10.1.07

ഭവനനിര്‍മ്മാണത്തിനുള്ള തയ്യാറെടുപ്പ്‌.


വീടുവെയ്ക്കുവാനുള്ള സ്ഥലം തിരഞ്ഞെടുത്തുകഴിഞ്ഞു. ഇനി ആസൂത്രണം, ബഡ്‌ജറ്റുണ്ടാക്കല്‍, മൂലധന സമാഹരണം തുടങ്ങിയ നിരവധി കാര്യങ്ങള്‍. വര്‍ഷങ്ങളോളം ഒറ്റയ്ക്കും കൂട്ടായും കണ്ട സ്വപ്നങ്ങള്‍, ഫലപ്രാപ്തിയിലേക്കെത്തിയ്ക്കാന്‍ കടുത്ത പരിശ്രമം തന്നെ വേണ്ടിവരും.

നമ്മുടെ വീട്ടില്‍ നമുക്കെന്തല്ലാം വേണം, കുടുംബാംഗങ്ങള്‍ക്കെല്ലാം ഒരുപോലെ ഉപകാരപ്രദവും ഉല്ലാസകരവുമാവണമെങ്കില്‍ എന്തൊക്കെ ചെയ്യണം പുതുതായി വെക്കുന്ന വീട്ടില്‍, തുടങ്ങിയകാര്യങ്ങള്‍ കുടുംബമായിരുന്ന് കൂട്ടായി ചര്‍ച്ചചെയ്യുക. എല്ലാവരുടേയുമാവശ്യങ്ങള്‍ പരിഗണനയ്ക്ക്‌ വരട്ടെ. വീടിനെ കുറിച്ചുള്ള സ്വപ്നങ്ങള്‍ പങ്കുവെയ്ക്കുവാനുള്ളതുമാകണം ഈ ചര്‍ച്ചകള്‍.ആവശ്യങ്ങളും അത്യാവശ്യങ്ങളും തരം തിരിച്ചെടുക്കുക,(ചെലവുകുറയ്ക്കലിന്റെ ഒന്നാമത്തെ പാഠമാണീ തരംതിരിച്ചെടുക്കല്‍) പറ്റുമെങ്കില്‍ ഒക്കെയും പിന്നീട്‌ ഉപകാരപ്രദമാകും വിധം കുറിപ്പുകള്‍ എഴുതിയുണ്ടാക്കുന്നത്‌ നന്നായിരിക്കും.

ഈ സമയത്ത്‌ തന്നെ, അടുത്തിടെ പണികഴിപ്പിച്ച സുഹൃത്തുക്കളുടെ, ബന്ധുക്കളുടെ ഒക്കെ വീടുകള്‍ നിരീക്ഷണബുദ്ധിയോടെ സന്ദര്‍ശിക്കുന്നത്‌ പതിവാക്കുക. അത്‌ ആ വീടുകള്‍ പകര്‍ത്താനല്ല, മറിച്ച്‌ അവിടെയുള്ള നല്ലതും ചീത്തയുമായ കാര്യങ്ങള്‍ മനസ്സില്‍ പകര്‍ത്തികിട്ടുന്നത്‌ പിന്നീട്‌ പ്ലാനിംഗ്‌ സ്റ്റേജില്‍ പ്രയോജനപ്പെടും. ഒപ്പം പുതിയ ട്രന്റ്‌കളെക്കുറിച്ചും പുതിയ നിര്‍മ്മാണവസ്തുക്കളെക്കുറിച്ചുമുള്ള അവബോധമുണ്ടാകുകയും ചെയ്യും.

ഇതിനൊപ്പം തന്നെ ചെയ്യേണ്ടുന്ന മറ്റൊരു സംഗതിയാണ്‌ 'ബഡജറ്റിംഗ്‌'. വീടുണ്ടാക്കാന്‍ നമുക്ക്‌ എത്രരൂപ ചെലവാക്കാന്‍ കഴിയും, കയ്യിലുള്ളത്‌ എത്ര, വായ്പയെടുക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത്‌ എത്രയ്ക്ക്‌, തിരിച്ചടവിന്റെ കാലാവധി എത്രവര്‍ഷം, അതിന്റെ പലിശനിരക്കുകളുണ്ടാക്കാന്‍ സാധ്യതയുള്ള വരും വര്‍ഷങ്ങളിലെ അധികബാധ്യതകള്‍ തുടങ്ങിയ കാര്യങ്ങള്‍, ഒക്കെയും എഴുതിവെക്കുക. ബാങ്കുകളുടെയും മറ്റ്‌ ഭവനവായ്പ നല്‍കുന്ന ധനകാര്യ സ്ഥാപനങ്ങളുടെയും ആ സമയത്തെ പ്രത്യേകസ്കീമുകളെ കുറിച്ചൊക്കെ ഏകദേശധാരണ ഉണ്ടാക്കിയെടുക്കുക. ഇവിടങ്ങളില്‍ നിന്നും വായ്പയെടുത്തിട്ടുള്ള സുഹൃത്തുക്കളോടുമൊക്കെ തിരിച്ചടവിന്റെ രീതിയെക്കുറിച്ചും മറ്റും അന്വേഷിക്കുന്നത്‌ നന്നായിരിക്കും (ഹൗസിംഗ്‌ ലോണിനെ കുറിച്ച്‌ പിന്നീട്‌ വിശദമായി എഴുതാമെന്ന് കരുതുന്നു)

