5.4.07

വീടും പ്ലാനും - 1

ഇത്‌ തിരുവനന്തപുരത്ത്‌ ഒരു വര്‍ഷം മുന്‍പ്‌ പണിതീര്‍ത്ത ഒരു വീട്‌. ഒരുപാട് പ്രത്യേകതകളോ , ഗിമ്മിക്കുകളോ ഒന്നും കൂടാതെ ചെയ്ത ഒരു സാധാരണ വീട്. വീടും പ്ലാനും പോസ്റ്റുകളിലെ ആദ്യത്തേത്

അധികം ആഡംബരങ്ങള്‍ വേണ്ട, ലളിതമായ പ്ലാന്‍ ആവണം,മഴവെള്ളം ധാരാളമായി വീഴാവുന്ന നടുമുറ്റം വേണം; എന്നാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാവരുത്‌,ബാത്ത്‌ അറ്റാച്‍ഡ് ആയ 3 കിടപ്പുമുറികള്‍ തല്‍ക്കാലം, എന്നാല്‍ ഒരെണ്ണം പിന്നീട്‌ കൂട്ടിചേര്‍ക്കാന്‍ കഴിയണം, പക്ഷേ അത്‌ പിന്നീട് മുഴച്ചു നില്‍ക്കരുത്‌, അടുക്കള വലിപ്പം വേണം, സ്റ്റോര്‍, പൂജ, തീര്‍ച്ചയായും വേണം ഇതൊക്കെയായിരുന്നു പ്രധാന ആവശ്യങ്ങള്‍. അത്‌ അനുസരിച്ച്‌ തയ്യാറാക്കിയ മൂന്നാമത്തെ പ്ലാന്‍ ആണിത്‌.


ആദ്യ പ്ലാനില്‍ നിന്ന് , വളരെയധികം യാത്രകള്‍ ചെയ്യുന്ന ആളായതിനാലുള്ള സുരക്ഷാപ്രശ്നങ്ങള്‍, അത്ര വലിയ മുറികള്‍ അല്ലാത്തതിനാല്‍ വെള്ളം തെറിച്ച്‌ വീഴാനുള്ള സാധ്യത എന്നിവ കണക്കിലെടുത്ത്‌ അകത്തായിരുന്ന നടുമുറ്റത്തിനെ പുറത്ത്‌ ആക്കികൊണ്ടുള്ള ആശയം അവതരിപ്പിക്കുകയും അത്‌ ഏകദേശം തീരുമാനമാകുകയും ചെയ്തു. അങ്ങിനെ രണ്ടാമത്‌ തയ്യാറാക്കിയ പ്ലാന്‍ അവര്‍ക്ക്‌ ഇഷ്ടപ്പെട്ടെങ്കിലും വാസ്തു കണ്‍സള്‍ട്ടേഷനു പോയി വന്നപ്പോഴേക്കും ചില ചില്ലറമാറ്റങ്ങള്‍. ഊണുമുറിയോട്‌ ചേര്‍ത്ത്‌ കൊടുത്തിരുന്ന പൂജ സ്വീകരണമുറിയുടെ കോണിലേക്ക്‌ മാറ്റേണ്ടിവന്നു. ഒപ്പം, അടുക്കള നീളം കൂട്ടി വീട്‌ ആകെ ഒരു പെട്ടിയുടെ ആകൃതിയിലേക്ക്‌ മാറ്റേണ്ടിയും വന്നു. അതുപോലെ പുറമേ നിന്ന് പ്രവേശിക്കുന്നത് കിഴക്ക് ദിശയില്‍ നിന്ന് തന്നെ വേണം എന്നും പറഞ്ഞിരുന്നു. വീടിന്‍റെ തെക്ക് ഭാഗത്തിനു സമാന്തരമായിട്ടാണ് റോഡ്. അതനുസരിച്ചും ചില മാറ്റങ്ങള്‍ വേണ്ടിവന്നു.

മൂന്നാമത്തെ ഈ പ്ലാനുകള്‍, താഴത്തെയും മുകളിലത്തെയും നിലകളുടേത് എന്തായാലും പണിതീരുന്നത്‌ വരെ യാതൊരു മാറ്റവും കൂടാതെ തുടര്‍ന്നു. മുന്‍‍കാഴ്ച (front elevation) നേരത്തെ കൂട്ടി വരച്ച് കൊടുത്തിരുന്നില്ല. ( പ്ലാനിന് പ്രാമുഖ്യം കൊടുത്ത് കൊണ്ടുള്ള ഒരു രീതിയാണ് ഞങ്ങള്‍ പിന്തുടരുന്നത് എന്നറിയാവുന്ന ആളായതിനാലാവണം , പണി തീരും വരെ അദ്ദേഹം അത് ആവശ്യപ്പെട്ടുമില്ല. )


ചെലവ്‌ കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടല്ല, ഇതിന്റെ ഭിത്തികള്‍ക്ക്‌ സിമന്റ്‌ പൂശാത്തത്‌. അതുപോലെ, ചെലവുകുറയുമെന്നുള്ള പ്രേരണയില്‍ സിമന്റ്‌ തേയ്ക്കാത്ത വീടുകളില്‍ പലതും, വിലകൂടിയ വയര്‍കട്ട്‌ ഇഷ്ടിക (കമ്പനി കട്ട യെന്ന് നാടന്‍ പേര്‍) ഉപയോഗിച്ച്‌ ഇരട്ടിചെലവ്‌ ആകുന്നതും കാണാം. അതുകൊണ്ട്‌ തന്നെ ഇവിടെ സാധാരണ പ്രാദേശിക കളങ്ങളില്‍ ചുട്ടെടുക്കുന്ന ഇഷ്ടികയാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌, ഇത്‌ തീര്‍ത്തും,തേയ്ക്കാത്ത ഇഷ്ടികചുമരിന്റെ വേര്‍തിരിഞ്ഞ്‌ നില്‍ക്കുന്ന നിറവും ഒപ്പം അതിന്റെ വൈവിധ്യമാര്‍ന്ന പ്രതലഭംഗിയും (Contrasting Colour & Texture) ലക്ഷ്യമിട്ട്‌ തന്നെയാണ്‌ ഞങ്ങള്‍ ക്ലൈന്റിനോട്‌ നിര്‍മ്മാണ ഘട്ടത്തില്‍ ഈ ആശയം അവതരിപ്പിച്ചതും അദ്ദേഹം അംഗീകരിച്ചതും.

ഇഷ്ടികചുമരിനെ കുറച്ച്‌ കൂടി പ്രകടമാക്കി കാണിക്കാനാണ്‌ കരിങ്കല്‍ പാളികള്‍ കൊണ്ട്‌ താഴ്‍ഭാഗവും ചില മൂലകളും പൊതിഞ്ഞിരിക്കുന്നത്‌ ; ഇതുകൊണ്ട്‌ വേറെ ഒരു ഗുണം കൂടിയുണ്ട്‌, തേയ്ക്കാത്ത ഇഷ്ടിക ചുമരിന്റെ മൂലകള്‍ അടര്‍ന്ന് പോകാനുള്ള സാധ്യത വളരെ അധികമാണ്‌, അതുപോലെ ഭിത്തിയുടെ താഴ്ഭാഗത്തേക്ക്‌ തെറിക്കുന്ന മഴ വെള്ളം കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളും; അത്‌ പൂര്‍ണ്ണമായും ഒഴിവായികിട്ടി.


