5.4.07

വീടും പ്ലാനും - 1

ഇത്‌ തിരുവനന്തപുരത്ത്‌ ഒരു വര്‍ഷം മുന്‍പ്‌ പണിതീര്‍ത്ത ഒരു വീട്‌. ഒരുപാട് പ്രത്യേകതകളോ , ഗിമ്മിക്കുകളോ ഒന്നും കൂടാതെ ചെയ്ത ഒരു സാധാരണ വീട്. വീടും പ്ലാനും പോസ്റ്റുകളിലെ ആദ്യത്തേത്

അധികം ആഡംബരങ്ങള്‍ വേണ്ട, ലളിതമായ പ്ലാന്‍ ആവണം,മഴവെള്ളം ധാരാളമായി വീഴാവുന്ന നടുമുറ്റം വേണം; എന്നാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാവരുത്‌,ബാത്ത്‌ അറ്റാച്‍ഡ് ആയ 3 കിടപ്പുമുറികള്‍ തല്‍ക്കാലം, എന്നാല്‍ ഒരെണ്ണം പിന്നീട്‌ കൂട്ടിചേര്‍ക്കാന്‍ കഴിയണം, പക്ഷേ അത്‌ പിന്നീട് മുഴച്ചു നില്‍ക്കരുത്‌, അടുക്കള വലിപ്പം വേണം, സ്റ്റോര്‍, പൂജ, തീര്‍ച്ചയായും വേണം ഇതൊക്കെയായിരുന്നു പ്രധാന ആവശ്യങ്ങള്‍. അത്‌ അനുസരിച്ച്‌ തയ്യാറാക്കിയ മൂന്നാമത്തെ പ്ലാന്‍ ആണിത്‌.


ആദ്യ പ്ലാനില്‍ നിന്ന് , വളരെയധികം യാത്രകള്‍ ചെയ്യുന്ന ആളായതിനാലുള്ള സുരക്ഷാപ്രശ്നങ്ങള്‍, അത്ര വലിയ മുറികള്‍ അല്ലാത്തതിനാല്‍ വെള്ളം തെറിച്ച്‌ വീഴാനുള്ള സാധ്യത എന്നിവ കണക്കിലെടുത്ത്‌ അകത്തായിരുന്ന നടുമുറ്റത്തിനെ പുറത്ത്‌ ആക്കികൊണ്ടുള്ള ആശയം അവതരിപ്പിക്കുകയും അത്‌ ഏകദേശം തീരുമാനമാകുകയും ചെയ്തു. അങ്ങിനെ രണ്ടാമത്‌ തയ്യാറാക്കിയ പ്ലാന്‍ അവര്‍ക്ക്‌ ഇഷ്ടപ്പെട്ടെങ്കിലും വാസ്തു കണ്‍സള്‍ട്ടേഷനു പോയി വന്നപ്പോഴേക്കും ചില ചില്ലറമാറ്റങ്ങള്‍. ഊണുമുറിയോട്‌ ചേര്‍ത്ത്‌ കൊടുത്തിരുന്ന പൂജ സ്വീകരണമുറിയുടെ കോണിലേക്ക്‌ മാറ്റേണ്ടിവന്നു. ഒപ്പം, അടുക്കള നീളം കൂട്ടി വീട്‌ ആകെ ഒരു പെട്ടിയുടെ ആകൃതിയിലേക്ക്‌ മാറ്റേണ്ടിയും വന്നു. അതുപോലെ പുറമേ നിന്ന് പ്രവേശിക്കുന്നത് കിഴക്ക് ദിശയില്‍ നിന്ന് തന്നെ വേണം എന്നും പറഞ്ഞിരുന്നു. വീടിന്‍റെ തെക്ക് ഭാഗത്തിനു സമാന്തരമായിട്ടാണ് റോഡ്. അതനുസരിച്ചും ചില മാറ്റങ്ങള്‍ വേണ്ടിവന്നു.

മൂന്നാമത്തെ ഈ പ്ലാനുകള്‍, താഴത്തെയും മുകളിലത്തെയും നിലകളുടേത് എന്തായാലും പണിതീരുന്നത്‌ വരെ യാതൊരു മാറ്റവും കൂടാതെ തുടര്‍ന്നു. മുന്‍‍കാഴ്ച (front elevation) നേരത്തെ കൂട്ടി വരച്ച് കൊടുത്തിരുന്നില്ല. ( പ്ലാനിന് പ്രാമുഖ്യം കൊടുത്ത് കൊണ്ടുള്ള ഒരു രീതിയാണ് ഞങ്ങള്‍ പിന്തുടരുന്നത് എന്നറിയാവുന്ന ആളായതിനാലാവണം , പണി തീരും വരെ അദ്ദേഹം അത് ആവശ്യപ്പെട്ടുമില്ല. )


