17.2.07

വീടിന്റെ രൂപകല്‍പന- ശ്രദ്ധിക്കേണ്ട ചെറിയ വലിയ കാര്യങ്ങള്‍-1

മറ്റ്‌ എവിടെയൊക്കെ കറങ്ങിതിരിഞ്ഞ്‌ വന്നാലും സ്വന്തം വീട്‌ കുളിര്‍മ്മയേകുന്ന ഒരനുഭവമാകണമെന്നാഗ്രഹിക്കുന്നവരാണെല്ലാവരും. സ്വന്തം വീട്‌ നല്‍കുന്ന സ്വസ്ഥത, സുരക്ഷതിത്വം, സ്വകാര്യത തുടങ്ങിയവയൊക്കെ അനുഭവയോഗ്യമാകണമെങ്കില്‍ രൂപകല്‍പനാ വേളയില്‍ തന്നെ ശ്രദ്ധിക്കേണ്ട നിരവധി ചെറിയ വലിയ കാര്യങ്ങളുണ്ട്‌. നിങ്ങളുടെ ആവശ്യങ്ങള്‍ക്കും സൈറ്റിനുമനുസരിച്ച്‌ രൂപകല്‍പന ചെയ്യുന്ന ആര്‍ക്കിടെക്റ്റിന്റെ ജോലിയാണിതൊക്കെയെങ്കിലും, വീടുവെയ്കാന്‍ പോകുന്നവര്‍ക്കും ഇവയെകുറിച്ച്‌ ശരാശരി ധാരണയെങ്കിലും ഉണ്ടായിരിക്കേണ്ടത്‌ നല്ലതാണെന്ന് കരുതുന്നു.

വളരെ വിശാലമായ ഭൂമിയൊക്കെയാണെങ്കിലും സ്ഥലത്തിന്റെ ഒത്ത നടുക്ക്‌ വീടുവെയ്ക്കുന്നത്‌ അത്ര നല്ലതല്ല. ബാക്കിയുള്ള ഭൂമിയുടെ പിന്നീടുള്ള ഉപയോഗത്തിനുമൊക്കെ ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാവണം വീടിന്റെ സ്ഥാനം. പുതിയ രീതിയനുസരിച്ച്‌ മുന്‍ഭാഗത്ത്‌ അത്യാവശ്യം ഒരു ചെറു പൂന്തോട്ടമൊരുക്കാനുള്ള സ്ഥലം മാത്രം വിട്ട്‌, ബാക്കി സ്ഥലം പിന്‍ഭാഗത്ത്‌ വിടുന്നതാണ്‌ കണ്ടുവരുന്നത്‌ . വീടിന്റെ പിന്‍ ഭാഗം കാടുകയറികിടക്കട്ടെ എന്ന ചിന്താഗതിയൊക്കെ മാറി അടുക്കളയുടെ ഭാഗമായ പച്ചക്കറി തോട്ടം, സ്ഥലമധികമുണ്ടങ്കില്‍ വിശാലമായ പുല്‍ത്തകിടി, ഉദ്യാനം, തുടങ്ങിയവയ്ക്കായി ഉപയോഗിക്കുന്ന രീതിയാണിപ്പോള്‍. സ്വാകാര്യത വേണ്ടുവോളമുണ്ടാകുമെന്നത്‌ കൊണ്ട്‌ തന്നെ, അത്യാവശ്യം ഗാര്‍ഡന്‍ പാര്‍ട്ടികള്‍ക്കും മറ്റുമുപയോഗിക്കാമീ പിന്നാമ്പുറം. കുറച്ച്‌ സ്ഥലമേയുള്ളൂവെങ്കിലും ഒരു ചെറിയ അടുക്കളതോട്ടം, മഴവെള്ള സംഭരണി, മാലിന്യസംസ്കരണത്തിനും കമ്പോസ്റ്റ്‌ ഉണ്ടാക്കാനുമുള്ള ഇടം, താല്‍പര്യമുണ്ടെങ്കില്‍ ഒരു ചെറിയ ബയോഗ്യാസ്‌ പ്ലാന്റ്‌ തുടങ്ങിയവയ്ക്കെല്ലാമുള്ള സ്ഥലം വീടിന്റെ പിന്‍ഭാഗത്തുണ്ടങ്കില്‍ എത്ര നല്ലതാണ്‌. വീടിനുള്ളിലും മുന്‍ഭാഗത്തും വൃത്തിയും വെടിപ്പും കാത്തുസൂക്ഷിക്കുന്നതിനൊപ്പം പുറംഭാഗത്തേക്കും നമ്മുടെ കണ്ണും കൈയ്യുമെത്തണമെങ്കില്‍ അവിടെ എന്തെങ്കിലും പ്രവര്‍ത്തിയെടുക്കുവാനുള്ള ഇടം അത്യാവശ്യമാണെന്ന് കരുതുന്നു.