പുറത്ത്‌ സിമന്റ്‌ പൂശിയിട്ടില്ലെങ്കിലും അകത്തെ മുറികളെല്ലാം തന്നെ കുമ്മായ സിമന്റ്‌ ചാന്ത്‌ മിശ്രിതം കൊണ്ട്‌ (ഇപ്പോള്‍ സാധാരണ ആരും കുമ്മായചാന്ത്‌ ഉപയോഗിക്കാറില്ല -ഇതൊരു പരീക്ഷണമായിരുന്നു) പ്ലാസ്റ്റര്‍ ചെയ്തു, പെയിന്റുമടിച്ചു. ഇവിടെ ചെറിയ ഒരു ലാഭമുണ്ടായി; ഇപ്പോള്‍ സാധാരണനിലയില്‍ ചെയ്യുന്ന 'പുട്ടി ഇട്ട്‌ പെയിന്റിംഗ്‌" (നല്ല മിനുസമാര്‍ന്ന പ്രതലത്തിനുവേണ്ടി) വേണ്ടിവന്നില്ല, രണ്ട്‌ തവണ സിമന്റ്‌ പ്രൈമര്‍ അടിച്ച്‌ നേരിട്ട്‌ പെയിന്റ്‌ ചെയ്തു. (കുമ്മായ ചാന്തിന്റെ ഗുണമാകണം, പരീക്ഷണം തുടരുന്നു ) അതുപോലെ മുന്‍ വാതിലില്‍ നിന്നും നേരെ കാണുന്ന സ്വീകരണമുറിയുടെ ഭിത്തി (ഇതിന്‍റെ പുറകില്‍ കൂടിയാണ് കോണിപ്പടി മുകളിലേക്ക് പോകുന്നത്)കരിങ്കല്‍ പാളികള്‍ ഒട്ടിച്ച് ചേര്‍ത്തു. ഇത് പുറത്തെ ഭിത്തികളുടെ ഒരു തുടര്‍ച്ച അകത്ത് ഉണ്ടാവാനും ഒപ്പം കരിങ്കല്ലിന്‍റെ മിനുസമല്ലാത്ത പ്രതലം ഉണ്ടാക്കുന്ന Texture Effect നും വേണ്ടിയായിരുന്നു.

അടുക്കളയും അതിനോട്‌ ചേര്‍ന്നുള്ള സ്റ്റോര്‍, വര്‍ക്ക്‌ ഏരിയ എന്നിവയുടെയും, ബാത്ത്‌ റൂമുകളുടെയും ഒഴികെയുള്ള എല്ലാ മുറികളുടെയും സിറ്റൗട്ടിന്റെയും (വരാന്ത) തറ ചെയ്തിരിക്കുന്നത്‌ സാധാരണ തറയോട്‌ ഉപയോഗിച്ചാണ്‌. എങ്കിലും തറയുടെ ഭിത്തികളോട്‌ ചേരുന്ന ഭാഗം ഒരു ബോര്‍ഡര്‍ പോലെ കറുത്ത ഗ്രാനൈറ്റും ഇട്ടിട്ടുണ്ട്‌. ഏറ്റവും കൂടുതല്‍ പൊടിയും ഒക്കെ അടിഞ്ഞ്‌ കൂടാന്‍ സാധ്യതയുള്ളയിടമാണല്ലോ ഈ മൂലകള്‍, ഇങ്ങെനെയാകുമ്പോള്‍ വൃത്തിയാക്കുവാനൊക്കെ കുറച്ച്‌ എളുപ്പമായിരിക്കും എന്നത്‌ കൊണ്ടും , തറയോടിന്റെ കാവി നിറത്തോട്‌ കറുത്ത ഗ്രാനൈറ്റിന്റെ വ്യത്യസ്ഥപെടുത്തുന്ന നിറഭംഗിയും ഒപ്പം, നല്ല ഫിനിഷിംഗും കിട്ടുമെന്ന് കരുതിയുമാണ്‌ ഇത്തരത്തില്‍ ചെയ്തിരിക്കുന്നത്‌. ഇതിനോട്‌ യോജിച്ച്‌ പോകുന്നതിനു വേണ്ടി, തറയോട്‌ ഒന്നിനൊന്ന് ചേര്‍ത്ത്‌ ചേര്‍ത്തിടാതെ ചെറിയ ഇടകൊടുത്ത്‌ അവിടെ ബ്ലാക്ക്‌ ഓക്സൈഡ്‌ കലര്‍ത്തിയ സിമന്റ്‌ കൊണ്ട്‌ നിറച്ച്‌ മിനുസപ്പെടുത്തിരിക്കുന്നതും ശ്രദ്ധിക്കുക.


ജനാലകള്‍ ശ്രദ്ധിക്കുക. സാധാരണ കാണുന്ന മൂന്ന് പാളി ജനലുകളില്‍ നിന്നും വ്യത്യസ്ഥമായി നടുവിലെ പാളിക്ക്‌ വീതി കൂടുതല്‍ ആണ്‌.മിക്കവീടുകളിലും ശ്രദ്ധിച്ചാല്‍ മനസ്സിലാകും, ആരും നടുവിലെ പാളി തുറക്കാറേയില്ല. അതുകൊണ്ട്‌ തന്നെ ഇവിടെ അത്‌ വെളിച്ചത്തിനു വേണ്ടി മാറ്റിവെച്ചു, ഒപ്പം വലിപ്പവും കൂട്ടി. കാറ്റിനു വേണ്ടി തുറക്കുന്ന വശങ്ങളിലെ പാളികള്‍ക്ക്‌ അധിക വലിപ്പം വേണമെന്നില്ലല്ലോ.

ഈ വീടിന്റെ മേല്‍ക്കൂരയില്‍ കൊടുത്തിട്ടുള്ള മുഖപ്പുകള്‍ കേവലം കേരളാ മാതൃക മേല്‍ക്കൂരയാക്കാന്‍ വേണ്ടിമാത്രമല്ല., അവ പഴയവീടുകളിലെ പോലെ വായു സഞ്ചാരത്തിനുള്ള മാര്‍ഗ്ഗമായിട്ടും കൂടിയാണ്‌.ഏതെങ്കിലും ഒരു ജനല്‍ തുറന്നിട്ടാല്‍ മുറികളില്‍ ഫാനില്ലാതെയും കിടക്കാം..


