11.3.07

കിടപ്പുമുറി- കുളിമുറി - അടുക്കള - രൂപകല്‍പനയുടെ പ്രാഥമിക പരിഗണനകള്‍

കിടപ്പുമുറിയുടെ രൂപകല്‍പനയില്‍ പ്രഥമപരിഗണന വേണ്ടത്‌ കഴിഞ്ഞ കുറിപ്പില്‍ സൂചിപ്പിച്ചത് പോലെ മതിയായ കാറ്റും വെളിച്ചവും കടന്ന് വരാനുള്ള ഉപാധികളൊരുക്കുകയെന്നതിനു തന്നെ. കട്ടിലിനു ചുറ്റും ശരിയായ രീതിയിലുള്ള വായു സഞ്ചാരമുണ്ടാകുന്ന വിധത്തില്‍ ജാലകങ്ങള്‍ ക്രമീകരിക്കണം. ചിത്രം 1 ശ്രദ്ധിക്കുക. ആദ്യത്തെതില്‍ ഇരു ഭാഗത്തെയും ഭിത്തികള്‍ക്ക്‌ മദ്ധ്യഭാഗത്ത്‌ വരും വിധം3 + 3 , 6 പാളികളുടെ ജാലകങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു, ഫലമോ, വളരെ കുറഞ്ഞ്‌ ഭാഗത്ത്‌ മാത്രം , കൃത്യമായി പറഞ്ഞാല്‍ ആ ജാലകങ്ങള്‍ക്കിടയില്‍ വരുന്ന ഒരു മൂലയില്‍ മാത്രം വായു കിടന്ന് കറങ്ങാനിടവരുത്തുന്നു. അതില്‍ തന്നെയുള്ള അടുത്ത ചിത്രം നോക്കൂ, 3 പാളികള്‍ ഉള്ള ഒരു ജനാല ഒരു ഭിത്തിയുടെ മധ്യഭാഗത്തും , മറ്റൊരു 2 പാളിയുള്ള ജനാല അടുത്ത ഭിത്തിയുടെ ഒരു വശം ചേര്‍ത്തും ക്രമീകരിച്ചിരിക്കുന്നു. ആകെ 5 പാളികളെയുള്ളൂവെങ്കിലും വായുസഞ്ചാരത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുവാന്‍ കഴിഞ്ഞു. ഇത്‌ ഒന്നു കൂടി വിപുലീകരിച്ച്‌ രണ്ട്‌ പാളികളെ ഒറ്റപാളികളാക്കി തിരിച്ച്‌ രണ്ട്‌ ഭാഗത്ത്‌ വെച്ച്‌ കുറേകൂടി കാറ്റ്‌ ഉള്ളില്‍കടന്ന് പുറത്ത്‌ പോകാനുള്ള സാധ്യത ഉണ്ടാക്കിയെടുക്കാം. (ഒറ്റ പാളി ജനാലകള്‍ ചെലവ്‌ അധികരിപ്പിക്കുമെങ്കിലും സൌകര്യപ്രദമാണ് )
ഒരു വീട്ടിലെ മൂലകളില്‍ വരുന്ന കിടപ്പുമുറികള്‍ക്കേ ഈ സൗകര്യം കിട്ടുകയുള്ളൂവെങ്കില്‍ കൂടി പരമാവധി ഇത്തരത്തിലാക്കുന്നതിന്‌ ശ്രമിക്കാവുന്നതേയുള്ളൂ.ഈ ചിത്രംപികാസവെബ്ബില്‍