അകത്തളങ്ങള്‍ കാറ്റും വെളിച്ചവും യഥേഷ്ടം കടന്ന് വരുന്ന വിധത്തിലായാല്‍ തന്നെ ഒരുപാട്‌ അലങ്കാരങ്ങളൊ ഫര്‍ണിച്ചറുകളോ കൂടാതെ തന്നെ മനോഹരമായിരിക്കും.കേരളത്തിലെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്കനുസരിച്ച്‌ വീടിനുള്ളില്‍ ധാരാളം കാറ്റ്‌ കയറിയിറങ്ങണം ചൂട്‌ കുറഞ്ഞ്‌ കിട്ടാന്‍.വര്‍ഷം മുഴുവനും ഉയര്‍ന്നിരിക്കുന്ന ആപേക്ഷിക ആര്‍ദ്രത (relative humidity)യാണ്‌ കേരളത്തിലെ കാലാവസ്ഥയിലെ പ്രത്യേകത. വായുവിന്റെ ചെറുചലനം പോലും കുളിര്‍മ്മയേകുന്ന ഈ അവസ്ഥയില്‍ വീടിനുള്ളില്‍ വായുസഞ്ചാരം സുഗമമാക്കുകയെന്നതാവണം ഒന്നാമത്തെ രൂപകല്‍പനാ തത്വം.

വടക്ക്‌ പടിഞ്ഞാറ്‌, പടിഞ്ഞാറ്‌ ദിക്കുകളില്‍ നിന്നാണ്‌ കേരളത്തില്‍ മിക്കയിടത്തെയും കാറ്റിന്റെ ഗതിയെന്ന് കാണാം, ആ ദിശയിലാവണം വീടിന്റെ പ്രധാന ജനാലകളും മറ്റും. കാറ്റ്‌ വരുന്ന ഭാഗത്തെ ഭിത്തികളില്‍ എത്രമാത്രം തുറന്നിടാവുന്ന ജാലകങ്ങള്‍ കൊടുക്കാമോ, അത്രയും നന്നായി വീടിനുള്ളില്‍ കാറ്റോട്ടമുണ്ടാകും. അതുപോലെ ഇറങ്ങിപോകാനൊരു പഴുതെങ്കിലുമുണ്ടെങ്കിലേ കാറ്റ്‌ കടന്ന് വരൂ എന്നുമോര്‍ക്കുക. വായുകടന്നുവരുന്ന ചുമരുകള്‍ക്ക്‌ എതിരിലുള്ള ചുമരുകളില്‍ ഉയരത്തിലാണ്‌ ജാലകപഴുതുകള്‍ ഉണ്ടാക്കി കടത്തി വിടേണ്ടത്‌.(ചിത്രം-1) വീടിനുള്ളില്‍ എത്രയുമധികം മുറികള്‍ക്കും നേരിട്ടുള്ള ഈ വായു പ്രവാഹം എത്തിക്കുകയെന്നതും പ്രധാനമാണ്‌. ഭൂമിയുടെ പരിധിയാലും മുറികളുടെ എണ്ണം കൂടുന്നതിനാലും മറ്റും പലപ്പോഴും ഇത്‌ സാധ്യമാകാതെ വരും.