മുറ്റത്ത് ആദ്യമേയുണ്ടായിരുന്ന പേരമരങ്ങള്‍ ഒരുവിധത്തില്‍ സം‍രക്ഷിച്ച് നിര്‍ത്തിയിരുന്നത് ലാന്‍ഡ്‍ സ്കേപ്പിന്‍റെ ഭാഗമാക്കുവാന്‍ കഴിഞ്ഞു. പ്രകൃതി ദത്തമായ പാറ(ചുമ്മാ കാട്ട് കല്ലും മറ്റും) യുമൊക്കെ ഉപയോഗിച്ചു. ഒപ്പം സാധാരണ പുല്ലും വെച്ച് പിടിപ്പിച്ചു. വീടിന്‍റെ നിഴല്‍ കൂടുതല്‍ വീഴാനിടയുള്ള ഭാഗത്ത് പുല്‍തകിടി ഒഴിവാക്കി കരിങ്കല്‍ ചിപ്സ് ഇട്ട് വെള്ളം ഒഴുകുന്നത് പ്രതീകാത്മകമായി ചെയ്യാന്‍ ശ്രമിച്ചു.ഡ്രൈവ് വേയും നടപ്പാതയും വിപണിയീല്‍ കിട്ടുന്ന സിമന്‍റ് ടൈലുകള്‍ ഉപയോഗിച്ച് ഒരു പ്രത്യേക പാറ്റേണിനു ശ്രമിച്ചിരിക്കുന്നതും കാണാം


സ്വയം വിമര്‍ശനം:

ഒരു വീടിന്റെ പ്ലാനും ഫോട്ടോയുമിട്ട്‌ ഗുണങ്ങള്‍ മാത്രം പറഞ്ഞാല്‍ പോരല്ലോ..കുറച്ച്‌ സ്വയം വിമര്‍ശനവുമാകാമെന്ന് കരുതുന്നു.
1. പൂജ സ്വീകരണമുറിയില്‍ ഒരു അസൗകര്യമാകുന്നുണ്ട്‌.
2. ഡൈനിംഗ്‌ റൂമില്‍ നിന്ന് നേരിട്ട്‌ ബെഡ്‌ റൂമുകളിലേക്കും അടുക്കളയിലേക്കുമൊക്കെയുള്ള ട്രാഫിക്ക്‌ സൃഷ്ടിക്കുന്ന അസൗകര്യം .
3. ഡൈനിംഗ്‌ റൂമിലേക്ക്‌ നടുമുറ്റത്തില്‍ കൂടിയുള്ള പ്രകാശവിന്യാസം തികയാതെ വരുന്നു. (അതിനു വേണ്ടി കോണിപടിയുടെ മുകളില്‍ നിന്നും പ്രകാശം കൊണ്ട്‌ വരാന്‍ ശ്രമിച്ചെങ്കിലും അത്‌ കൃത്യമായി ലഭിക്കുന്നില്ല.)
4. അടുക്കളയുടെ വലിപ്പം വല്ലാതെ കൂടി. (ആ വീട്ടമ്മയ്ക്ക്‌ അത്‌ ഇഷ്ടമാണെങ്കില്‍ കൂടി, വലിപ്പം കുറയ്ക്കാമായിരുന്നു എന്ന ഒരു തോന്നല്‍ ഉള്ളില്‍ ഇല്ലാതില്ല)

ഇനി ബാക്കിയൊക്കെ നിങ്ങള്‍ പറയൂ..

കുറിപ്പ്‌:
ചിത്രങ്ങള്‍ 1. വീടിന്റെ പ്ലാനുകള്‍(Ground Floor & First Floor 2. മുന്‍കാഴ്ച അഥവാ Front Elevation 3. പ്രത്യേകതകള്‍ അഥവാ Details - ഈ വീടിന്‌, പുറത്ത്‌ സജ്ജീകരിച്ചിരിക്കുന്ന നടുമുറ്റം ,മറ്റൊന്ന് പൂശാത്ത ചുമരിന്റെ വിശദമായ ഒരു കാഴ്ച 4. അകത്തളം അഥവാ Interior 5. പുറം കാഴ്ച അഥവാ Landscape എന്ന ക്രമത്തിലാണ്‌ സജ്ജീകരിച്ചിരിക്കുന്നത്‌. തുടര്‍ന്നുള്ള വീടും പ്ലാനും പോസ്റ്റുകളിലും ഇതേ പോലെ ഒരു ക്രമം പിന്തുടരാം എന്ന് കരുതുന്നു, അഭിപ്രായങ്ങള്‍ അറിയിക്കുക.


വീടിന്റെ ഉടമസ്ഥന്‍ : ശ്രീ. മുരളീധരന്‍, കാലടി, തിരുവനന്തപുരം.

22 comments:

മാവേലികേരളം(Maveli Keralam) said...

അലീഫ്
വീടു നിര്‍മ്മാ‍ണം ചെയ്യാനോ അല്ലെങ്കില്‍ പൂര്‍ത്തിയാക്കാനോ ആഗ്രഹിയ്ക്കുന്നവര്‍ക്ക് പ്രയോജനപ്രദമായ ധാരാളം അറിവുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

ഇതിനെക്കുറിച്ചു കൂടുതല്‍ മനസിലാക്കന്‍ എങ്ങനെ സാധിയ്ക്കും.ഉദാ ഒരു വീടിന്റെ പ്ലാന്‍ എങ്ങനെ കിട്ടാന്‍ പറ്റും.

അലിഫ് /alif said...

ഗൃഹനിര്‍മ്മാണ സാങ്കേതിക വിദ്യ വിശദമാക്കുന്ന പോസ്റ്റുകളില്‍ നിന്ന് ചെറിയ ഒരു ഇടവേള എടുക്കുന്നു (ജോലി തിരക്ക് മൂലം),എന്നാല്‍ അടുത്ത വിഭാഗമായി സൂചിപ്പിച്ചിരുന്ന
വീടും പ്ലാനും എന്ന സീരിസിലെ ചിലത് ഇതിനിടയില്‍ തിരുകാമെന്ന് ഒരു ആലോചന.

ഇത്‌ തിരുവനന്തപുരത്ത്‌ കാലടിയില്‍ ഒരു വര്‍ഷം മുന്‍പ്‌ പണിതീര്‍ത്ത ഒരു വീട്‌. ഒരുപാട് പ്രത്യേകതകളൊന്നും കൂടാതെ ചെയ്ത ഒരു സാധാരണ വീടിന്‍റെ പ്ലാനുകളും ചിത്രങ്ങളും.

- വീടും പ്ലാനും പോസ്റ്റിലെ ആദ്യത്തേത്.

K.V Manikantan said...

കൂടെ എത്ര രൂപ അന്ന് ചിലവായി, ഇന്ന് എത്രയാകും എന്നു കൂടി വ്യക്തമാക്കിയാല്‍ നന്നായിരുന്നു.

-സങ്കുചിതന്‍.

അലിഫ് /alif said...

