുള്ളിലെ വായുസഞ്ചാരം സുഗമമാക്കും, അല്ലെങ്കില്‍ കുളിച്ച്‌ തോര്‍ത്തുമ്പോഴേക്കും വിയര്‍ത്ത്‌ കുളിച്ചിട്ടുണ്ടാവുമെന്നുറപ്പ്‌.

കന്നിമൂലയില്‍ (തെക്ക്‌ പടിഞ്ഞാറ്‌ )കുളിമുറിയും കക്കൂസുമൊന്നും കൊടുക്കാത്തതിനു കാരണമായി ഞങ്ങള്‍ക്ക്‌ തോന്നുന്നത്‌ നമ്മുറ്റെ നാട്ടിലെ കാറ്റിന്റെ ഗതിയനുസരിച്ചുള്ള ഒരു ക്രമീകരണമായിട്ടാണ്‌. ലഭ്യമായ തെക്കുപടിഞ്ഞാറന്‍ കാറ്റിനെ വെറുതെയെന്തിന്‌ കുളിമുറിയിലേക്ക്‌ മാത്രം കൊണ്ട്‌ വരണം. അതുപോലെ തന്നെ കുളിമുറിയുടെ സ്ഥാനം ഏത്‌ മൂലകളിലാവുന്നതും മറ്റ്‌ മുറികള്‍ക്ക്‌ അവശ്യം കിട്ടാനുള്ള കാറ്റും വെളിച്ചവും കുറയ്ക്കുവാന്‍ കാരണമാകുമെന്ന് തോന്നിയിട്ടുണ്ട്‌. കുളിമുറിക്ക്‌ ഒരു പുറം ഭിത്തി ധാരാളമാണ്‌, പക്ഷേ ഉറപ്പായിട്ടും അതുണ്ടാവുകയും വേണം.

ഒരു വീടിന്റെ ഫിനിഷിംഗ്‌ ചെലവില്‍ കാര്യമായ സ്വാധീനം ചെലുത്തുന്ന ഒന്നാണ്‌ അടുക്കള. പലപ്പോഴും, വെറുതെ വലിപ്പം കൂട്ടാന്‍ വേണ്ടി മാത്രമാണ്‌ മിക്ക അടുക്കളകളും പണിത് കണ്ടിട്ടുള്ളത്‌. ഉപയോഗക്ഷമമായ അടുക്കള കുടുംബിനിയുടെ സ്വത്താണ്‌, അതിന്റെ രൂപകല്‍പ്പനയില്‍ അവര്‍ക്കുള്ള പങ്ക്‌ വിസ്മരിക്കുന്നതില്‍ കാര്യമില്ല. ആരാണ്‌ ഉപയോഗിക്കുന്നത്‌ എന്നതിനനുസരിച്ചുള്ള ക്രമീകരണം വീട്ടിലെ ആഹാര ഫാക്ടറിയുടെ ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കും, ഉപയോഗിക്കുന്നവര്‍ക്ക് ആയാസരഹിതമായി പാചകം ആസ്വദിക്കുവാനുമാകും.

സ്ഥലപരിമിതി, വീടിന്റെ മറ്റ്‌ ഭാഗങ്ങളുമായുള്ള ബന്ധം,ബഡ്‌ജറ്റ്‌ എന്നിവയൊക്കെ അനുസരിച്ച്‌ അടുക്കളയുടെ രൂപകല്‍പന പലതരത്തിലും രൂപത്തിലുമാകാം. എങ്കിലും പ്രധാനമായും മൂന്ന് കേന്ദ്രങ്ങളെ -സംഭരണം, പാചകം, കഴുകല്‍ - തമ്മിലെ ഫലപ്രദമായിയോജിപ്പിക്കുന്നതിനാണ്‌ പ്രാഥമിക പരിഗണന നല്‍കാറുള്ളത്, ഒപ്പം വീട്ടമ്മയുടെ ഉയരത്തിനനുസരിച്ചുള്ള കാബിനറ്റുകള്‍, വര്‍ക്ക്‌ ടേബിള്‍ എന്നിവ ക്രമീകരിക്കുന്നതിനും.

(അടുക്കളയെകുറിച്ച് ഏറെ വിശദീകരണങ്ങളും ചിത്രങ്ങളും വേണമെന്നതിനാല്‍ അടുത്ത പോസ്റ്റിലേക്ക്.....

.........തുടരും)

17.2.07

വീടിന്റെ രൂപകല്‍പന- ശ്രദ്ധിക്കേണ്ട ചെറിയ വലിയ കാര്യങ്ങള്‍-1

മറ്റ്‌ എവിടെയൊക്കെ കറങ്ങിതിരിഞ്ഞ്‌ വന്നാലും സ്വന്തം വീട്‌ കുളിര്‍മ്മയേകുന്ന ഒരനുഭവമാകണമെന്നാഗ്രഹിക്കുന്നവരാണെല്ലാവരും. സ്വന്തം വീട്‌ നല്‍കുന്ന സ്വസ്ഥത, സുരക്ഷതിത്വം, സ്വകാര്യത തുടങ്ങിയവയൊക്കെ അനുഭവയോഗ്യമാകണമെങ്കില്‍ രൂപകല്‍പനാ വേളയില്‍ തന്നെ ശ്രദ്ധിക്കേണ്ട നിരവധി ചെറിയ വലിയ കാര്യങ്ങളുണ്ട്‌. നിങ്ങളുടെ ആവശ്യങ്ങള്‍ക്കും സൈറ്റിനുമനുസരിച്ച്‌ രൂപകല്‍പന ചെയ്യുന്ന ആര്‍ക്കിടെക്റ്റിന്റെ ജോലിയാണിതൊക്കെയെങ്കിലും, വീടുവെയ്കാന്‍ പോകുന്നവര്‍ക്കും ഇവയെകുറിച്ച്‌ ശരാശരി ധാരണയെങ്കിലും ഉണ്ടായിരിക്കേണ്ടത്‌ നല്ലതാണെന്ന് കരുതുന്നു.