ജാലകങ്ങള്‍ക്ക്‌ അഭിമുഖമായി കട്ടില്‍ (ചിത്രം 1 -ആദ്യ മാതൃക) ഇടാതിരിക്കുയാവും നല്ലത്‌, അതുപോലെ വാതിലുകള്‍ തുറക്കുന്നതിനഭിമുഖമായും. സ്വീകരണമുറിയില്‍ നിന്നോ, ഊണുമുറിയില്‍ നിന്നു തന്നെയും നേരിട്ട്‌ ശ്രദ്ധപതിയാത്തവണ്ണം കിടപ്പുമുറിയുടെ വാതിലുകള്‍ ക്രമീകരിക്കുന്നത്‌ നന്നായിരിക്കും. കുളിമുറികള്‍ ആദ്യം കൊടുത്ത്‌ ഇടനാഴി രീതിയില്‍ (മിക്ക ഹോട്ടലുകളിലും കാണുന്ന രീതി)ചെയ്യുന്നത്‌ കൂടുതല്‍ സ്വകാര്യതയ്ക്കും കിടപ്പുമുറിയുടെ സ്ഥലം സൗകര്യമായി ഉപയോഗിക്കാനും നല്ലതാണ്‌. പക്ഷേ ചെറിയ മുറികള്‍ക്ക്‌ നല്ലതല്ല.

കിടപ്പുമുറികളില്‍ ആവശ്യത്തിന്‌ വാര്‍ഡ്രോബുകളും മറ്റും നിര്‍മ്മിക്കാനുള്ള സ്ഥലമൊരുക്കാന്‍ ആദ്യമേ ശ്രദ്ധിക്കുന്നത്‌ നല്ലത്‌. പുറം ഭിത്തിയില്‍ കഴിയുമെങ്കില്‍ അലമാരകള്‍ കൊടുക്കാതിരിക്കുക. പുറത്തെ ഈര്‍പ്പം കലര്‍ന്ന കാലാവസ്ഥയില്‍ അലമാരകളില്‍ സൂക്ഷിക്കുന്ന തുണികളിലേക്ക് നനവ് പടരുവാനും പൂപ്പല്‍ ഉണ്ടാകുവാനുമിടയാകും. കിടപ്പുമുറിയോട്‌ ചേര്‍ന്നുള്ള കുളിമുറിയുടെയും മറ്റും പ്ലംമ്പിംഗ്‌ ലൈനുകള്‍ പോകുന്ന ഭിത്തിയോട്‌ ചേര്‍ന്നും അലമാരകള്‍ കൊടുക്കുന്നത്‌ നല്ലതല്ല. വാര്‍ഡ്രോബിനോട്‌ ചേര്‍ന്ന് ഒരു ഡ്രെസ്സിംഗ്‌ സ്പേസോ അല്ലെങ്കില്‍ വാര്‍ഡ്രോബുകളുള്‍പ്പെടെ അതിനായി ഒരു ചെറിയ റൂം തന്നെയോ കൊടുക്കുന്നത്‌ ഇപ്പോള്‍ സാധാരണമാണ്‌. ഡ്രെസ്സിംഗ്‌ മുറിയായി കൊടുക്കുകയാണെങ്കില്‍ അതില്‍ നിന്നും കുളിമുറിയിലേക്ക്‌ വാതില്‍ കൊടുക്കുന്നതാവും (കിടപ്പുമുറി> ഡ്രെസ്സ് > കുളിമുറി എന്ന നിലയില്‍) നല്ലത്‌. ഇരുവശവും നിരനിരയായി ഷെല്‍ഫുകളൊക്കെ കൊടുക്കുന്ന പാശ്ചാത്യമാതൃകയിലുള്ള 'വാക്ക്‌ ഇന്‍ വാര്‍ഡ്രോബുകള്‍' ആണിപ്പോഴെത്തെ മറ്റൊരു രീതി.