മാവേലികേരളം : നന്ദി. “ഇതിനെക്കുറിച്ചു കൂടുതല്‍ മനസിലാക്കാന്‍ എങ്ങനെ സാധിയ്ക്കും“ സാങ്കേതിക വിദ്യയാണെങ്കില്‍ ഞങ്ങള്‍ക്കാറിയാവുന്ന രൂപത്തില്‍ , ഇനി വരാന്‍ പോകുന്ന പോസ്റ്റൂകളിലും വിശദമാക്കാനുള്ള ശ്രമത്തിലാണ്. പഴയ പോസ്റ്റുകള്‍ ശ്രദ്ധിക്കുമല്ലോ..
വീടിന്‍റെ പ്ലാനുകള്‍ റെഡിമെയ്‍ഡ് അല്ല. അവ ഓരോ സൈറ്റിനും, ആവശ്യങ്ങള്‍ക്കുമനുസരിച്ച് രൂപപ്പെടുത്തുന്നതാണ്. ഗൃഹപാഠത്തീലെ തന്നെ ഈ കുറിപ്പ് ഒന്ന് വായിക്കൂ

സങ്കുചിതന്‍: ഇത് ഞാന്‍ പോസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ വിട്ട് പോയതാണ്. ഓര്‍മ്മിപ്പിച്ചതിനു നന്ദി.

ഈ വീടിന്‍റെ രണ്ട് നിലയുടെയും കൂടീ പുറം വിസ്തീര്‍ണ്ണം 1950 ചതുരശ്ര അടിയാണ്. ചെലവ് അന്ന് ഏകദേശം 13 ലക്ഷം രൂപയോളമായിട്ടുണ്ട്. ഇതില്‍ 6 ലക്ഷത്തോളം സ്ട്രക്ചറിനും(സിമന്‍റ് പൂശുന്നതിനും തറയിടുന്നതിന്നും മുന്‍പ് ) ബാക്കി 7 ലക്ഷം ഫിനിഷിംഗിനും ചെലവായി. 50% ശതമാനം വെച്ചാണ് ഈ രണ്ട് ഘട്ടത്തിനും കണക്കാക്കിയിരുന്നതെങ്കിലും, അടുക്കളയുടെ വലിപ്പ കൂടുതലും, റ്റോയ്ലലറ്റുകള്‍ എല്ലാം തന്നെ ഒരേ റേഞ്ചിലുള്ള, ഏറ്റവും നല്ല ഫിറ്റിംഗുകള്‍ കൊടുക്കേണ്ടി വന്നതിനാലുമൊക്കെയാണ് ഈ വ്യത്യാസം ഉണ്ടായത് . പിന്നെ തേക്കു തടിയുപയോഗിച്ചുള്ള ചില അലങ്കാരപണികളും. മണ്ണിനു ഉറപ്പ് കുറവായിരുന്നതിനാല്‍ ഫൌണ്ടേഷന്‍ ചെലവുകളും പ്രതീക്ഷിച്ചതിനേക്കാള്‍ അധികരിച്ചു. അന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചത് ചതുരശ്ര അടിക്ക് 600-650 രൂപയാണെങ്കിലും, പണിതീര്‍ന്നപ്പോള്‍ 650 രൂപയ്ക്ക് മുകളില്‍ ചെലവ് വന്നു. ഏകദേശം 800-850 രൂപയാണ്‌ ആ സമയത്തെ തിരുവനന്തപുരം മാര്‍ക്കറ്റ് റേറ്റ് എന്നും ഓര്‍ക്കുക. ഈ കുറവ് സാധ്യമായതില്‍ വ്യക്തമായൊരു പങ്ക് വീടിന്‍റെ ഉടമസ്ഥന്‍റെ നിര്‍മ്മാണസമയത്തെ പങ്കാളിത്തത്തിനുണ്ട്. ഉദാഹരണത്തിന് , സാധനസാമഗ്രികളുടെ വാങ്ങല്‍ മിക്കപ്പോഴും ഞങ്ങളുടെ നിര്‍ദ്ദേശാനുസരണം അദ്ദേഹം നേരിട്ട് നടത്തി. അതുപോലെ പണി തുടങ്ങിയ ശേഷം പ്ലാനില്‍ യാതൊരു മാറ്റവും ആവശ്യപ്പെട്ടില്ല. വളരെയധികം തിരക്കുകളുണ്ടായിട്ടും നിര്‍മ്മാണ ഘട്ടത്തില്‍ ആദ്യാവസാനം ഇടപെടുകയും , കണക്കുകളൊക്കെ സൂക്ഷിക്കുവാന്‍ ഉത്സാഹം കാണിക്കുകയും ചെയ്തു. ഭവനനിര്‍മ്മാണത്തിലെ ചെലവുകുറയ്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഉടമസ്ഥരുടെ പങ്കാളിത്തമാണ് എന്ന വിശ്വാസക്കാരാണ് ഞങ്ങള്‍.

ഇപ്പോള്‍ ഇത്തരം വീടിന് സാധനസാമഗ്രികളുടെ വിലയിലും പണിക്കാരുടെ കൂലിയുടെയും വര്‍ദ്ധനവ് കണക്കാക്കുമ്പോള്‍ ചതുരശ്ര അടിയ്ക്ക് 700 -750 രൂപവരെ ചെലവ് പ്രതീക്ഷിക്കാം.

പുള്ളി said...

അലിഫ് & ഷം‌ല, നല്ല സംരഭം. വീടിന്റെ രൂപകല്‍പ്പനയും ഇഷ്ടപ്പെട്ടു. എന്നാല്‍ മരത്തിന്റെ ഉപയോഗം കുറച്ച് കുറഞ്ഞ പണികളല്ലേ പോക്കറ്റിനും പരിസ്ഥിതിയ്ക്കും അഭികാമ്യം?
പിന്നെ വരച്ച പ്ലാനുകളോ, ഫോട്ടോകളൊ കൈ‌യില്‍ ഇല്ലെങ്കില്‍ ഗൂഗിള്‍ സ്കെച്ചപ്പ് (കെച്ചപ്പ് അല്ല:) ഉപയോഗമായേക്കും...

അലിഫ് /alif said...