അപ്പോഴാണ്‌ അങ്കണം അഥവാ നടുമുറ്റ (courtyard) ത്തിന്റെ പ്രാധാന്യമേറുന്നത്‌. വളരെ ചെറുതാണെങ്കില്‍ പോലും മുകളിലേക്ക്‌ തുറന്ന് വായുസഞ്ചാരം സാധ്യമാക്കുന്ന തരത്തിലാണെങ്കില്‍ നടുമുറ്റങ്ങള്‍ ഉള്‍ത്തളങ്ങള്‍ക്ക്‌ അനുഗ്രഹമായി മാറും.ശരിയായ ഇടങ്ങളില്‍ സംവിധാനം ചെയ്തൊരുക്കുന്നതിലൂടെ ഭംഗി വര്‍ദ്ധിപ്പിക്കുന്ന ഒരു ഘടകമാകുകയും ചെയ്യും. ചൂടായ വായു മുകളിലേക്ക്‌ ഉയര്‍ന്ന് ബഹിര്‍ഗമിക്കുകയും ഒപ്പം ആ ഭാഗത്തേക്ക്‌ ജാലകതുറപ്പുകളിലൂടെ തണുത്ത വായു വന്ന് നിറയുന്ന ലഘുതത്വമാണ്‌ നടുമുറ്റങ്ങള്‍,പഴയ വീടുകളിലെ ചരിഞ്ഞ മേല്‍ക്കൂരയിലെ മുഖപ്പുകള്‍ തുടങ്ങിയവയൊക്ക പാലിക്കുന്നത്‌.(ചിത്രം 1)

കാറ്റ്‌ പോലെ തന്നെ പ്രധാനപ്പെട്ടതാണ്‌ സൂര്യതാപം. വീടിനകത്തെ താമസസുഖം പകല്‍ സമയത്തെ ഏറ്റവും ഉയര്‍ന്ന താപനിലയെ മാത്രമല്ല, അത്‌ അകത്തെ താപനിലയില്‍ വരുത്തുന്ന വ്യതിയാനങ്ങളെയും ആശ്രയിച്ചിരിക്കും.ചുമരുകളും മേല്‍ക്കൂരയും നല്‍കുന്ന മൊത്തം താപരോധനവും ഇവയുടെ താപ സംഭരണശേഷിയും മുറികള്‍ക്കുള്ളിലെ താപനിലയെ സ്വാധീനിക്കും.പകല്‍ ഭിത്തികളില്‍ സംഭരിക്കുന്ന താപം രാത്രിയില്‍ മുറികള്‍ക്കുള്ളിലേക്കാവും കടത്തിവിടുക.

പടിഞ്ഞാറ്‌ ഭാഗത്തെ മുറികളില്‍ രാത്രിയിലെ താപനില കൂടുതലായി കണ്ടിട്ടുണ്ട്‌, പരമാവധി ആ ദിക്കില്‍ കിടപ്പുമുറികള്‍ കൊടുക്കാതിരിക്കുന്നതാണ്‌ നല്ലത്‌.അതുപോലെ കൂടുതല്‍ സൂര്യതാപമേല്‍ക്കാനിടയുള്ള ഇടങ്ങളില്‍ ഭിത്തിക്ക്‌ ഷേഡുകള്‍ കൊടുക്കേണ്ടത്‌ അത്യാവശ്യമാണ്‌.സണ്‍ഷേഡ്‌ എന്നാണ്‌ പേരെങ്കിലും ജനാലയില്‍ മഴകൊള്ളാതിരിക്കാനുള്ള ഒരു ഉപാധിയായിട്ടാണ്‌ ഇവ സാധാരണ ഉപയോഗിച്ച്‌ കാണുന്നത്‌.പഴയ ചുറ്റ്‌ വരാന്തകളും തിണ്ണയും, അത്‌ സംരക്ഷിക്കുന്നതരത്തിലുള്ള മേല്‍ക്കൂരയുമൊക്കെ മഴയോടൊപ്പം സൂര്യതാപവും നേരിട്ട്‌ ഭിത്തികളില്‍ പതിയുന്നത്‌ തടഞ്ഞിരുന്നു.