ഇപ്പോള്‍ മിക്ക വീടുകളിലും ഒഴിവാക്കുന്നതാണെങ്കിലും, കിടപ്പുമുറികള്‍ക്കും മറ്റും വാതിലുയരത്തിനുമുകളില്‍ സ്ലാബ്‌ (ബെര്‍ത്ത്‌ സ്ലാബ്‌) കൊടുക്കുന്നുണ്ടങ്കില്‍ അത്‌ വാതിലിനു നേരെ മുകള്‍ ഭാഗത്ത്‌ (ചിത്രം 1 - 2/3 മാതൃക) കൊടുക്കുന്നതാവും നല്ലത്‌. വാതില്‍ തുറക്കുമ്പോള്‍ ഒരു തടസ്സം പോലെ ഒരു സ്ലാബ്‌ കാണുന്നത്‌ (ചിത്രം 1 - ഒന്നാമത്തെ മാതൃക) അഭംഗിയായിരിക്കും. ഈ സ്ലാബ്‌ വെറുതെ തുറന്ന് ഇടാതെ അടച്ചെടുക്കുന്നതാവും നല്ലത്‌, മിക്കയിടങ്ങളിലും വൃത്തിയാക്കാനാവാതെ പൊടിയുടെ സംഭരണം സ്ഥലം മാത്രമാണീ സ്ലാബുകള്‍. ചിലവീടുകളില്‍ മുറികളുടെ നാലുവശത്തും ഇതുപോലെ സ്ലാബുകള്‍ ചെയ്ത്‌ വെച്ചിരിക്കുന്നത്‌ എന്തിനാണെന്ന് ഇനിയും മനസ്സിലാവാത്ത ഒരു കാര്യമാണ്‌..!!

കുറച്ച്‌ വലിയ മുറിയാണെങ്കില്‍, അത്യാവശ്യം എഴുതുവാനുള്ള ഒരു മേശ,ഒന്നോ രണ്ടൊ ഒറ്റ സോഫയുമൊക്കെ അഭിരുചിക്കനുസരിച്ച്‌ ഒരുക്കാം, പക്ഷേ അതൊക്കെയും പ്രാഥമിക ഘട്ടത്തില്‍ തന്നെ ആലോചിച്ച്‌, അതിനനുസരിച്ച്‌ രൂപകല്‍പനചെയ്യുന്നത്‌ പിന്നീട്‌ അധികചെലവുകള്‍ വരുന്നത്‌ ഒഴിവാക്കാം.

പലപ്പോഴും കോണ്‍ക്രീറ്റ്‌ ചെയ്യുന്ന ദിവസം രാവിലെയാകും ഇലക്ട്രീഷനെ വിളിച്ച്‌ പൈപ്പിടുന്നതും ഫാനിന്റെ ഹൂക്ക്‌ പിടിപ്പിക്കുന്നതുമൊക്കെ. അപ്പോള്‍ ആലോചനയില്ലാതെ അയാള്‍ക്ക്‌ ഏറ്റവും സൗകര്യമായരീതിയില്‍ മുറികളുടെ മധ്യഭാഗത്ത്‌ ഹൂക്കും പൈപ്പും കൊണ്ടിടുന്നത്‌ മൂലമുണ്ടാകുന്ന അസൗകര്യം മിക്കവീടുകളുടെയും വലിയ കിടപ്പുമുറികളിലെ ഫാന്‍ മുറിയുടെ മധ്യഭാഗത്തും കട്ടില്‍ വേറേ ഏതെങ്കിലും മൂലയിലുമാകുന്നതായി കാണാവുന്നതാണ്‌. കട്ടിലിന്റെ സ്ഥാനമൊക്കെ കാലേകൂട്ടിതീരുമാനിക്കുന്നത്‌ കുറച്ചെങ്കിലും അസൗകര്യങ്ങള്‍ കുറയ്ക്കും.

കുളിമുറികളുടെ ക്രമീകരണത്തില്‍ പാലിക്കേണ്ട പ്രാഥമിക തത്വം നനയുവാനിടയുള്ള സ്ഥലവും നനയാന്‍ സാധ്യതയില്ലാത്ത ഇടവും (Wet area & Dry area) തമ്മില്‍ ഒരു സാങ്കല്‍പ്പിക വേര്‍തിരിക്കലാണ്‌. വാതിലിനടുത്തുള്ള സ്ഥലം Dry area ആയി കണക്കാക്കി കുളിക്കുന്നയിടം പരമാവധി അകലത്തില്‍ ക്രമീകരിക്കാന്‍ അത്ര ബുദ്ധിമുട്ടില്ലാത്ത കാര്യമാണ്. വാഷ്‌ ബേസിന്‍ , വെസ്റ്റേണ്‍ ക്ലോസറ്റ്‌ ആണങ്കില്‍ അത്‌, മുതലായവയാണ്‌ നനയാനിടയില്ലാത്ത സ്ഥലത്ത്‌ വരേണ്ടത്‌. അതു കഴിഞ്ഞ്‌ കുളിക്കുന്ന സ്ഥലം.(ചിത്രം 2) ഇന്ത്യന്‍ ക്ലോസറ്റ്‌ ആണെങ്കിലും ഒന്ന് ശ്രദ്ധിച്ചാല്‍ പരമാവധി നനവ്‌ കുളിമുറിയില്‍ പടരുന്നതും, കുളിക്കുന്ന വെള്ളം (സോപ്പുകലര്‍ന്ന വെള്ളം) ക്ലോസറ്റില്‍ വീഴുന്നതുമൊക്കെ ഒഴിവാക്കാനാകും.ഈ ചിത്രംപികാസവെബ്ബില്‍