പുള്ളി,
തീര്‍ച്ചയായും അത് ശരിയാണ്. മരത്തിന്‍റെ ഉപയോഗം കുറയ്ക്കണമെന്ന് തന്നെയാണ് ഞങ്ങളുടെയും നിലപാട്. ഒരു വിധം വീടുകള്‍ക്ക് ഒക്കെയും (ഈ വീട്ടിലെ 70 ശതമാനത്തിലധികം)തടിപ്പണിയും പഴയ മര ഉരുപ്പടികള്‍ വാങ്ങിയതും ഒക്കെയാണ് ഉപയോഗിക്കാറ്. തടിപണിയുടെ മനോഹാരിതയും കിട്ടും, ചെലവും കുറയും, എന്നാല്‍ പുതിയ മരമൊട്ട് മുറിക്കുന്നില്ലാ താനും.പക്ഷേ പലപ്പോഴും വാസ്തൂ കണ്സള്‍ട്ടന്‍റുമാര്‍ ഇതിനു ഇടങ്കോലിടും..പഴയ തടിഉരുപ്പടികള്‍ റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കുന്നത് വീട്ടില്‍ നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുമത്രേ..!!(ഞങ്ങളുടെ സ്വന്തം വീട് നിര്‍മ്മിച്ചപ്പോഴും പഴയ തടി ഉപയോഗിച്ചു; നമ്മള്‍ വീട്ടിലുള്ളവര്‍ കമ്പ്ലീറ്റ് നെഗറ്റീവ് എനര്‍ജിക്കാരായതിനാല്‍, ഇപ്പോ നെഗറ്റീവും നെഗറ്റീവും ചേര്‍ന്ന് പോസിറ്റീവ് ആയീട്ടുണ്ടാകും എന്ന് കരുതാം..)
ഗൂഗിള്‍ സ്കെച്ചപ്പിനു നന്ദി. നേരത്തെ കണ്ടിട്ടില്ലായിരുന്നു. ഓട്ടോ കാഡും 3ഡി മാക്സുമാണ്‌ ഞങ്ങള്‍ കൂടുതലും ഉപയോഗിക്കുന്നത്. എങ്കിലും കൈകൊണ്ട് തന്നെ ഒരു സ്കെച്ച് ചെയ്യുന്ന സുഖം വേറൊന്നിനും കിട്ടില്ല തന്നെ..)

Kiranz..!! said...

അലിഫിക്കാ വളരെ സന്തോഷം തോന്നുന്നു.ഒരു വീട് വാങ്ങണോ വെക്കണോ എന്നൊക്കെ ചിന്തിക്കുന്നവര്‍ക്ക് ഒരു സ്വര്‍ഗ്ഗമാണ് ഈ ബ്ലോഗ്.ഒരു വീട് വാങ്ങാനാണ് ഉദ്ദേശിക്കുന്നതില്‍ എന്തൊക്കെ അടിസ്ഥാനപരമായി ശ്രദ്ധിക്കണം എന്നു കൂടി ഇനിയുള്ള എഴുത്തുകളില്‍ ഉള്‍പ്പെടുത്തണം എന്ന് ആഗ്രഹിക്കുന്നു.ഇങ്ങനെയുള്ള വിജ്ഞാന പ്രദങ്ങളായ ബ്ലോഗുകള്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും ഹല്ലേലൂയ പാടുന്ന തരത്തിലുള്ള കമന്റുകള്‍ കുറവായിരിക്കാന്‍ സാധ്യത ഉണ്ടാവും,എന്നാല്‍ അത് വായനക്കാര്‍ ഇല്ല എന്ന് കരുതി ഈ ഉദ്യമത്തില്‍ നിന്നും പിന്മാറരുതേ എന്നും അപേക്ഷിക്കുന്നു.തിരക്കുള്ള ജീവിതവ്യവസ്ഥയില്‍ നിന്നും സമയം കണ്ടെത്തി ഈ ബ്ലോഗ് എന്നും നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ..!!

അലിഫ് /alif said...

കിരണ്‍സേ,
വളരെയധികം നന്ദി, അഭിപ്രായത്തിനും, പ്രോത്സാഹനത്തിനും.
കമന്‍റുകള്‍ പലപ്പോഴും പ്രതീക്ഷിക്കുന്ന തരത്തില്‍ ഈ ബ്ലോഗില്‍ ഉണ്ടാവുന്നില്ല എന്നത് വിഷമിപ്പിച്ചിട്ടുണ്ട് പലപ്പോഴും.(വര്‍മ്മകള്‍ക്ക് ഒരു ക്വട്ടേഷന്‍ കൊടുത്താലെന്തെന്ന് വരെ ആലോചിച്ചു..ഹ..ഹ..) കമന്‍റുകള്‍ ഉണ്ടാവാത്തതിന്‍റെ കാരണങ്ങളെ കുറിച്ച് ചിന്തിച്ചിട്ടും ഉണ്ട്. ഇനി എഴുത്തിന്‍റെ കുഴപ്പമാണോ, അവതരണ രീതിയുടെ കുഴപ്പമാണോ , മനസ്സിലാവാഞ്ഞിട്ടാണോ,താല്പര്യമില്ലാത്ത വിഷയമായതിനാലാണോ അതോ, ഇതൊന്നുമല്ലാതെ കമന്‍റിടാന്‍ കഴിയാഞ്ഞിട്ടാണോ (ബീറ്റയിലേക്ക് മാറിയപ്പോള്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു ) എന്നൊക്കെ ആലോചിച്ച് സമയം കളഞ്ഞിട്ടുമുണ്ട്. ഒടുവിലെനിക്ക് തോന്നിയത് ബ്ലോഗര്‍മാരില്‍ ഒരു നല്ല ശതമാനവും വീട് സ്വന്തമായുള്ളവരാണ്, അതിനാല്‍ തന്നെ ഇത്തരം വിഷയത്തില്‍ താല്പര്യം കാണിക്കുന്നില്ലന്നേയുള്ളൂ എന്നാണ്. അതുകൊണ്ട് തന്നെ പോസ്റ്റിംഗ് നിര്‍ത്തണ്ട എന്നും തീരുമാനിച്ചു, ബാക്കിയുള്ള ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടാലോ എന്ന് കരുതി തന്നെ.

പഴയതും പുതിയതുമായ വീടുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചൊരു പോസ്റ്റ് ഡ്രാഫ്റ്റില്‍ കിടക്കുന്നുണ്ട് , ഒന്ന് എഡിറ്റ് ചെയ്ത് ഉടന്‍ തന്നെയിടാം

ആശംസകളോടെ
-അലിഫ്

Kiranz..!! said...

അലിഫിക്കാ,കമന്റ്റുകളുടെ മനശാസ്ത്രം വേറെയാണ്,ദയവായി അത് കാര്യമാക്കാതിരിക്കൂ.അത് പോലെ തന്നെ ബ്ലോഗരെ മാത്രം ലക്ഷ്യമാക്കി എഴുതാതിരിക്കുക.ഇതിനൊക്കെ ആവശ്യമുള്ള വായനക്കാര്‍ വന്നുകൊള്ളൂം,ഭാവിയിലേക്ക് കരുതി വയ്ക്കണ്ട വിജ്ഞാന പ്രദങ്ങളായ ലേഖനങ്ങളില്‍ മുന്‍പന്തിയൊന്നില്‍ നില്‍ക്കാന്‍ കെല്‍പ്പുള്ള ഒരു ബ്ലോഗാണ് താങ്കളുടേത്.അതങ്ങനെ തന്നെ നില നിന്നു പോകട്ടെ.

സുശീലന്‍ said...

do u have any software to check the vastu scales ?

Joymon said...

കൊള്ളാം... സാധാരണ തമാശ പോസ്റ്റുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായത്..ഇനിയും ഇതുപോലെയുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...