ഏകദേശം 120 - 130 ചതുരശ്ര അടി വരെ വിസ്തീര്‍ണ്ണമുള്ള മുറികള്‍ക്ക്‌ 10 അടി ഉയരം മതിയാകും. പക്ഷേ അതിനുമുകളില്‍ വിസ്തീര്‍ണ്ണമുള്ള മുറികളുണ്ടങ്കില്‍ അവകൂടി കണക്കാക്കി വേണം മേല്‍ക്കൂരയുടെ ഉയരം നിര്‍ണ്ണയിക്കാന്‍. മുറികള്‍ക്ക്‌ ഉയരം കൂടുന്നത്‌ മൂലം നല്ല വിശാലത തോന്നിക്കുകയും ഒപ്പം ചൂട്‌ ഒരു പരിധിവരെ കുറയുകയും ചെയ്യും.ചെറിയമുറികള്‍ക്ക്‌ ഉയരം കൂട്ടുന്നത്‌ അരോചകവുമാണ്‌, ചിമ്മിനിയ്ക്കുള്ളില്‍ പെട്ട പ്രതീതിയാവും അതുണ്ടാക്കുക.

സിറ്റൗട്ട്‌ കണ്‍സെപ്റ്റ്‌ ഒക്കെ മാറി ഇപ്പോള്‍ നീളന്‍ വരാന്തയ്ക്കാണ്‌ സ്ഥാനം, അതുപോലെ പഴയ പൂമുഖം തിരിച്ചുവന്നിരിക്കുന്നു.മരത്തിന്റെ ചാരുപടിയും തൂണുകളുടെ നീണ്ടനിരയുമൊക്കെ വരാന്തകള്‍ക്ക്‌ ചാരുതയേകുന്നു.
ഒരു ഹാള്‍, കിടപ്പുമുറി, അടുക്കള, കുളിമുറികള്‍ എന്ന സാമാന്യധാരണയൊക്കെ മാറികഴിഞ്ഞു. ഇപ്പോള്‍ ചെറിയ വീടുകള്‍ക്കും സ്വീകരണമുറി, ഭക്ഷണമുറി, എന്നിവ പ്രത്യേകമായിതന്നെ കൊടുക്കുന്നു. കുറച്ച്‌ വലിയ വീടുകളില്‍ സ്വീകരണമുറി അതിഥികളെ സ്വീകരിക്കാന്‍ മാത്രമായും, കുടുംബാംഗങ്ങള്‍ക്ക്‌ ഒത്ത്‌ ചേരുവാനും, ടി.വി വെക്കാനുമൊക്കെയായി മറ്റൊരു ലിവിംഗ്‌ റൂം കൂടി ഉള്‍പ്പെടുത്താറുണ്ട്‌. ഇത്‌ പ്രധാന കിടപ്പുമുറിക്കും, അടുക്കളയ്ക്കുമൊക്കെ അടുത്താവുന്നതാണ്‌ നല്ലത്‌.