കുറച്ച്‌ വലിയ കുളിമുറിയാണെങ്കില്‍ നനയുന്നയിടം പ്രത്യേകമായി തിരിച്ച്‌ ഷവര്‍ കര്‍ട്ടന്‍ ഒക്കെയിടാവുന്നതാണ്‌. അല്ലെങ്കില്‍ ഗ്ലാസ്സും അലുമിനിയമോ സ്റ്റീലോ ഒക്കെ ഉപയോഗിച്ച്‌ കുളിക്കുന്നസ്ഥലം വേര്‍തിരിച്ച്‌ തന്നെയാക്കാം. (ചിത്രം 3) ഇത്‌ നമ്മുടെ സ്ഥലപരിമിതിക്കനുസരിച്ച്‌ ചെയ്തെടുക്കുകയോ, റെഡിമേയ്ഡ്‌ ആയത്‌ വാങ്ങി ഫിറ്റ്‌ (ചെലവ്‌ നല്ലതു പോലെ ഉയരും) ചെയ്യുകയോ ആവാം. വെള്ളം തെറിക്കില്ലന്നത്‌ കൊണ്ട്‌ കുളിക്കുന്ന ഭാഗമൊഴികെയുള്ള ഭിത്തികള്‍ക്ക്‌ ടൈല്‍ ഒട്ടിക്കാതെ അഭിരുചിക്കനുസരണമായ നിറം കൊടുക്കുകയുമൊക്കെയാവാം . പക്ഷേ വലിയ ബാത്ത്‌ റൂമുകള്‍ക്കേ ഇത്‌ ചേരുകയുള്ളൂ.

ബാത്ത്‌ റൂമുകളൂടെ എണ്ണം, വലിപ്പം എന്നിവ ആകെയുള്ള നിര്‍മ്മാണ ചെലവില്‍ ഗണ്യമായ പ്രതിഫലനമുണ്ടാക്കും. കുളിക്കാനുള്ള ഇടം, ക്ലോസറ്റ്‌, വാഷ്‌ ബേസിന്‍ എന്നിവയടങ്ങുന്ന കുളിമുറിക്ക്‌ ഏറ്റവും കുറഞ്ഞത്‌ 6 അടി നീളവും 5 അടിയെങ്കിലും വീതിയും വേണം. വീതി കൂടുന്നതില്‍ വലിയ കാര്യമില്ല. നീളം 7.5 / 8 അടിയെങ്കിലുമുണ്ടങ്കിലേ ഷവര്‍ കര്‍ട്ടൊനൊക്കെയിട്ടാല്‍ അസൗകര്യമുണ്ടാവാതിരിക്കൂ. ബാത്ത്‌ ടബ്ബ്‌ കൊടുക്കുന്നതൊന്നും ഇപ്പോള്‍ ഫാഷനല്ലങ്കിലും ടബ്ബ്‌ കൊടുക്കുന്നയിടത്തെ വീതി ഏറ്റവും കുറഞ്ഞത്‌ 6 അടിയെങ്കിലുമുണ്ടായിരുന്നാലെ, വിപണിയില്‍ വാങ്ങാന്‍ കിട്ടുന്ന തരം ടബ്ബുകള്‍ ഉറപ്പിക്കുവാന്‍ കഴിയൂ എന്നറിയുക.ഈ ചിത്രംപികാസവെബ്ബില്‍