തറവാടി said...

പ്രിയ അലിഫ്‌,

ബ്ളോഗിലെഴുതുന്നവരില്‍ നൂറ്‌ ശതമാനം പേര്‍ക്കും ആവശ്യമല്ല , അത്യാവശ്യമുള്ള ഒന്നാണ്‌ കമണ്റ്റുകള്‍.

ഇതില്‍ ചില നല്ല പോസ്റ്റുകളെഴുതിയ വക്കാരി മുതല്‍ ഓര്‍മ്മക്കുറിപ്പുകള്‍ മാത്രമെഴുതിയ ഞാനും പെടും.

സമയവും , പണവും ( ഓഫീസ്‌ ബ്ളോഗേര്‍സ്‌ അല്ല) , നഷ്ടപ്പെടുത്തി ഒരാള്‍ ഒരു പോസ്റ്റിടുമ്പോള്‍ അയള്‍ക്ക്‌ കിട്ടുന്ന പ്രതിഫലമാണ്‌ കമണ്റ്റുകള്‍.

അതിണ്റ്റെ ഏണ്ണം കൂടും തോറും രണ്ടു രീതിയിലാണ്‌ അയാളെ സ്വാധീനിക്കുന്നത്‌ , ഒന്ന്‌ വീണ്ടും എഴുതാന്‍ രണ്ട്‌ , എഴുത്തിനെ വീണ്ടും നന്നാക്കാന്‍.

ഒരാള്‍ ഒരു പോസ്റ്റു വായിച്ചാല്‍ , അതിഷ്ടപ്പെട്ടില്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ല , അല്ലെങ്കില്‍ നന്നായി , അതുമല്ലെങ്കില്‍ വായിച്ചു , ഒന്നുമില്ലെങ്കില്‍ ഒരു ചിരിയെങ്കിലും കമണ്റ്റായികൊടുത്താല്‍ അതില്‍പരം നന്ദി പ്രകാശനം മറ്റൊന്നില്ല എന്ന അഭിപ്രായക്കാരനാണ്‌ ഞാന്‍.

ഒരോബ്ളോഗ്ഗെഴുത്തുകാരണ്റ്റെയും ഉയര്‍ച്ചയില്‍ അവണ്റ്റെ പോസ്റ്റുകളില്‍ കിട്ടുന്ന കമണ്റ്റിണ്റ്റെ സ്വാധീനം തള്ളിക്കളയാവുന്നതല്ല.

നിര്‍ഭഗ്യവശാല്‍, ഇന്നു കമണ്റ്റുകള്‍ കൊടുക്കുന്നതിനു മാനദണ്ടങ്ങള്‍ ഉണ്ടായിരിക്കുന്നു.

ഒന്നുകില്‍ നിങ്ങള്‍ പുറംചൊറിയലിണ്റ്റെ ആശാനായിരിക്കണം, അല്ലെങ്കില്‍ നിങ്ങള്‍ക്ക്‌ മറ്റുള്ളവരുമായി നല്ല ബന്ധമുണ്ടാകണം ,

ഫോണിലും , മെയിലിലുമൊക്കെ , അല്ലെന്‍ങ്കില്‍ നിങ്ങള്‍ കമണ്റ്റുകള്‍ കൊടുത്തുകൊണ്ടേ ഇരിക്കണം

( മറ്റുള്ളവര്‍ക്ക്‌, പോസ്റ്റുകള്‍ വായിച്ചാലും ഇല്ലെങ്കിലും).

ഇതിലൊന്നും പെടാത്തവനാണ്‌ നിങ്ങളെങ്കില്‍ , എന്തെഴുതിയാലും കമണ്റ്റുകള്‍ കുറയും. കമണ്റ്റുകളുടെ കുറവുകള്‍ , പലരെയും ബ്ളോഗ്‌ അടക്കിക്കെട്ടുമെന്ന ഭീഷണി മുഴക്കിക്കാന്‍ കാരണമായിട്ടുണ്ട്‌ , ( താങ്കള്‍ക്കറിയാതിരിക്കില്ല).

താങ്കള്‍ ഒന്നു സ്വയം ചിന്തിക്കുക ,

വായിച്ച എത്ര പോസ്റ്റുകളില്‍ തങ്കള്‍ കമണ്റ്റിയിട്ടുണ്ട്‌? , എന്തുകൊണ്ട്‌ കമണ്റ്റിയില്ല? വായിക്കാഞ്ഞിട്ടണോ? ഇഷ്ടാകാത്തതാണോകാരണം? അല്ലെങ്കില്‍ " വല്യ" ആളായതിനാലാണോ? എന്നിട്ടു അതു മറു വശത്തു വെച്ച്‌ ചിന്തിക്കുക.

എണ്റ്റെ കാര്യം പറയാം , ഞാന്‍ ഒരു പോസ്റ്റു മുഴുവന്‍ വായിച്ചാല്‍ , തീരെ

ഇഷ്ടായില്ലെങ്കില്‍ , "വായിച്ചു" എന്നെങ്കിലും ഇട്ടേ പോരൂ , ഒരു മര്യാദ , അല്ലെങ്കില്‍ , നന്ദി സൂചന.

എന്നെ കമണ്റ്റു യാചകന്‍ എന്നു വിളിച്ച ,ഒരിക്കലും എണ്റ്റെ പോസ്റ്റില്‍ കമണ്റ്റില്ല എന്നും പറഞ്ഞ ,സ്വന്തം പേരില്‍ കമണ്റ്റാന്‍ ധര്യം കാട്ടാത്ത ഒരു ബ്ളോഗറുണ്ട്‌ , അത്തരക്കാരെയും , പുലികളെന്നു സ്വയം ചമഞ്ഞു നടക്കുന്ന ചിലരെയും ഒഴിച്ചുനിര്‍ത്തിയാല്‍,

ബാക്കിയുള്ള നല്ലൊരു ശതമാനം അങ്ങോട്ട്‌ കമണ്റ്റിയാല്‍ ഇങ്ങോട്ടും കമണ്റ്റുന്നവരാണെന്നെനിക്കു തോന്നുന്നു.

മറ്റൊരു പ്രധാനകാര്യം ,

താങ്കള്‍ മനസ്സിലാക്കിയതുപോലെതന്നെ പലര്ക്കും ഈ വിഷയത്തില്‍ അത്ര താത്പര്യമുള്ളവരാണെന്നു തോന്നുന്നില്ല , ( എന്നെപ്പോലുള്ളവരെങ്കിലും) , ഞാനിവിടെ പണ്ടൊരിക്കല്‍ വന്നിരുന്നു അന്നു പക്ഷെ കമന്രും ഇട്ടു.

ഇതൊക്കെയാണെങ്കിലും താങ്കളുടെ പോസ്റ്റുകള്‍ വളരെ നല്ല അറിവു പകരുന്നവയാണെന്നണെന്റെ അഭിപ്രായം , തുടരുക , താങ്കളെ വേണ്ടവര്‍ വായിക്കുന്നുണ്ടെന്നു മനസിലാക്കുക

( ഞാനെന്തെങ്കിലും വേണ്ടാത്തതു പറഞ്ഞോ? )


qw_er_ty

അലിഫ് /alif said...