വളരെ വിശാലമായ ഭൂമിയൊക്കെയാണെങ്കിലും സ്ഥലത്തിന്റെ ഒത്ത നടുക്ക്‌ വീടുവെയ്ക്കുന്നത്‌ അത്ര നല്ലതല്ല. ബാക്കിയുള്ള ഭൂമിയുടെ പിന്നീടുള്ള ഉപയോഗത്തിനുമൊക്കെ ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാവണം വീടിന്റെ സ്ഥാനം. പുതിയ രീതിയനുസരിച്ച്‌ മുന്‍ഭാഗത്ത്‌ അത്യാവശ്യം ഒരു ചെറു പൂന്തോട്ടമൊരുക്കാനുള്ള സ്ഥലം മാത്രം വിട്ട്‌, ബാക്കി സ്ഥലം പിന്‍ഭാഗത്ത്‌ വിടുന്നതാണ്‌ കണ്ടുവരുന്നത്‌ . വീടിന്റെ പിന്‍ ഭാഗം കാടുകയറികിടക്കട്ടെ എന്ന ചിന്താഗതിയൊക്കെ മാറി അടുക്കളയുടെ ഭാഗമായ പച്ചക്കറി തോട്ടം, സ്ഥലമധികമുണ്ടങ്കില്‍ വിശാലമായ പുല്‍ത്തകിടി, ഉദ്യാനം, തുടങ്ങിയവയ്ക്കായി ഉപയോഗിക്കുന്ന രീതിയാണിപ്പോള്‍. സ്വാകാര്യത വേണ്ടുവോളമുണ്ടാകുമെന്നത്‌ കൊണ്ട്‌ തന്നെ, അത്യാവശ്യം ഗാര്‍ഡന്‍ പാര്‍ട്ടികള്‍ക്കും മറ്റുമുപയോഗിക്കാമീ പിന്നാമ്പുറം. കുറച്ച്‌ സ്ഥലമേയുള്ളൂവെങ്കിലും ഒരു ചെറിയ അടുക്കളതോട്ടം, മഴവെള്ള സംഭരണി, മാലിന്യസംസ്കരണത്തിനും കമ്പോസ്റ്റ്‌ ഉണ്ടാക്കാനുമുള്ള ഇടം, താല്‍പര്യമുണ്ടെങ്കില്‍ ഒരു ചെറിയ ബയോഗ്യാസ്‌ പ്ലാന്റ്‌ തുടങ്ങിയവയ്ക്കെല്ലാമുള്ള സ്ഥലം വീടിന്റെ പിന്‍ഭാഗത്തുണ്ടങ്കില്‍ എത്ര നല്ലതാണ്‌. വീടിനുള്ളിലും മുന്‍ഭാഗത്തും വൃത്തിയും വെടിപ്പും കാത്തുസൂക്ഷിക്കുന്നതിനൊപ്പം പുറംഭാഗത്തേക്കും നമ്മുടെ കണ്ണും കൈയ്യുമെത്തണമെങ്കില്‍ അവിടെ എന്തെങ്കിലും പ്രവര്‍ത്തിയെടുക്കുവാനുള്ള ഇടം അത്യാവശ്യമാണെന്ന് കരുതുന്നു.

അകത്തളങ്ങള്‍ കാറ്റും വെളിച്ചവും യഥേഷ്ടം കടന്ന് വരുന്ന വിധത്തിലായാല്‍ തന്നെ ഒരുപാട്‌ അലങ്കാരങ്ങളൊ ഫര്‍ണിച്ചറുകളോ കൂടാതെ തന്നെ മനോഹരമായിരിക്കും.കേരളത്തിലെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്കനുസരിച്ച്‌ വീടിനുള്ളില്‍ ധാരാളം കാറ്റ്‌ കയറിയിറങ്ങണം ചൂട്‌ കുറഞ്ഞ്‌ കിട്ടാന്‍.വര്‍ഷം മുഴുവനും ഉയര്‍ന്നിരിക്കുന്ന ആപേക്ഷിക ആര്‍ദ്രത (relative humidity)യാണ്‌ കേരളത്തിലെ കാലാവസ്ഥയിലെ പ്രത്യേകത. വായുവിന്റെ ചെറുചലനം പോലും കുളിര്‍മ്മയേകുന്ന ഈ അവസ്ഥയില്‍ വീടിനുള്ളില്‍ വായുസഞ്ചാരം സുഗമമാക്കുകയെന്നതാവണം ഒന്നാമത്തെ രൂപകല്‍പനാ തത്വം.

വടക്ക്‌ പടിഞ്ഞാറ്‌, പടിഞ്ഞാറ്‌ ദിക്കുകളില്‍ നിന്നാണ്‌ കേരളത്തില്‍ മിക്കയിടത്തെയും കാറ്റിന്റെ ഗതിയെന്ന് കാണാം, ആ ദിശയിലാവണം വീടിന്റെ പ്രധാന ജനാലകളും മറ്റും. കാറ്റ്‌ വരുന്ന ഭാഗത്തെ ഭിത്തികളില്‍ എത്രമാത്രം തുറന്നിടാവുന്ന ജാലകങ്ങള്‍ കൊടുക്കാമോ, അത്രയും നന്നായി വീടിനുള്ളില്‍ കാറ്റോട്ടമുണ്ടാകും. അതുപോലെ ഇറങ്ങിപോകാനൊരു പഴുതെങ്കിലുമുണ്ടെങ്കിലേ കാറ്റ്‌ കടന്ന് വരൂ എന്നുമോര്‍ക്കുക. വായുകടന്നുവരുന്ന ചുമരുകള്‍ക്ക്‌ എതിരിലുള്ള ചുമരുകളില്‍ ഉയരത്തിലാണ്‌ ജാലകപഴുതുകള്‍ ഉണ്ടാക്കി കടത്തി വിടേണ്ടത്‌.(ചിത്രം-1) വീടിനുള്ളില്‍ എത്രയുമധികം മുറികള്‍ക്കും നേരിട്ടുള്ള ഈ വായു പ്രവാഹം എത്തിക്കുകയെന്നതും പ്രധാനമാണ്‌. ഭൂമിയുടെ പരിധിയാലും മുറികളുടെ എണ്ണം കൂടുന്നതിനാലും മറ്റും പലപ്പോഴും ഇത്‌ സാധ്യമാകാതെ വരും.