അത്യാവശ്യം റ്റോയ്‌ലറ്റ്‌ സാമഗ്രികള്‍, ടവലുകള്‍ മുതലായവ സൂക്ഷിക്കാനുള്ള കാബിനറ്റുകള്‍ ഒക്കെ നനവു തട്ടിയാലും കുഴപ്പമില്ലാത്ത തരം പി.വി.സി മുതലായവകൊണ്ട്‌ ഉണ്ടാക്കിയെടുക്കുകയോ വിപണിയില്‍ നിന്ന് വാങ്ങിഫിറ്റ്‌ ചെയ്യുകയോ ആവാം. ഒന്നിലധികം ബാത്ത്‌ റൂമുകള്‍ അടുത്തടുത്ത്‌ വരുന്ന വിധവും ,ഒന്നില്‍ തന്നെ ജല ഗമന നിര്‍ഗമന കുഴലുകളും മറ്റും ഒരേ നിരയില്‍ സ്ഥപിക്കുന്നതുമൊക്കെ ചെലവ്‌ ഗണ്യമായി കുറയ്ക്കും.

കുളിമുറിക്കുള്ളിലേക്കുള്ള ഒരു സ്വിച്ച്‌ പുറത്ത്‌ ബെഡ്‌റൂമിലാവുന്നതാവും രാത്രിയില്‍ ഉപയോഗിക്കാനുമൊക്കെ സൗകര്യം. അതുപോലെ പ്രകാശവും വായു സഞ്ചാരവുമൊക്കെ നല്ല രീതിയില്‍ നടക്കുന്ന വിധമാകണം കുളിമുറിയുടെ വെന്റിലേറ്ററിന്റെ സ്ഥാനവും വലിപ്പവും. പലയിടത്തും കണ്ടിട്ടുള്ളത്‌ മറ്റ്‌ ജനാലകള്‍ക്കൊക്കെ നല്ല വലിപ്പവും കുളിമുറികളുടെ വെന്റിലേറ്ററുകള്‍ വളരെ ചെറുതും (മിക്കപ്പോഴും ഇവ പുറകവശത്തായതിനാല്‍ ആരു കാണാന്‍ എന്ന മനോഭാവമാവും)ആയിട്ടാണ്‌. 90X60 സെന്റി മീറ്റര്‍ (3 അടി വീതി , രണ്ടടി ഉയരം) വലിപ്പമേ ആകാവൂ എന്ന് നിയമമൊന്നുമില്ല, കുളിമുറികളുടെ വലിപ്പമനുസരിച്ചുള്ള വെന്റിലേറ്റര്‍ അനിവാര്യമാണ്‌. പുറം ഭിത്തിയില്‍ മുകളില്‍ എയര്‍ഹോള്‍ കൊടുക്കുന്നതും , വാതില്‍ പാളിയുടെ താഴെ ഒരു ചെറിയ വിടവെങ്കിലും കൊടുക്കുന്നതും കുളിമുറിയ്ക്കുള്ളിലെ വായുസഞ്ചാരം സുഗമമാക്കും, അല്ലെങ്കില്‍ കുളിച്ച്‌ തോര്‍ത്തുമ്പോഴേക്കും വിയര്‍ത്ത്‌ കുളിച്ചിട്ടുണ്ടാവുമെന്നുറപ്പ്‌.

കന്നിമൂലയില്‍ (തെക്ക്‌ പടിഞ്ഞാറ്‌ )കുളിമുറിയും കക്കൂസുമൊന്നും കൊടുക്കാത്തതിനു കാരണമായി ഞങ്ങള്‍ക്ക്‌ തോന്നുന്നത്‌ നമ്മുറ്റെ നാട്ടിലെ കാറ്റിന്റെ ഗതിയനുസരിച്ചുള്ള ഒരു ക്രമീകരണമായിട്ടാണ്‌. ലഭ്യമായ തെക്കുപടിഞ്ഞാറന്‍ കാറ്റിനെ വെറുതെയെന്തിന്‌ കുളിമുറിയിലേക്ക്‌ മാത്രം കൊണ്ട്‌ വരണം. അതുപോലെ തന്നെ കുളിമുറിയുടെ സ്ഥാനം ഏത്‌ മൂലകളിലാവുന്നതും മറ്റ്‌ മുറികള്‍ക്ക്‌ അവശ്യം കിട്ടാനുള്ള കാറ്റും വെളിച്ചവും കുറയ്ക്കുവാന്‍ കാരണമാകുമെന്ന് തോന്നിയിട്ടുണ്ട്‌. കുളിമുറിക്ക്‌ ഒരു പുറം ഭിത്തി ധാരാളമാണ്‌, പക്ഷേ ഉറപ്പായിട്ടും അതുണ്ടാവുകയും വേണം.