കിരണ്‍സേ: വീണ്ടും നന്ദി. കമന്‍റുകളുടെ മനശാസ്ത്രം പഠിക്കാന്‍ ആദ്യമൊന്നും കഴിഞ്ഞിരുന്നില്ല. എങ്കിലും എന്തായാലും പുറം ചൊറിയല്‍ കമന്‍റുകള്‍ക്കും,വിവാദങ്ങള്‍ക്കും ഒട്ടും താല്പര്യമില്ല, (സമയവും)എന്നത് കൊണ്ടാവുമെന്ന് ചിലപ്പോളെങ്കിലുംകരുതീട്ടൂണ്ട്. പക്ഷേ അതൊന്നുമല്ല കാരണം, ഞാന്‍ അത്ര ആക്ടീവ് ബ്ലോഗര്‍ അല്ല. ഒരു സ്വയ നിയന്ത്രണം എപ്പോഴോ കൊണ്ടുവന്നു. അത് നല്ലതായെന്നേ തോന്നുന്നുള്ളൂ. അതു തന്നെയാണ് കമന്‍റുകള്‍ കുറയാന്‍ കാരണമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
തറവാടി:
നൂറു ശതമാനവും കാര്യം തന്നെയാണ് പറഞ്ഞിരിക്കുന്നത്, അതു കൊണ്ട് തന്നെ ആ ‘കൊരട്ടി‘ ഇടണ്ടായിരുന്നു. എനിക്ക് നല്ല ബോധ്യമുണ്ട് , എന്തുകൊണ്ട് കമന്‍റ് കുറയുന്നു എന്നതില്‍. കിരണ്‍സ് അത് തന്നെ വ്യക്തമാക്കി ഉന്നയിച്ചപ്പോള്‍ പറഞ്ഞു എന്ന് മാത്രം. ഒട്ടുമിക്ക സാങ്കേതിക ബ്ലോഗുകള്‍ക്കും (അതു തന്നെ വിരലിലെണ്ണാവുന്നവയേ ഉള്ളൂ ) അത്ര നല്ല സ്വീകരണം ഒന്നുമല്ല ഇന്നത്തെ ബ്ലോഗര്‍ കമ്മ്യൂണിറ്റിയില്‍ (അങ്ങനെ ഒന്നുണ്ടോ..?) അതു മനസ്സിലാക്കി കൊണ്ട് തന്നെയാണ് ;നമ്മള്‍ പഠിച്ച് ,പ്രയോഗിച്ച് , പരീക്ഷിച്ച് കൊണ്ടിരിക്കുന്ന വിദ്യ, ഇന്ന് ഏറ്റവുമധികം ദുരുപയോഗം ചെയ്യുന്ന മേഖലകൂടിയായതിനാല്‍ ഒരു വിധം അക്കാഡമിക്ക് താല്പര്യത്തോടെ തന്നെ ഗൃഹപാഠം ബ്ലോഗില്‍ അവതരിപ്പിക്കുന്നത്. പ്രതിപാദിക്കുവാന്‍ ശ്രമിക്കുന്ന പോസ്റ്റുകളുടെ വിഷയ സൂചിക (പൂര്‍ണ്ണമല്ലെങ്കില്‍ കൂടി) പോലും തയ്യാറാക്കി, പോസ്റ്റുകളുടെ താളക്രമം കാത്തു സൂക്ഷിക്കണമെന്ന നിര്‍ബന്ധ ബുദ്ധിയോടെ തന്നെയാണ് തുടക്കം കുറിച്ചത്, ഇപ്പോഴും അത് തുടരുകയും ആണ് (ഈ പോസ്റ്റില്‍ ഒഴികെ). ഈ പോസ്റ്റുകള്‍ ബ്ലോഗര്‍മാര്‍ സ്വീകരിക്കുന്നുവോ ഇല്ലയോ എന്നതിനു മാനദണ്ഡമായി ഇപ്പോള്‍ നമ്മള്‍ കമന്റുകളുടെ എണ്ണം മാത്രമാണ് ആശ്രയിക്കുന്നത്. പക്ഷേ അതില്‍ വല്യ കാര്യമൊന്നുമില്ല എന്ന് തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളതും. ഞങ്ങളെ സംബന്ധിച്ചിടത്തോളം (ഗൃഹപാഠ ത്തില്‍) മുന്‍ പോസ്റ്റിനു നൂറ് കമന്‍റ് കിട്ടിയെന്ന് കരുതിയാലും അടുത്ത പോസ്റ്റ് തിരക്കിട്ട് ഉണ്ടാക്കുവാനാകില്ല എന്ന അവസ്ഥയുണ്ട്. കാരണം അവതരിപ്പിക്കുന്നത് ഒരു പരിധിവരെയെങ്കിലും കൃത്യമായിരിക്കണം എന്നുണ്ട്.പോസ്റ്റുകളുടെ എണ്ണം കുറഞ്ഞാലും ഉള്ളത് നന്നായി ചെയ്യണമെന്ന അതിമോഹം. അതുകൊണ്ട് തന്നെ ഒരിക്കലും കമന്‍റുകളുടെ എണ്ണം പോസ്റ്റുകളെ ബാധിക്കില്ലന്ന് തന്നെ കരുതുന്നു.
പക്ഷേ പ്രോത്സാഹനം കൊതിയ്ക്കാത്തവര്‍ ഉണ്ടാകുമോ. ആ ഊര്‍ജ്ജം വേണ്ടുവോളം ബൂലോഗത്തു നിന്നും കിട്ടുന്നുണ്ട് , ഇനിയും കിട്ടും എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

തറവാടി ഉന്നയിച്ച മറ്റൊരു കാര്യം; തീര്‍ച്ചയായും ഞാന്‍ ഒരു ഓവര്‍ ആക്ടീവ് ബ്ലോഗര്‍ അല്ല. പലപ്പോഴും വായിക്കുന്ന ബ്ലോഗുകളില്‍ എല്ലാം കമന്‍റ് ഇടാനും കഴിയാറില്ല. അതിനു കാരണം മിക്കപ്പോഴും പ്രിന്‍റ് എടുത്താവും ഇഷ്ട ബ്ലോഗുകള്‍ വായിക്കുക എന്നത് കൊണ്ടാണ്. (ഇപ്പോഴത്തെ സാഹചര്യം അതാണ്) ഓഫീസ് സമയത്ത് കമന്‍റ് അടിച്ചിരുന്നാല്‍ ശരിയാവില്ല. എങ്കിലും ഓഫീസ് സമയം കഴിഞ്ഞ് കിട്ടുന്ന അവസരങ്ങളില്‍ വായിക്കുന്നവയ്ക്ക് അപ്പോള്‍ തന്നെ കമന്‍റ് ഇടാന്‍ , ഒരു സ്മൈലിയെങ്കിലും , ശ്രമിക്കാറുണ്ട്.