അപ്പോഴാണ്‌ അങ്കണം അഥവാ നടുമുറ്റ (courtyard) ത്തിന്റെ പ്രാധാന്യമേറുന്നത്‌. വളരെ ചെറുതാണെങ്കില്‍ പോലും മുകളിലേക്ക്‌ തുറന്ന് വായുസഞ്ചാരം സാധ്യമാക്കുന്ന തരത്തിലാണെങ്കില്‍ നടുമുറ്റങ്ങള്‍ ഉള്‍ത്തളങ്ങള്‍ക്ക്‌ അനുഗ്രഹമായി മാറും.ശരിയായ ഇടങ്ങളില്‍ സംവിധാനം ചെയ്തൊരുക്കുന്നതിലൂടെ ഭംഗി വര്‍ദ്ധിപ്പിക്കുന്ന ഒരു ഘടകമാകുകയും ചെയ്യും. ചൂടായ വായു മുകളിലേക്ക്‌ ഉയര്‍ന്ന് ബഹിര്‍ഗമിക്കുകയും ഒപ്പം ആ ഭാഗത്തേക്ക്‌ ജാലകതുറപ്പുകളിലൂടെ തണുത്ത വായു വന്ന് നിറയുന്ന ലഘുതത്വമാണ്‌ നടുമുറ്റങ്ങള്‍,പഴയ വീടുകളിലെ ചരിഞ്ഞ മേല്‍ക്കൂരയിലെ മുഖപ്പുകള്‍ തുടങ്ങിയവയൊക്ക പാലിക്കുന്നത്‌.(ചിത്രം 1)

കാറ്റ്‌ പോലെ തന്നെ പ്രധാനപ്പെട്ടതാണ്‌ സൂര്യതാപം. വീടിനകത്തെ താമസസുഖം പകല്‍ സമയത്തെ ഏറ്റവും ഉയര്‍ന്ന താപനിലയെ മാത്രമല്ല, അത്‌ അകത്തെ താപനിലയില്‍ വരുത്തുന്ന വ്യതിയാനങ്ങളെയും ആശ്രയിച്ചിരിക്കും.ചുമരുകളും മേല്‍ക്കൂരയും നല്‍കുന്ന മൊത്തം താപരോധനവും ഇവയുടെ താപ സംഭരണശേഷിയും മുറികള്‍ക്കുള്ളിലെ താപനിലയെ സ്വാധീനിക്കും.പകല്‍ ഭിത്തികളില്‍ സംഭരിക്കുന്ന താപം രാത്രിയില്‍ മുറികള്‍ക്കുള്ളിലേക്കാവും കടത്തിവിടുക.

പടിഞ്ഞാറ്‌ ഭാഗത്തെ മുറികളില്‍ രാത്രിയിലെ താപനില കൂടുതലായി കണ്ടിട്ടുണ്ട്‌, പരമാവധി ആ ദിക്കില്‍ കിടപ്പുമുറികള്‍ കൊടുക്കാതിരിക്കുന്നതാണ്‌ നല്ലത്‌.അതുപോലെ കൂടുതല്‍ സൂര്യതാപമേല്‍ക്കാനിടയുള്ള ഇടങ്ങളില്‍ ഭിത്തിക്ക്‌ ഷേഡുകള്‍ കൊടുക്കേണ്ടത്‌ അത്യാവശ്യമാണ്‌.സണ്‍ഷേഡ്‌ എന്നാണ്‌ പേരെങ്കിലും ജനാലയില്‍ മഴകൊള്ളാതിരിക്കാനുള്ള ഒരു ഉപാധിയായിട്ടാണ്‌ ഇവ സാധാരണ ഉപയോഗിച്ച്‌ കാണുന്നത്‌.പഴയ ചുറ്റ്‌ വരാന്തകളും തിണ്ണയും, അത്‌ സംരക്ഷിക്കുന്നതരത്തിലുള്ള മേല്‍ക്കൂരയുമൊക്കെ മഴയോടൊപ്പം സൂര്യതാപവും നേരിട്ട്‌ ഭിത്തികളില്‍ പതിയുന്നത്‌ തടഞ്ഞിരുന്നു.

ഏകദേശം 120 - 130 ചതുരശ്ര അടി വരെ വിസ്തീര്‍ണ്ണമുള്ള മുറികള്‍ക്ക്‌ 10 അടി ഉയരം മതിയാകും. പക്ഷേ അതിനുമുകളില്‍ വിസ്തീര്‍ണ്ണമുള്ള മുറികളുണ്ടങ്കില്‍ അവകൂടി കണക്കാക്കി വേണം മേല്‍ക്കൂരയുടെ ഉയരം നിര്‍ണ്ണയിക്കാന്‍. മുറികള്‍ക്ക്‌ ഉയരം കൂടുന്നത്‌ മൂലം നല്ല വിശാലത തോന്നിക്കുകയും ഒപ്പം ചൂട്‌ ഒരു പരിധിവരെ കുറയുകയും ചെയ്യും.ചെറിയമുറികള്‍ക്ക്‌ ഉയരം കൂട്ടുന്നത്‌ അരോചകവുമാണ്‌, ചിമ്മിനിയ്ക്കുള്ളില്‍ പെട്ട പ്രതീതിയാവും അതുണ്ടാക്കുക.