ഒരു വീടിന്റെ ഫിനിഷിംഗ്‌ ചെലവില്‍ കാര്യമായ സ്വാധീനം ചെലുത്തുന്ന ഒന്നാണ്‌ അടുക്കള. പലപ്പോഴും, വെറുതെ വലിപ്പം കൂട്ടാന്‍ വേണ്ടി മാത്രമാണ്‌ മിക്ക അടുക്കളകളും പണിത് കണ്ടിട്ടുള്ളത്‌. ഉപയോഗക്ഷമമായ അടുക്കള കുടുംബിനിയുടെ സ്വത്താണ്‌, അതിന്റെ രൂപകല്‍പ്പനയില്‍ അവര്‍ക്കുള്ള പങ്ക്‌ വിസ്മരിക്കുന്നതില്‍ കാര്യമില്ല. ആരാണ്‌ ഉപയോഗിക്കുന്നത്‌ എന്നതിനനുസരിച്ചുള്ള ക്രമീകരണം വീട്ടിലെ ആഹാര ഫാക്ടറിയുടെ ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കും, ഉപയോഗിക്കുന്നവര്‍ക്ക് ആയാസരഹിതമായി പാചകം ആസ്വദിക്കുവാനുമാകും.

സ്ഥലപരിമിതി, വീടിന്റെ മറ്റ്‌ ഭാഗങ്ങളുമായുള്ള ബന്ധം,ബഡ്‌ജറ്റ്‌ എന്നിവയൊക്കെ അനുസരിച്ച്‌ അടുക്കളയുടെ രൂപകല്‍പന പലതരത്തിലും രൂപത്തിലുമാകാം. എങ്കിലും പ്രധാനമായും മൂന്ന് കേന്ദ്രങ്ങളെ -സംഭരണം, പാചകം, കഴുകല്‍ - തമ്മിലെ ഫലപ്രദമായിയോജിപ്പിക്കുന്നതിനാണ്‌ പ്രാഥമിക പരിഗണന നല്‍കാറുള്ളത്, ഒപ്പം വീട്ടമ്മയുടെ ഉയരത്തിനനുസരിച്ചുള്ള കാബിനറ്റുകള്‍, വര്‍ക്ക്‌ ടേബിള്‍ എന്നിവ ക്രമീകരിക്കുന്നതിനും.

(അടുക്കളയെകുറിച്ച് ഏറെ വിശദീകരണങ്ങളും ചിത്രങ്ങളും വേണമെന്നതിനാല്‍ അടുത്ത പോസ്റ്റിലേക്ക്.....

.........തുടരും)

2 comments:

ശാലിനി said...

പോസ്റ്റ് വായിച്ചു. എല്ലാ‍ കാര്യങ്ങളും നന്നായി വിശദീകരിച്ചു പറഞ്ഞിരിക്കുന്നു. നന്ദി.

ഒരു കുളിമുറിക്ക് രണ്ട് വാതില്‍ കൊടുക്കേണ്ടി വരുമ്പോളുള്ള ക്രമീകരണം കൂടി ചേര്‍ക്കാന്‍ പറ്റുമോ? അതായത്, രണ്ട് കിടപ്പുമുറിക്കും കൂടി കോമണ്‍ കുളിമുറി, അല്ലെങ്കില്‍ കിടപ്പുമുറിയോടു ചേര്‍ന്ന കുളിമുറിയില്‍ പുറത്തുനിന്ന് ഒരു വാതില്‍ - അങ്ങനെയൊരു ക്രമീകരണം?