ചെലവ്‌ കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടല്ല, ഇതിന്റെ ഭിത്തികള്‍ക്ക്‌ സിമന്റ്‌ പൂശാത്തത്‌. അതുപോലെ, ചെലവുകുറയുമെന്നുള്ള പ്രേരണയില്‍ സിമന്റ്‌ തേയ്ക്കാത്ത വീടുകളില്‍ പലതും, വിലകൂടിയ വയര്‍കട്ട്‌ ഇഷ്ടിക (കമ്പനി കട്ട യെന്ന് നാടന്‍ പേര്‍) ഉപയോഗിച്ച്‌ ഇരട്ടിചെലവ്‌ ആകുന്നതും കാണാം. അതുകൊണ്ട്‌ തന്നെ ഇവിടെ സാധാരണ പ്രാദേശിക കളങ്ങളില്‍ ചുട്ടെടുക്കുന്ന ഇഷ്ടികയാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌, ഇത്‌ തീര്‍ത്തും,തേയ്ക്കാത്ത ഇഷ്ടികചുമരിന്റെ വേര്‍തിരിഞ്ഞ്‌ നില്‍ക്കുന്ന നിറവും ഒപ്പം അതിന്റെ വൈവിധ്യമാര്‍ന്ന പ്രതലഭംഗിയും (Contrasting Colour & Texture) ലക്ഷ്യമിട്ട്‌ തന്നെയാണ്‌ ഞങ്ങള്‍ ക്ലൈന്റിനോട്‌ നിര്‍മ്മാണ ഘട്ടത്തില്‍ ഈ ആശയം അവതരിപ്പിച്ചതും അദ്ദേഹം അംഗീകരിച്ചതും.

ഇഷ്ടികചുമരിനെ കുറച്ച്‌ കൂടി പ്രകടമാക്കി കാണിക്കാനാണ്‌ കരിങ്കല്‍ പാളികള്‍ കൊണ്ട്‌ താഴ്‍ഭാഗവും ചില മൂലകളും പൊതിഞ്ഞിരിക്കുന്നത്‌ ; ഇതുകൊണ്ട്‌ വേറെ ഒരു ഗുണം കൂടിയുണ്ട്‌, തേയ്ക്കാത്ത ഇഷ്ടിക ചുമരിന്റെ മൂലകള്‍ അടര്‍ന്ന് പോകാനുള്ള സാധ്യത വളരെ അധികമാണ്‌, അതുപോലെ ഭിത്തിയുടെ താഴ്ഭാഗത്തേക്ക്‌ തെറിക്കുന്ന മഴ വെള്ളം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളും; അത്‌ പൂര്‍ണ്ണമായും ഒഴിവായികിട്ടി.


പുറത്ത്‌ സിമന്റ്‌ പൂശിയിട്ടില്ലെങ്കിലും അകത്തെ മുറികളെല്ലാം തന്നെ കുമ്മായ സിമന്റ്‌ ചാന്ത്‌ മിശ്രിതം കൊണ്ട്‌ (ഇപ്പോള്‍ സാധാരണ ആരും കുമ്മായചാന്ത്‌ ഉപയോഗിക്കാറില്ല -ഇതൊരു പരീക്ഷണമായിരുന്നു) പ്ലാസ്റ്റര്‍ ചെയ്തു, പെയിന്റുമടിച്ചു. ഇവിടെ ചെറിയ ഒരു ലാഭമുണ്ടായി; ഇപ്പോള്‍ സാധാരണനിലയില്‍ ചെയ്യുന്ന 'പുട്ടി ഇട്ട്‌ പെയിന്റിംഗ്‌" (നല്ല മിനുസമാര്‍ന്ന പ്രതലത്തിനുവേണ്ടി) വേണ്ടിവന്നില്ല, രണ്ട്‌ തവണ സിമന്റ്‌ പ്രൈമര്‍ അടിച്ച്‌ നേരിട്ട്‌ പെയിന്റ്‌ ചെയ്തു. (കുമ്മായ ചാന്തിന്റെ ഗുണമാകണം, പരീക്ഷണം തുടരുന്നു ) അതുപോലെ മുന്‍ വാതിലില്‍ നിന്നും നേരെ കാണുന്ന സ്വീകരണമുറിയുടെ ഭിത്തി (ഇതിന്‍റെ പുറകില്‍ കൂടിയാണ് കോണിപ്പടി മുകളിലേക്ക് പോകുന്നത്)കരിങ്കല്‍ പാളികള്‍ ഒട്ടിച്ച് ചേര്‍ത്തു. ഇത് പുറത്തെ ഭിത്തികളുടെ ഒരു തുടര്‍ച്ച അകത്ത് ഉണ്ടാവാനും ഒപ്പം കരിങ്കല്ലിന്‍റെ മിനുസമല്ലാത്ത പ്രതലം ഉണ്ടാക്കുന്ന Texture Effect നും വേണ്ടിയായിരുന്നു.