സിറ്റൗട്ട്‌ കണ്‍സെപ്റ്റ്‌ ഒക്കെ മാറി ഇപ്പോള്‍ നീളന്‍ വരാന്തയ്ക്കാണ്‌ സ്ഥാനം, അതുപോലെ പഴയ പൂമുഖം തിരിച്ചുവന്നിരിക്കുന്നു.മരത്തിന്റെ ചാരുപടിയും തൂണുകളുടെ നീണ്ടനിരയുമൊക്കെ വരാന്തകള്‍ക്ക്‌ ചാരുതയേകുന്നു.
ഒരു ഹാള്‍, കിടപ്പുമുറി, അടുക്കള, കുളിമുറികള്‍ എന്ന സാമാന്യധാരണയൊക്കെ മാറികഴിഞ്ഞു. ഇപ്പോള്‍ ചെറിയ വീടുകള്‍ക്കും സ്വീകരണമുറി, ഭക്ഷണമുറി, എന്നിവ പ്രത്യേകമായിതന്നെ കൊടുക്കുന്നു. കുറച്ച്‌ വലിയ വീടുകളില്‍ സ്വീകരണമുറി അതിഥികളെ സ്വീകരിക്കാന്‍ മാത്രമായും, കുടുംബാംഗങ്ങള്‍ക്ക്‌ ഒത്ത്‌ ചേരുവാനും, ടി.വി വെക്കാനുമൊക്കെയായി മറ്റൊരു ലിവിംഗ്‌ റൂം കൂടി ഉള്‍പ്പെടുത്താറുണ്ട്‌. ഇത്‌ പ്രധാന കിടപ്പുമുറിക്കും, അടുക്കളയ്ക്കുമൊക്കെ അടുത്താവുന്നതാണ്‌ നല്ലത്‌.

അതിഥികള്‍ക്കായുള്ള സ്വീകരണമുറി വളരെ വലുതാകുന്നതില്‍ കാര്യമില്ല, അതിഥികളോടൊപ്പം വളരെ അടുത്ത്‌ ഇരുന്ന് സംസാരിക്കുന്നതിന്‌ ഉചിതം ചെറിയ സ്വീകരണമുറിയാണ്‌, അല്ലാത്ത പക്ഷം രണ്ട്‌ സെറ്റ്‌ ഫര്‍ണിച്ചര്‍ ഇടേണ്ടിവരും. സ്വീകരണമുറിക്ക്‌ കുറച്ച്‌ ഔപചാരികത കൂടിയാലും കുഴപ്പമില്ല.ടി.വി കഴിയുമെങ്കില്‍ ഈ ഭാഗത്തേക്ക്‌ അടുപ്പിക്കാതിരിക്കുന്നതാണ്‌ നല്ലത്‌. അതിഥിയുമായി സംസാരിച്ചിരിക്കുമ്പോള്‍ കുട്ടികളും മറ്റും ഇടയില്‍ കൂടി കടന്ന് പോകുന്ന സാഹചര്യമുണ്ടാകരുത്‌ (ചിത്രം 2ശ്രദ്ധിക്കുക)വീടിന്റെ മൊത്തം 'ട്രാഫിക്ക്‌' ഒരു നേര്‍രേഖയിലായിരുന്നാല്‍ സ്ഥലം ലാഭിക്കാം, ഒപ്പം ഇടയില്‍ കൂടി കടക്കുന്നത്‌ ഒഴിവാക്കുകയും ചെയ്യാം.

സ്വീകരണമുറിയും ഊണ്‌മുറിയും തമ്മില്‍ വാതില്‍ കൊടുക്കാതെ തന്നെ പരമാവധി സ്വകാര്യത നല്‍കാന്‍ ശ്രമിക്കാവുന്നതേയുള്ളൂ. ഊണ്‌മേശയും ചുറ്റും കസേരകള്‍ക്കും മാത്രമല്ലാതെ കുറച്ചധികം സ്ഥലം വിടുന്നത്‌ നല്ലതാണ്‌, ഭക്ഷണം വിളമ്പാനും വൃത്തിയാക്കാനുമൊക്കെ ഇത്‌ സഹായകമാകും. ഊണുമുറിയില്‍ നിന്നാവുമല്ലോ, സാധാരണഗതിയില്‍ കിടപ്പുമുറികളിലേക്കും, അടുക്കളയിലേക്കും, മുകളില്‍ ഒരു നിലയുണ്ടങ്കില്‍ അതിലേക്കുള്ള സ്റ്റെയര്‍കേസുമൊക്കെ കൊടുക്കുക. അപ്പോള്‍, സീകരണമുറിയിലേക്കുള്ളതും ചേര്‍ത്ത്‌ രണ്ട്‌ ബെഡ്‌റൂമുള്ള വീടിന്റെ ഊണ്‌ മുറിയില്‍ നിന്നും 5 പ്രവേശനമാര്‍ഗങ്ങളായി, പിന്നെ ഊണ്‌മേശ, കസേരകള്‍..ഇതെല്ലാം കണക്കാക്കിവേണം ഊണുമുറിയുടെ രൂപകല്‍പന.(ചിത്രം 3) വാഷ്‌ ബേസിന്‍ നേരിട്ട്‌ കൊടുക്കാതെ ഊണ്‌മേശയില്‍ നിന്നും കുറച്ച്‌ മാറ്റികൊടുക്കുന്നതാവും ഉചിതം. പൊതു റ്റോയ്‌ലറ്റുണ്ടങ്കില്‍ അതിനോടനുബന്ധിച്ചാവും നല്ലത്‌.

സിറ്റൗട്ട്‌ അല്ലെങ്കില്‍ വരാന്തയില്‍ നിന്നു സ്വീകരണമുറിയും ഊണ്‌മുറിയും നേരിട്ട്‌ ബന്ധപ്പെടുത്താതെ ഒരു ഇടനാഴി സൃഷ്ടിച്ച്‌ അതിലൂടെയും ആവാം. ഫോയര്‍ എന്ന് പറയുന്ന ഈ ഇടം കുറച്ചധികം സ്വകാര്യതയും സൗകര്യവുമുണ്ടാക്കുമെങ്കിലും അതിനനുസരിച്ച്‌ മൊത്ത വിസ്തീര്‍ണ്ണവും അധികരിക്കും.

കിടക്കമുറി, കുളിമുറി,അടുക്കള മുതലായവയുടെ രൂപകല്‍പനയെക്കുറിച്ച്‌ അടുത്തതില്‍.

10.1.07

ഭവനനിര്‍മ്മാണത്തിനുള്ള തയ്യാറെടുപ്പ്‌.


വീടുവെയ്ക്കുവാനുള്ള സ്ഥലം തിരഞ്ഞെടുത്തുകഴിഞ്ഞു. ഇനി ആസൂത്രണം, ബഡ്‌ജറ്റുണ്ടാക്കല്‍, മൂലധന സമാഹരണം തുടങ്ങിയ നിരവധി കാര്യങ്ങള്‍. വര്‍ഷങ്ങളോളം ഒറ്റയ്ക്കും കൂട്ടായും കണ്ട സ്വപ്നങ്ങള്‍, ഫലപ്രാപ്തിയിലേക്കെത്തിയ്ക്കാന്‍ കടുത്ത പരിശ്രമം തന്നെ വേണ്ടിവരും.