തീര്‍ച്ചയായും കമന്‍റുകളുടെ അളവുതൂക്കം നോക്കി ഈ ബ്ലോഗ് പൂട്ടില്ല (ഇതിനര്‍ത്ഥം കമന്‍റുകള്‍ വേണ്ടന്നല്ല..)കാരണം ഇതിനകം തന്നെ 13 ലധികം പോസ്റ്റുകള്‍ ഡ്രാഫ്റ്റ് മോഡിലായി പ്പോയി..ഹ..ഹ.. അതെങ്കിലുമൊന്ന് തീര്‍ക്കണ്ടേ. തീര്‍ച്ചയായും തുടരും.

(എന്‍റെ ബ്ലോഗില്‍ തന്നെ ഓഫ് അടിച്ച് തീര്‍ക്കുകയാണിന്നു ഞാന്‍..ഹ..ഹ...)

ഷാജു: വാസ്തു അത്ര വലിയ പിടിയില്ല. കുമാര്‍ എന്നൊരു ‘പാര്‍പ്പിട‘ ക്കാരന്‍ ഉണ്ട്. പുള്ളി എന്തോ ചില സ്കൈയിലും ടേപ്പുമൊക്കെയായി നടപ്പുണ്ട്. എക്സല്‍ ഫയല്‍ (വാസ്തു അളവുകളും മറ്റും) എങ്ങിനെ ബ്ലോഗില്‍ അപ്‍ലോഡ് ചെയ്യാം എന്നൊക്കെ ഒരിക്കല്‍ ചോദിച്ചിരുന്നു. ദാ ഒരു ലിങ്ക്

ജോയ്‍മോന്‍: നന്ദി.

ആവനാഴി said...

പ്രിയ അലിഫ്,

താങ്കളുടെ വീടു നിര്‍മ്മാണത്തെപ്പറ്റിയുള്ള പോസ്റ്റ് വളരെ ഉപകാര പ്രദമാണ്. പ്ലാനുകള്‍ വളരെ പ്രയോജനം ചെയ്യുന്നു.

ഇനിയും കൂടുതല്‍ എഴുതൂ.

ഓ.ടോ. അദ്ധ്യായം 10 ല്‍ എന്റെ പ്രതികരണം എഴുതിയിട്ടുണ്ട്. വായിക്കുമല്ലോ.

സസ്നേഹം
ആവനാഴി

paarppidam said...

താങ്കള്‍ എടുക്കരുതെന്ന് പറഞ്ഞാലും ഞാന്‍ ഈ പ്ലാന്‍ കോപ്പി ചെയ്ത്‌ എടുക്കുവാന്‍ പോകുകയാണ്‌. എന്താ ചെയ്യുകാന്ന് അറിയണമല്ലോ?

അലീഫ്‌ ജി എന്താണ്‌ പുതിയ പോസ്റ്റുകള്‍ വരാത്തത്‌. പിന്നെ വാസ്തുവിന്റെ പുതിയ പുസ്തകം ഇറങ്ങുമ്പോള്‍ അറിറ്റിയിക്കുമല്ലോ?


paarppidam@yahoo.com

paarppidam said...

aleefji,
തങ്കളുടെ പുതിയ പോസ്റ്റുകളോ മെയിലിനും മറുപടിയോ ഒന്നും കാണുന്നില്ലല്ലോ? എന്തു പറ്റി?

Sathees Makkoth | Asha Revamma said...

alifji,
വളരെ ഉപകാരപ്രദമായ ഒരു ബ്ലോഗ് കണ്ട് പിടിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും കാണാന്‍ താമസിച്ചതിന്റെ സങ്കടവുമുണ്ട്.
സമയം കിട്ടുന്നതനുസരിച്ച് മുഴുവനും വായിക്കണമെന്നുണ്ട്.താങ്കളുടെ ശ്രമം തുടരട്ടെ.നന്ദി.ആശംസകള്‍!

Science Uncle - സയന്‍സ് അങ്കിള്‍ said...

കൊള്ളാം! വീണ്ടും എഴുതൂ...

-സയന്‍സ് അങ്കിള്‍

ബയാന്‍ said...
This comment has been removed by the author.
ബയാന്‍ said...

അലിഫ്: ഈ പോസ്റ്റിട്ട നാളിലേ; ഇതു വായിക്കുകയും കൂട്ടിലടക്കുകയും ചെയ്തിരുന്നു. പിന്നെ വീടു വെക്കാന്‍ ‘മുട്ടി’ നടക്കുന്നവര്‍ക്കു ഇതിന്റെയും പിന്നെ എസ് കുമാറിന്റെ പാര്‍പ്പിടത്തിന്റെ ഈ ലിങ്കും കൊടുത്തിരുന്നു. ഇന്നും ഇതിവിടെ കാണാന്‍ കഴിയുന്നതില്‍ സന്തോഷം അറിയിക്കട്ടെ.

ഇനിയിപ്പോള്‍ എനിക്കു ഒരു വീടു വെക്കണം തോന്നുമ്പോള്‍ “(ഈ ബ്ലോഗിലെ കുറിപ്പുകളുടെ പകര്‍പ്പവകാശം അലിഫ്,ഷം‍ല എന്നിവരിലേക്ക് പരിമിതപെടുത്തിയിരിക്കുന്നു. കുറിപ്പുകളുടെ ഒപ്പം ഉള്‍പ്പെടുത്തുന്ന ചിത്രങ്ങളും രൂപരേഖകളും ആര്‍ക്കിടെക്റ്റ് അബ്ദുല്‍ അലിഫ്, ആര്‍ക്കിടെക്റ്റ് ഷം‍ല അലിഫ് എന്നിവരുടെ രേഖാമൂലമുള്ള മുന്‍‍കൂര്‍ അനുവാദമില്ലാതെ ഏതുവിധത്തിലും ഉപയോഗിക്കുന്നത് ആര്‍ക്കിടെക്റ്റ്സ് ആക്റ്റ് 1972- (ഭാരത സര്‍ക്കാര്‍) അനുസരിച്ച് കുറ്റകരമാണ്.)
ഈ മുന്നറിയിപ്പ് ഒരു പ്രശ്നം തന്നെയല്ലെ?. ഇനിയിപ്പോ ന്താ ചെയ്യ. ?

കാഡ് ഉപയോക്താവ് said...

ഇത്രയും നല്ല ഒരു ബ്ളോഗ് കാണാന്‍ വൈകി. തുടര്‍ന്നും ഏഴുതുമല്ലോ. എന്താണ്‍ വലിയ ഒരു ഇടവേള. തിരക്കായിരിക്കും അല്ലേ?. സമയം കണ്ടെത്തുമെന്നു വിചാരിക്കുന്നു. Please don't stop this excellent blog.

AN said...

waiting for next posting......
ആശംസകള്‍...