അടുക്കളയും അതിനോട്‌ ചേര്‍ന്നുള്ള സ്റ്റോര്‍, വര്‍ക്ക്‌ ഏരിയ എന്നിവയുടെയും, ബാത്ത്‌ റൂമുകളുടെയും ഒഴികെയുള്ള എല്ലാ മുറികളുടെയും സിറ്റൗട്ടിന്റെയും (വരാന്ത) തറ ചെയ്തിരിക്കുന്നത്‌ സാധാരണ തറയോട്‌ ഉപയോഗിച്ചാണ്‌. എങ്കിലും തറയുടെ ഭിത്തികളോട്‌ ചേരുന്ന ഭാഗം ഒരു ബോര്‍ഡര്‍ പോലെ കറുത്ത ഗ്രാനൈറ്റും ഇട്ടിട്ടുണ്ട്‌. ഏറ്റവും കൂടുതല്‍ പൊടിയും ഒക്കെ അടിഞ്ഞ്‌ കൂടാന്‍ സാധ്യതയുള്ളയിടമാണല്ലോ ഈ മൂലകള്‍, ഇങ്ങെനെയാകുമ്പോള്‍ വൃത്തിയാക്കുവാനൊക്കെ കുറച്ച്‌ എളുപ്പമായിരിക്കും എന്നത്‌ കൊണ്ടും , തറയോടിന്റെ കാവി നിറത്തോട്‌ കറുത്ത ഗ്രാനൈറ്റിന്റെ വ്യത്യസ്ഥപെടുത്തുന്ന നിറഭംഗിയും ഒപ്പം, നല്ല ഫിനിഷിംഗും കിട്ടുമെന്ന് കരുതിയുമാണ്‌ ഇത്തരത്തില്‍ ചെയ്തിരിക്കുന്നത്‌. ഇതിനോട്‌ യോജിച്ച്‌ പോകുന്നതിനു വേണ്ടി, തറയോട്‌ ഒന്നിനൊന്ന് ചേര്‍ത്ത്‌ ചേര്‍ത്തിടാതെ ചെറിയ ഇടകൊടുത്ത്‌ അവിടെ ബ്ലാക്ക്‌ ഓക്സൈഡ്‌ കലര്‍ത്തിയ സിമന്റ്‌ കൊണ്ട്‌ നിറച്ച്‌ മിനുസപ്പെടുത്തിരിക്കുന്നതും ശ്രദ്ധിക്കുക.


ജനാലകള്‍ ശ്രദ്ധിക്കുക. സാധാരണ കാണുന്ന മൂന്ന് പാളി ജനലുകളില്‍ നിന്നും വ്യത്യസ്ഥമായി നടുവിലെ പാളിക്ക്‌ വീതി കൂടുതല്‍ ആണ്‌.മിക്കവീടുകളിലും ശ്രദ്ധിച്ചാല്‍ മനസ്സിലാകും, ആരും നടുവിലെ പാളി തുറക്കാറേയില്ല. അതുകൊണ്ട്‌ തന്നെ ഇവിടെ അത്‌ വെളിച്ചത്തിനു വേണ്ടി മാറ്റിവെച്ചു, ഒപ്പം വലിപ്പവും കൂട്ടി. കാറ്റിനു വേണ്ടി തുറക്കുന്ന വശങ്ങളിലെ പാളികള്‍ക്ക്‌ അധിക വലിപ്പം വേണമെന്നില്ലല്ലോ.

ഈ വീടിന്റെ മേല്‍ക്കൂരയില്‍ കൊടുത്തിട്ടുള്ള മുഖപ്പുകള്‍ കേവലം കേരളാ മാതൃക മേല്‍ക്കൂരയാക്കാന്‍ വേണ്ടിമാത്രമല്ല., അവ പഴയവീടുകളിലെ പോലെ വായു സഞ്ചാരത്തിനുള്ള മാര്‍ഗ്ഗമായിട്ടും കൂടിയാണ്‌.ഏതെങ്കിലും ഒരു ജനല്‍ തുറന്നിട്ടാല്‍ മുറികളില്‍ ഫാനില്ലാതെയും കിടക്കാം..