നമ്മുടെ വീട്ടില്‍ നമുക്കെന്തല്ലാം വേണം, കുടുംബാംഗങ്ങള്‍ക്കെല്ലാം ഒരുപോലെ ഉപകാരപ്രദവും ഉല്ലാസകരവുമാവണമെങ്കില്‍ എന്തൊക്കെ ചെയ്യണം പുതുതായി വെക്കുന്ന വീട്ടില്‍, തുടങ്ങിയകാര്യങ്ങള്‍ കുടുംബമായിരുന്ന് കൂട്ടായി ചര്‍ച്ചചെയ്യുക. എല്ലാവരുടേയുമാവശ്യങ്ങള്‍ പരിഗണനയ്ക്ക്‌ വരട്ടെ. വീടിനെ കുറിച്ചുള്ള സ്വപ്നങ്ങള്‍ പങ്കുവെയ്ക്കുവാനുള്ളതുമാകണം ഈ ചര്‍ച്ചകള്‍.ആവശ്യങ്ങളും അത്യാവശ്യങ്ങളും തരം തിരിച്ചെടുക്കുക,(ചെലവുകുറയ്ക്കലിന്റെ ഒന്നാമത്തെ പാഠമാണീ തരംതിരിച്ചെടുക്കല്‍) പറ്റുമെങ്കില്‍ ഒക്കെയും പിന്നീട്‌ ഉപകാരപ്രദമാകും വിധം കുറിപ്പുകള്‍ എഴുതിയുണ്ടാക്കുന്നത്‌ നന്നായിരിക്കും.

ഈ സമയത്ത്‌ തന്നെ, അടുത്തിടെ പണികഴിപ്പിച്ച സുഹൃത്തുക്കളുടെ, ബന്ധുക്കളുടെ ഒക്കെ വീടുകള്‍ നിരീക്ഷണബുദ്ധിയോടെ സന്ദര്‍ശിക്കുന്നത്‌ പതിവാക്കുക. അത്‌ ആ വീടുകള്‍ പകര്‍ത്താനല്ല, മറിച്ച്‌ അവിടെയുള്ള നല്ലതും ചീത്തയുമായ കാര്യങ്ങള്‍ മനസ്സില്‍ പകര്‍ത്തികിട്ടുന്നത്‌ പിന്നീട്‌ പ്ലാനിംഗ്‌ സ്റ്റേജില്‍ പ്രയോജനപ്പെടും. ഒപ്പം പുതിയ ട്രന്റ്‌കളെക്കുറിച്ചും പുതിയ നിര്‍മ്മാണവസ്തുക്കളെക്കുറിച്ചുമുള്ള അവബോധമുണ്ടാകുകയും ചെയ്യും.

ഇതിനൊപ്പം തന്നെ ചെയ്യേണ്ടുന്ന മറ്റൊരു സംഗതിയാണ്‌ 'ബഡജറ്റിംഗ്‌'. വീടുണ്ടാക്കാന്‍ നമുക്ക്‌ എത്രരൂപ ചെലവാക്കാന്‍ കഴിയും, കയ്യിലുള്ളത്‌ എത്ര, വായ്പയെടുക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത്‌ എത്രയ്ക്ക്‌, തിരിച്ചടവിന്റെ കാലാവധി എത്രവര്‍ഷം, അതിന്റെ പലിശനിരക്കുകളുണ്ടാക്കാന്‍ സാധ്യതയുള്ള വരും വര്‍ഷങ്ങളിലെ അധികബാധ്യതകള്‍ തുടങ്ങിയ കാര്യങ്ങള്‍, ഒക്കെയും എഴുതിവെക്കുക. ബാങ്കുകളുടെയും മറ്റ്‌ ഭവനവായ്പ നല്‍കുന്ന ധനകാര്യ സ്ഥാപനങ്ങളുടെയും ആ സമയത്തെ പ്രത്യേകസ്കീമുകളെ കുറിച്ചൊക്കെ ഏകദേശധാരണ ഉണ്ടാക്കിയെടുക്കുക. ഇവിടങ്ങളില്‍ നിന്നും വായ്പയെടുത്തിട്ടുള്ള സുഹൃത്തുക്കളോടുമൊക്കെ തിരിച്ചടവിന്റെ രീതിയെക്കുറിച്ചും മറ്റും അന്വേഷിക്കുന്നത്‌ നന്നായിരിക്കും (ഹൗസിംഗ്‌ ലോണിനെ കുറിച്ച്‌ പിന്നീട്‌ വിശദമായി എഴുതാമെന്ന് കരുതുന്നു)

ഇപ്പോഴത്തെ നിര്‍മ്മാണസാമഗ്രികളുടെ വിലയും, ജോലിക്കൂലിയുമൊക്കെ അനുസരിച്ച്‌ സാധാരണ വീടുകള്‍ക്ക്‌ 400-500 രൂപയും, കുറച്ച്‌ കൂടി മുന്തിയതരം ഫിനിംഷിങ്ങിന്‌ 600 - 700 രൂപയും , വളരെ നല്ല രീതിയിലുള്ള ഫിനിഷ്‌ ചെയ്തെടുക്കണമെങ്കില്‍ 800-1000 രൂപയും അതിനുമുകളിലുമൊക്കെയാണ്‌ ഒരു ചതുരശ്ര അടി വിസ്തീര്‍ണത്തിനുള്ള നിര്‍മ്മാണചെലവുകള്‍. അടിസ്ഥാന രൂപത്തിനും (സ്ട്രക്ചര്‍ എന്ന് വിളിക്കുന്നത്‌) ഫിനിഷിംഗിനും ഏതാണ്ട്‌ 50% വീതം , സാധാരണനിലയിലുള്ള ഫൗണ്ടേഷനുമൊക്കെയാണങ്കില്‍ നിര്‍മ്മാണചെലവ്‌ കണക്കാക്കാം. പലപ്പോഴും ഫിനിഷിംഗ്‌ ജോലികള്‍ക്കാണ്‌ ചെലവേറുന്നതായി കണ്ടിട്ടുള്ളത്‌.(ഇതിനെ കുറിച്ചും പിന്നീട്‌ വിശദമാക്കാം)