അതിഥികള്‍ക്കായുള്ള സ്വീകരണമുറി വളരെ വലുതാകുന്നതില്‍ കാര്യമില്ല, അതിഥികളോടൊപ്പം വളരെ അടുത്ത്‌ ഇരുന്ന് സംസാരിക്കുന്നതിന്‌ ഉചിതം ചെറിയ സ്വീകരണമുറിയാണ്‌, അല്ലാത്ത പക്ഷം രണ്ട്‌ സെറ്റ്‌ ഫര്‍ണിച്ചര്‍ ഇടേണ്ടിവരും. സ്വീകരണമുറിക്ക്‌ കുറച്ച്‌ ഔപചാരികത കൂടിയാലും കുഴപ്പമില്ല.ടി.വി കഴിയുമെങ്കില്‍ ഈ ഭാഗത്തേക്ക്‌ അടുപ്പിക്കാതിരിക്കുന്നതാണ്‌ നല്ലത്‌. അതിഥിയുമായി സംസാരിച്ചിരിക്കുമ്പോള്‍ കുട്ടികളും മറ്റും ഇടയില്‍ കൂടി കടന്ന് പോകുന്ന സാഹചര്യമുണ്ടാകരുത്‌ (ചിത്രം 2ശ്രദ്ധിക്കുക)വീടിന്റെ മൊത്തം 'ട്രാഫിക്ക്‌' ഒരു നേര്‍രേഖയിലായിരുന്നാല്‍ സ്ഥലം ലാഭിക്കാം, ഒപ്പം ഇടയില്‍ കൂടി കടക്കുന്നത്‌ ഒഴിവാക്കുകയും ചെയ്യാം.

സ്വീകരണമുറിയും ഊണ്‌മുറിയും തമ്മില്‍ വാതില്‍ കൊടുക്കാതെ തന്നെ പരമാവധി സ്വകാര്യത നല്‍കാന്‍ ശ്രമിക്കാവുന്നതേയുള്ളൂ. ഊണ്‌മേശയും ചുറ്റും കസേരകള്‍ക്കും മാത്രമല്ലാതെ കുറച്ചധികം സ്ഥലം വിടുന്നത്‌ നല്ലതാണ്‌, ഭക്ഷണം വിളമ്പാനും വൃത്തിയാക്കാനുമൊക്കെ ഇത്‌ സഹായകമാകും. ഊണുമുറിയില്‍ നിന്നാവുമല്ലോ, സാധാരണഗതിയില്‍ കിടപ്പുമുറികളിലേക്കും, അടുക്കളയിലേക്കും, മുകളില്‍ ഒരു നിലയുണ്ടങ്കില്‍ അതിലേക്കുള്ള സ്റ്റെയര്‍കേസുമൊക്കെ കൊടുക്കുക. അപ്പോള്‍, സീകരണമുറിയിലേക്കുള്ളതും ചേര്‍ത്ത്‌ രണ്ട്‌ ബെഡ്‌റൂമുള്ള വീടിന്റെ ഊണ്‌ മുറിയില്‍ നിന്നും 5 പ്രവേശനമാര്‍ഗങ്ങളായി, പിന്നെ ഊണ്‌മേശ, കസേരകള്‍..ഇതെല്ലാം കണക്കാക്കിവേണം ഊണുമുറിയുടെ രൂപകല്‍പന.(ചിത്രം 3) വാഷ്‌ ബേസിന്‍ നേരിട്ട്‌ കൊടുക്കാതെ ഊണ്‌മേശയില്‍ നിന്നും കുറച്ച്‌ മാറ്റികൊടുക്കുന്നതാവും ഉചിതം. പൊതു റ്റോയ്‌ലറ്റുണ്ടങ്കില്‍ അതിനോടനുബന്ധിച്ചാവും നല്ലത്‌.

സിറ്റൗട്ട്‌ അല്ലെങ്കില്‍ വരാന്തയില്‍ നിന്നു സ്വീകരണമുറിയും ഊണ്‌മുറിയും നേരിട്ട്‌ ബന്ധപ്പെടുത്താതെ ഒരു ഇടനാഴി സൃഷ്ടിച്ച്‌ അതിലൂടെയും ആവാം. ഫോയര്‍ എന്ന് പറയുന്ന ഈ ഇടം കുറച്ചധികം സ്വകാര്യതയും സൗകര്യവുമുണ്ടാക്കുമെങ്കിലും അതിനനുസരിച്ച്‌ മൊത്ത വിസ്തീര്‍ണ്ണവും അധികരിക്കും.

കിടക്കമുറി, കുളിമുറി,അടുക്കള മുതലായവയുടെ രൂപകല്‍പനയെക്കുറിച്ച്‌ അടുത്തതില്‍.