മുറ്റത്ത് ആദ്യമേയുണ്ടായിരുന്ന പേരമരങ്ങള്‍ ഒരുവിധത്തില്‍ സം‍രക്ഷിച്ച് നിര്‍ത്തിയിരുന്നത് ലാന്‍ഡ്‍ സ്കേപ്പിന്‍റെ ഭാഗമാക്കുവാന്‍ കഴിഞ്ഞു. പ്രകൃതി ദത്തമായ പാറ(ചുമ്മാ കാട്ട് കല്ലും മറ്റും) യുമൊക്കെ ഉപയോഗിച്ചു. ഒപ്പം സാധാരണ പുല്ലും വെച്ച് പിടിപ്പിച്ചു. വീടിന്‍റെ നിഴല്‍ കൂടുതല്‍ വീഴാനിടയുള്ള ഭാഗത്ത് പുല്‍തകിടി ഒഴിവാക്കി കരിങ്കല്‍ ചിപ്സ് ഇട്ട് വെള്ളം ഒഴുകുന്നത് പ്രതീകാത്മകമായി ചെയ്യാന്‍ ശ്രമിച്ചു.ഡ്രൈവ് വേയും നടപ്പാതയും വിപണിയീല്‍ കിട്ടുന്ന സിമന്‍റ് ടൈലുകള്‍ ഉപയോഗിച്ച് ഒരു പ്രത്യേക പാറ്റേണിനു ശ്രമിച്ചിരിക്കുന്നതും കാണാം


സ്വയം വിമര്‍ശനം:

ഒരു വീടിന്റെ പ്ലാനും ഫോട്ടോയുമിട്ട്‌ ഗുണങ്ങള്‍ മാത്രം പറഞ്ഞാല്‍ പോരല്ലോ..കുറച്ച്‌ സ്വയം വിമര്‍ശനവുമാകാമെന്ന് കരുതുന്നു.
1. പൂജ സ്വീകരണമുറിയില്‍ ഒരു അസൗകര്യമാകുന്നുണ്ട്‌.
2. ഡൈനിംഗ്‌ റൂമില്‍ നിന്ന് നേരിട്ട്‌ ബെഡ്‌ റൂമുകളിലേക്കും അടുക്കളയിലേക്കുമൊക്കെയുള്ള ട്രാഫിക്ക്‌ സൃഷ്ടിക്കുന്ന അസൗകര്യം .
3. ഡൈനിംഗ്‌ റൂമിലേക്ക്‌ നടുമുറ്റത്തില്‍ കൂടിയുള്ള പ്രകാശവിന്യാസം തികയാതെ വരുന്നു. (അതിനു വേണ്ടി കോണിപടിയുടെ മുകളില്‍ നിന്നും പ്രകാശം കൊണ്ട്‌ വരാന്‍ ശ്രമിച്ചെങ്കിലും അത്‌ കൃത്യമായി ലഭിക്കുന്നില്ല.)
4. അടുക്കളയുടെ വലിപ്പം വല്ലാതെ കൂടി. (ആ വീട്ടമ്മയ്ക്ക്‌ അത്‌ ഇഷ്ടമാണെങ്കില്‍ കൂടി, വലിപ്പം കുറയ്ക്കാമായിരുന്നു എന്ന ഒരു തോന്നല്‍ ഉള്ളില്‍ ഇല്ലാതില്ല)

ഇനി ബാക്കിയൊക്കെ നിങ്ങള്‍ പറയൂ..

കുറിപ്പ്‌:
ചിത്രങ്ങള്‍ 1. വീടിന്റെ പ്ലാനുകള്‍(Ground Floor & First Floor 2. മുന്‍കാഴ്ച അഥവാ Front Elevation 3. പ്രത്യേകതകള്‍ അഥവാ Details - ഈ വീടിന്‌, പുറത്ത്‌ സജ്ജീകരിച്ചിരിക്കുന്ന നടുമുറ്റം ,മറ്റൊന്ന് പൂശാത്ത ചുമരിന്റെ വിശദമായ ഒരു കാഴ്ച 4. അകത്തളം അഥവാ Interior 5. പുറം കാഴ്ച അഥവാ Landscape എന്ന ക്രമത്തിലാണ്‌ സജ്ജീകരിച്ചിരിക്കുന്നത്‌. തുടര്‍ന്നുള്ള വീടും പ്ലാനും പോസ്റ്റുകളിലും ഇതേ പോലെ ഒരു ക്രമം പിന്തുടരാം എന്ന് കരുതുന്നു, അഭിപ്രായങ്ങള്‍ അറിയിക്കുക.


വീടിന്റെ ഉടമസ്ഥന്‍ : ശ്രീ. മുരളീധരന്‍, കാലടി, തിരുവനന്തപുരം.