നമുക്ക്‌ വേണ്ടതരം ഫിനിഷിങ്ങുമൊക്കെ കണക്കാക്കിയാല്‍ എത്ര ചതുരശ്ര അടിയുടെ വീട്‌ ഉദ്ദേശിക്കുന്ന ബഡജറ്റില്‍ വെക്കാനാവുമെന്ന് കണ്ടത്താം. അതുപോലെ തിരിച്ച്‌ ഇത്ര ചതുരശ്ര അടിയുടെ വീട്‌ എത്രരൂപയ്ക്കെന്നും. ഈ സമയത്ത്‌ ഏകദേശകണക്ക്‌ മതി, പക്ഷേ അതുണ്ടാവുക തന്നെ വേണം.

നിര്‍മ്മാണചെലവ്‌ കണക്കാക്കാന്‍ വീടിന്റെ വിസ്തീര്‍ണ്ണം പലപ്പോഴും തെറ്റായരീതിയിലാവും കണക്കാക്കുക. ഉദാഹരണത്തിന്‌ ഒരു ചെറിയ വീട്‌ (ചിത്രം ശ്രദ്ധിയ്ക്കുക) സ്വീകരണമുറി -120sq.ft, ഊണുമുറി-110sq.ft, കിടപ്പുമുറി- 120 sq.ft, അടുക്കള - 100sq.ft, കുളിമുറി-30sq.ft, ഒരു ചെറുവരാന്ത - 30sq.ft, ആകെ 510 sq.ft. പക്ഷേ ഇത്‌ മുറികള്‍ക്കുള്ളിലുള്ള അളവുകള്‍ക്കനുസൃതമായ വിസ്തീര്‍ണ്ണമാണ്‌. ഇതിനെ നമ്മള്‍ 'ഉള്ളളവ്‌' അഥവാ കാര്‍പെറ്റ്‌ ഏരിയ എന്നു വിളിക്കും.നിര്‍മ്മാണചെലവ്‌ കണക്കാക്കണമെങ്കില്‍ ചുവരുകളുടെയും മറ്റും അളവുകൂടി ഉള്‍പ്പെടുത്തി, 'കെട്ടളവ്‌' അല്ലെങ്കില്‍ പ്ലിന്ത്‌ ഏരിയ എടുത്താലെ മതിയാവുകയുള്ളൂ. മുറികളുടെ ഉള്‍വിസ്തീര്‍ണ്ണത്തിന്റെയൊപ്പം ഏകദേശം 18-20 ശതമാനമാണ്‌ ചുവരുകള്‍ കൂടിചേര്‍ത്തുകൊണ്ടുള്ള കെട്ടളവില്‍ അധികമായി വരിക. നമുക്ക്‌ ഇപ്പോ ഏകദേശകണക്ക്‌ മതിയെന്നതിനാല്‍ 20% തന്നെ കൂട്ടിയിടുക. അതായത്‌ 510+ 102 = 612 ചതുരശ്ര അടിയാണ്‌ ഈ വീടിന്റെ പ്ലിന്ത്‌ ഏരിയ. (കൃത്യമായി നോക്കിയാല്‍ ഈ വീടിന്റെ പ്ലിന്ത്‌ ഏരിയ 607 ചതുരശ്ര അടിയാണ്‌) അതുപോലെ വലിയ നീളന്‍ വരാന്തകള്‍, ചുവരുകളില്ലാതെയുള്ള പോര്‍ച്ച്‌, ബാല്‍ക്കണി മുതലായവയുടെയൊക്കെ 50-60% വിസ്തീര്‍ണ്ണമാത്രമേ നിര്‍മ്മാണചെലവ്‌ കണക്കാക്കുമ്പോള്‍ എടുക്കേണ്ടതുള്ളൂ. (കോണ്ട്രാക്റ്റ്‌ എടുത്ത്‌ പണിയുന്നവര്‍ ഇത്‌ ഒരിക്കലും സമ്മതിച്ച്‌ തരില്ലങ്കിലും) വിസ്തീര്‍ണ്ണം കണക്കാക്കുന്നതിലെ ഈ വ്യത്യാസങ്ങള്‍ പലപ്പോഴും മനസ്സിലാക്കാത്തത്‌ മൂലം നിര്‍മ്മാണചെലവ്‌ കണക്കാക്കുമ്പോള്‍, പ്രത്യേകിച്ച്‌ കുറച്ച്‌ വലിയവീടുകള്‍ക്ക്‌, കാര്യമായ വ്യതിയാനം വന്നുപെടാറുണ്ട്‌.

പുതിയ വീട്ടിലുണ്ടാകേണ്ടുന്ന സൗകര്യങ്ങളെക്കുറിച്ചും, ആവശ്യങ്ങളെക്കുറിച്ചും, ഒപ്പം അതിലേക്ക്‌ ചെലവാക്കാവുന്ന തുകയെക്കുറിച്ചുമൊക്കെ ഒരു ഏകദേശധാരണയായി കഴിഞ്ഞാല്‍ ഇനി വേണ്ടത്‌ ഒരു ആര്‍ക്കിടെക്റ്റിന്റെ അല്ലെങ്കില്‍ ബില്‍ഡിംഗ്‌ എഞ്ചിനീയറുടെ സേവനമാണ്‌. വലിയ വീടുകള്‍ക്ക്‌ മാത്രമേ ഇത്തരം പ്രൊഫഷണലുകളുടെ സേവനം ആവശ്യമായിവരുന്നുള്ളൂ എന്ന ധാരണയൊക്കെ ഇപ്പോ പാടെ മാറിയിരിക്കുന്നു. വളരെയധികം വാസ്തുശില്‍പ്പികള്‍ ഇന്ന് പ്രൊഫഷണല്‍ രംഗത്ത്‌ സജീവമായുണ്ട്‌, അതിനാല്‍ തന്നെ ഒന്നിലധികം പേരെ സമീപിക്കുകയോ, നേരത്തെ ചെയ്തിട്ടുള്ള വര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ നിര്‍ദ്ദേശം സ്വീകരിച്ച്‌ തിരഞ്ഞെടുക്കുകയോ ആവാം. പക്ഷേ അവര്‍ ചെയ്തിട്ടുള്ള കുറച്ച്‌ വീടുകള്‍, ഒപ്പം ചെയ്തുകൊണ്ടിരിക്കുന്ന വിവിധ സ്റ്റേജിലുള്ള വീടുകളും കാണുന്നതും അതാത്‌ ഉടമസ്ഥരോട്‌ സംസാരിക്കുന്നതും നന്നായിരിക്കും.