അടുക്കളയെകുറിച്ചുള്ള പോസ്റ്റിനുവേണ്ടി കാത്തിരിക്കുന്നു. സമയമെടുത്താലും, ഇതുപോലെ വിശദീകരിച്ചെഴുതുന്നതാണ് നല്ലത്.

അലിഫ് /alif said...

ശാലിനി
കമന്റിന്‌ നന്ദി.
രണ്ട്‌ കിടപ്പുമുറികള്‍ക്കും ചേര്‍ത്ത്‌ ഒരു ബാത്ത്‌ റൂം കൊടുക്കുന്നതിനെകുറിച്ച്‌ ചോദിച്ചിരുന്നല്ലോ. അത്‌ വിശദമാക്കുന്ന മാതൃകാ സ്കെച്ചുകള്‍
ഇവിടെ
ചേര്‍ത്തിട്ടുണ്ട്‌. രണ്ട്‌ മുറികളില്‍ നിന്നും വാതില്‍ ഏകദേശം അടുത്തടുത്ത ഭിത്തികളില്‍ വരുന്ന പോലെ (ഇത്‌ വീടിന്റെ മൊത്തം രൂപകല്‍പനയെയും ബാധിക്കും) ഡിസൈന്‍ ചെയ്താലെ കുളിമുറിക്കുള്ളില്‍ Wet & Dry Area ശരിയായ രീതിയില്‍ വേര്‍തിരിക്കാന്‍ കഴിയൂ. രണ്ട്‌ വാതിലുകളും തടസ്സമില്ലാതെ തുറക്കണമെങ്കില്‍ കുളിമുറിക്ക്‌ കുറച്ച്‌ നീളം കൂട്ടേണ്ടതുണ്ട്‌.(ചിത്രത്തിലെ ഒന്നാം മാതൃക) അതല്ല, ഒരു വാതില്‍ തുറക്കുമ്പോള്‍ അടുത്ത വാതിലെന്തായാലും അടഞ്ഞിരിക്കുമെന്ന് സങ്കല്‍പ്പിച്ചാല്‍ ചിത്രത്തിലെ രണ്ടാമത്തെ മാതൃകപോലെ ചെയ്യാം. നീളം വര്‍ദ്ധിപ്പിക്കേണ്ടതില്ല. ഇനി ഇതല്ല, എതിര്‍ ദിശയിലുള്ള രണ്ട്‌ ചുമരിലാണ്‌ വാതില്‍ വരുന്നതെങ്കില്‍ , ചില പരിമിതികളും ചെലവ്‌ കൂടുതലുമുണ്ടങ്കിലും ചിത്രത്തിലെ മൂന്നാമത്തെ മാതൃകപോലെയാകാം. വീതി 6 അടിയെങ്കിലും കൊടുക്കാനായാല്‍ നല്ലത്‌ ,ഒപ്പം നീളം ഭിത്തികളില്‍ വാതില്‍ വരാതെ നോക്കുകയും വേണം. ഇതൊന്നുമല്ലാതെ രണ്ട് മുറികളും തമ്മിലൊരു ഇടനാഴി കൊടുത്ത് അതില്‍ നിന്നും ഒരു വാതില്‍ മാത്രം കൊടുക്കാം( ആകെ 3 വാതിലായി )വിസ്തീര്‍ണ്ണം കൂടുമെന്നതിനാല്‍ ചെലവും കൂടും.

ഇതിലെ സ്കെച്ചുകളെല്ലാം മാതൃകകള്‍ മാത്രമാണ്‌, വീടിന്റെ മൊത്തം ആകൃതിയേയും സ്വഭാവത്തെയും ബാധിക്കുന്നതായതിനാല്‍ അതനുസരിച്ചുള്ള മാറ്റങ്ങള്‍ വരാം.

(ബ്ലോഗ്‌ ബീറ്റാ കുഞ്ഞ്‌, പോസ്റ്റ്‌ എഡിറ്റ്‌ ചെയ്യാന്‍ സമ്മതിക്കുന്നില്ല, അതുകൊണ്ടിത്‌ തല്‍ക്കാലം കമന്റില്‍ കിടക്കട്ടെ)