മിക്ക വാസ്തുശില്‍പ്പികളും അവരുടേതായ ശൈലിയും , നിര്‍മ്മാണരീതികളും ഒക്കെ അവലംബിക്കുന്നവരാകും. അത്‌ തീര്‍ച്ചയായും ഇഷ്ടപ്പെടുന്നുവെങ്കില്‍ മാത്രമേ അയാളെ തിരഞ്ഞെടുത്തിട്ട്‌ കാര്യമുള്ളൂ. ആര്‍ക്കിടെക്റ്റുമായുള്ള സുദൃഢമായുള്ള ആത്മബന്ധം, നിങ്ങളുടെ സ്വപ്നഭവനത്തിലേക്കുള്ള രൂപകല്‍പനാ ദൂരം വളരെ കുറയ്ക്കും. കുടുംബത്തിന്റെ മൊത്തം കാഴ്ചപ്പാടുകള്‍, സമീപനങ്ങള്‍, പെരുമാറ്റം, അംഗങ്ങളുടെ പ്രായം, ജോലി, താല്‍പര്യങ്ങള്‍ ഒക്കെ രൂപകല്‍പനയില്‍ കാര്യമായി സ്വാധീനം ചെലുത്തും. നിങ്ങളുടെ ആഗ്രഹങ്ങളും, സ്വപ്നങ്ങളും ആര്‍ക്കിടെക്റ്റിനോട്‌ തുറന്ന് തന്നെ പറയുക. ഒപ്പം ബഡ്‌ജറ്റും. നിങ്ങളുടെ ആവശ്യങ്ങളിലെ നല്ലതും ചീത്തയും തിരിച്ചറിഞ്ഞ്‌, അതു നിങ്ങളെ ബോധ്യപ്പെടുത്തി, വേണ്ട അളവില്‍, ലഭ്യമായ ഭൂമിയുടെയും സാമ്പത്തികത്തിന്റെയും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട്‌ കൂട്ടിയോജിപ്പിക്കുകയെന്നത്‌ ആര്‍ക്കിടെക്റ്റിന്റെ ജോലിയാണ്‌.

ചിലര്‍ ആവശ്യങ്ങള്‍ വരച്ച്‌ കൊണ്ട്‌ വരാറുണ്ട്‌, നല്ലത്‌ തന്നെയാണത്‌. പക്ഷേ അതുപോലെ തന്നെ വേണമെന്ന് ശഠിയ്ക്കുന്നത്‌ നല്ലതല്ലതാനും. അത്തരം സ്കെച്ചുകളിലെ നല്ല വശങ്ങള്‍ തീര്‍ച്ചയായും ആര്‍ക്കിടെക്റ്റ്‌ പരിഗണിയ്ക്കും (പരിഗണിയ്ക്കണം) അതുപോലെ മറ്റ്‌ ഏതെങ്കിലും വീടിന്റെ പ്ലാനുമായി സമീപിക്കുന്നവരുണ്ട്‌.അതേ പോലെ വെയ്ക്കാനോ, ചില്ലറ ചില മാറ്റങ്ങളുമായി നിര്‍മ്മിയ്കുവാനാണെങ്കില്‍ പോലും, അവര്‍ക്കാവശ്യം ഒരു ആര്‍ക്കിടെക്റ്റിനെയല്ല, മറിച്ച്‌ ബില്‍ഡര്‍ അഥവാ കോണ്ട്രാക്റ്ററെയാണ്‌. പലപ്പോഴും മറ്റ്‌ എവിടെയെങ്കിലുമുള്ള വീടുകളുടെ മാതൃക, അല്ലങ്കില്‍ 'ടൈപ്പ്‌ ഡിസൈന്‍' ഒരിക്കലും നിങ്ങളുടെ സൈറ്റിലേക്ക്‌ ചേരുന്നതാവണമെന്നില്ല; ആവശ്യങ്ങള്‍ യോജിച്ച്‌ പോയാലും. ഓരോരോ സൈറ്റിലേക്കും അവരവരുടെ അഭിരുചിയ്ക്ക്നുസൃതമായി രൂപകല്‍പന ചെയ്യിച്ചെടുക്കുന്നതാവും അഭികാമ്യം.

(അമേരിക്ക, ഇംഗ്ലണ്ട്‌ പോലുള്ള രാജ്യങ്ങളില്‍ വീടുകളുടെ ടൈപ്പ്‌ ഡിസൈന്‍ പുസ്തകങ്ങള്‍ ധാരാളമായുണ്ട്‌. അവ മിക്കതും മോഡുലാര്‍ രീതികളിലുള്ള നിര്‍മ്മാണസാമഗ്രികളും, നിര്‍മ്മാണരീതികളുമടങ്ങുന്ന പാക്കേജ്‌ ഡിസൈനുകളാണ്‌. നമ്മുടെ നാട്ടില്‍ മോഡുലര്‍ രീതികള്‍ വരണമെങ്കില്‍ ഇനിയും വര്‍ഷങ്ങള്‍ കഴിയും. പക്ഷേ , ഒരേപോലുള്ള നിരവധി വീടുകള്‍ ഉണ്ടാവുകയാവും ഫലമെങ്കിലും, നിര്‍മ്മാണചെലവില്‍ കാര്യമായ കുറവു വരാന്‍ കാരണമാകുകയും ചെയ്യും. )

നിങ്ങള്‍ക്ക്‌ വാസ്തുശാസ്ത്രപ്രകാരം വീടിന്റെ നിര്‍മ്മാണം നടത്തണമെന്നൊക്കെ ആഗ്രഹമുണ്ടങ്കില്‍ ആദ്യം തന്നെ ആര്‍ക്കിടെക്റ്റിനോട്‌ സൂചിപ്പിക്കുക.കാരണം രൂപകല്‍പനയുടെ സിംഹഭാഗവും പൂര്‍ത്തിയായശേഷം വാസ്തു കണ്‍സള്‍ട്ടിംഗിനൊക്കെ കൊണ്ടുപോകുന്നതും അതനുസരിച്ച്‌ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിക്കുന്നതും മിക്ക ആര്‍ക്കിടെക്റ്റുകളും പ്രോത്സാഹിപ്പിക്കാറില്ല, എന്ന് കരുതി ആദ്യമേ പറയുകയാണെങ്കില്‍ നിരുത്സാഹപെടുത്താറുമില്ല. കാരണം ആ വീടിന്റെ ഉടമസ്ഥനെന്ന നിലയില്‍ അതിനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്‌.

രൂപകല്‍പ്പനാ സമയത്ത്‌ തിരക്ക്‌ പിടിയ്ക്കാതെ , വളരെ സാവധാനം, സമാധാനപൂര്‍വ്വം, ആലോചിച്ച്‌ മാത്രം അതിന്റെ വിശദാംശങ്ങളിലേക്ക്‌ കടക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുക. നിങ്ങളുടെ അഭിരുചിയ്ക്കനുസൃതമായ ഡിസൈന്‍ ഉണ്ടാകുന്നത്‌ വരെ മാറ്റം വരുത്താന്‍ ആര്‍ക്കിടെക്റ്റ്‌ തയ്യാറാവണം.പ്ലാനുകളിലേയും മറ്റും മനസ്സിലാവാത്ത ഭാഗങ്ങള്‍ അയാളോട്‌ തുറന്ന് പറയുക. ത്രിമാനചിത്രങ്ങളിലൂടെയും, മാതൃകകളും ചിത്രങ്ങളും സഹിതം നിങ്ങളെ അത്‌ ബോധ്യപ്പെടുത്തിതരാന്‍ ആര്‍ക്കിടെക്റ്റ്‌ ബാധ്യസ്ഥനാണ്‌. പക്ഷേ ഏകദേശരൂപം, നിങ്ങളാവശ്യപ്പെടുന്ന സൗകര്യങ്ങളടക്കം ആയിക്കഴിഞ്ഞാല്‍, പിന്നീട്‌ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്‌ കെട്ടിടത്തിന്റെ ഉറപ്പിനെയും നിര്‍മ്മാണ ചെലവിനെയും കാര്യമായി ബാധിക്കുന്നതാകും.

വീടിന്റെ വിവിധഭാഗങ്ങളെകുറിച്ചും, ശരിയായരീതിയിലുള്ള പ്ലാനിംഗിനെക്കുറിച്ചുമെല്ലാം ഒരു ധാരണ ആര്‍ക്കിടെക്റ്റുമായുള്ള ചര്‍ച്ചയിലുണ്ടാവുന്നത്‌ ഇരുകൂട്ടര്‍ക്കും നല്ലതാണ്‌.അതേ കുറിച്ച് വിശദമായി അടുത്തതില്‍.

കുറിപ്പ് - 1

ഇതില്‍ ആര്‍ക്കിടെക്റ്റ്‌ എന്നു പരാമര്‍ശിച്ചിരിക്കുന്നത്‌ ഭാരത സര്‍ക്കാരിന്റെ ആര്‍ക്കിടെക്റ്റ്‌സ്‌ ആക്ട്‌ 1972 അനുസരിച്ച്‌ കൗണ്‍സില്‍ ഓഫ്‌ ആര്‍ക്കിടെക്ചര്‍, ന്യൂഡെല്‍ഹി എന്ന സ്ഥാപനത്തില്‍ റെജിസ്റ്റര്‍ ചെയ്ത്‌ പ്രവര്‍ത്തിക്കുന്നവരെ മാത്രമാണ്‌.

കുറിപ്പ് - 2

മുകളില്‍ വിസ്തീര്‍ണം പറഞ്ഞിരിക്കുന്നതെല്ലാം ചതുരശ്ര അടി (square feet)യിലാണ്‌. നാട്ടിലിപ്പോള്‍ ഔദ്യോഗികമായി പിന്തുടരുന്നത്‌ മീറ്റര്‍/സെന്റിമീറ്റര്‍ അളവുകളിലാണെങ്കിലും നിര്‍മ്മാണസ്ഥലത്ത്‌ പറയുന്നതും ഒക്കെ അടി/ ഇഞ്ച്‌ കണക്കിലാണ്‌. എത്ര സ്ക്വയര്‍ മീറ്റര്‍ വീടുവെച്ചു എന്നല്ല, എത്ര സ്ക്വയര്‍ഫീറ്റ്‌ വീടാണുണ്ടാക്കിയത്‌ എന്നാണിപ്പോഴും പരസ്പരം ചോദിക്കാറ്‌.
ചതുരശ്രമീറ്ററിനെ 10.76 കൊണ്ട്‌ ഗുണിച്ചാല്‍ ചതുരശ്ര അടിയാക്കാം. അതുപോലെ ചതുരശ്ര അടിയെ 0.093 കൊണ്ട്‌ ഗുണിച്ചാല്‍ ചതുരശ്ര മീറ്ററും കിട്ടും

കണ്‍സ്ട്രക്ഷന്‍ ജോക്ക്സ് :
ചില സ്ഥലങ്ങളില്‍ ബോര്‍ഡ്‌ കാണാറുണ്ട്‌ " കെട്ടിടങ്ങളുടെ പ്ലാന്‍, എസ്റ്റിമേറ്റ്‌, മുതലായവ ഡിസൈന്‍ ചെയ്ത്‌ കൊടുക്കും".പ്ലാന്‍ ഡിസൈന്‍ ചെയ്തോട്ടെ, എങ്ങിനാണാവോ എസ്റ്റിമേറ്റും ഡിസൈന്‍ ചെയ്യുക.!!