ഇപ്പോഴത്തെ നിര്‍മ്മാണസാമഗ്രികളുടെ വിലയും, ജോലിക്കൂലിയുമൊക്കെ അനുസരിച്ച്‌ സാധാരണ വീടുകള്‍ക്ക്‌ 400-500 രൂപയും, കുറച്ച്‌ കൂടി മുന്തിയതരം ഫിനിംഷിങ്ങിന്‌ 600 - 700 രൂപയും , വളരെ നല്ല രീതിയിലുള്ള ഫിനിഷ്‌ ചെയ്തെടുക്കണമെങ്കില്‍ 800-1000 രൂപയും അതിനുമുകളിലുമൊക്കെയാണ്‌ ഒരു ചതുരശ്ര അടി വിസ്തീര്‍ണത്തിനുള്ള നിര്‍മ്മാണചെലവുകള്‍. അടിസ്ഥാന രൂപത്തിനും (സ്ട്രക്ചര്‍ എന്ന് വിളിക്കുന്നത്‌) ഫിനിഷിംഗിനും ഏതാണ്ട്‌ 50% വീതം , സാധാരണനിലയിലുള്ള ഫൗണ്ടേഷനുമൊക്കെയാണങ്കില്‍ നിര്‍മ്മാണചെലവ്‌ കണക്കാക്കാം. പലപ്പോഴും ഫിനിഷിംഗ്‌ ജോലികള്‍ക്കാണ്‌ ചെലവേറുന്നതായി കണ്ടിട്ടുള്ളത്‌.(ഇതിനെ കുറിച്ചും പിന്നീട്‌ വിശദമാക്കാം)

നമുക്ക്‌ വേണ്ടതരം ഫിനിഷിങ്ങുമൊക്കെ കണക്കാക്കിയാല്‍ എത്ര ചതുരശ്ര അടിയുടെ വീട്‌ ഉദ്ദേശിക്കുന്ന ബഡജറ്റില്‍ വെക്കാനാവുമെന്ന് കണ്ടത്താം. അതുപോലെ തിരിച്ച്‌ ഇത്ര ചതുരശ്ര അടിയുടെ വീട്‌ എത്രരൂപയ്ക്കെന്നും. ഈ സമയത്ത്‌ ഏകദേശകണക്ക്‌ മതി, പക്ഷേ അതുണ്ടാവുക തന്നെ വേണം.

നിര്‍മ്മാണചെലവ്‌ കണക്കാക്കാന്‍ വീടിന്റെ വിസ്തീര്‍ണ്ണം പലപ്പോഴും തെറ്റായരീതിയിലാവും കണക്കാക്കുക. ഉദാഹരണത്തിന്‌ ഒരു ചെറിയ വീട്‌ (ചിത്രം ശ്രദ്ധിയ്ക്കുക) സ്വീകരണമുറി -120sq.ft, ഊണുമുറി-110sq.ft, കിടപ്പുമുറി- 120 sq.ft, അടുക്കള - 100sq.ft, കുളിമുറി-30sq.ft, ഒരു ചെറുവരാന്ത - 30sq.ft, ആകെ 510 sq.ft. പക്ഷേ ഇത്‌ മുറികള്‍ക്കുള്ളിലുള്ള അളവുകള്‍ക്കനുസൃതമായ വിസ്തീര്‍ണ്ണമാണ്‌. ഇതിനെ നമ്മള്‍ 'ഉള്ളളവ്‌' അഥവാ കാര്‍പെറ്റ്‌ ഏരിയ എന്നു വിളിക്കും.



നിര്‍മ്മാണചെലവ്‌ കണക്കാക്കണമെങ്കില്‍ ചുവരുകളുടെയും മറ്റും അളവുകൂടി ഉള്‍പ്പെടുത്തി, 'കെട്ടളവ്‌' അല്ലെങ്കില്‍ പ്ലിന്ത്‌ ഏരിയ എടുത്താലെ മതിയാവുകയുള്ളൂ. മുറികളുടെ ഉള്‍വിസ്തീര്‍ണ്ണത്തിന്റെയൊപ്പം ഏകദേശം 18-20 ശതമാനമാണ്‌ ചുവരുകള്‍ കൂടിചേര്‍ത്തുകൊണ്ടുള്ള കെട്ടളവില്‍ അധികമായി വരിക. നമുക്ക്‌ ഇപ്പോ ഏകദേശകണക്ക്‌ മതിയെന്നതിനാല്‍ 20% തന്നെ കൂട്ടിയിടുക. അതായത്‌ 510+ 102 = 612 ചതുരശ്ര അടിയാണ്‌ ഈ വീടിന്റെ പ്ലിന്ത്‌ ഏരിയ. (കൃത്യമായി നോക്കിയാല്‍ ഈ വീടിന്റെ പ്ലിന്ത്‌ ഏരിയ 607 ചതുരശ്ര അടിയാണ്‌) അതുപോലെ വലിയ നീളന്‍ വരാന്തകള്‍, ചുവരുകളില്ലാതെയുള്ള പോര്‍ച്ച്‌, ബാല്‍ക്കണി മുതലായവയുടെയൊക്കെ 50-60% വിസ്തീര്‍ണ്ണമാത്രമേ നിര്‍മ്മാണചെലവ്‌ കണക്കാക്കുമ്പോള്‍ എടുക്കേണ്ടതുള്ളൂ. (കോണ്ട്രാക്റ്റ്‌ എടുത്ത്‌ പണിയുന്നവര്‍ ഇത്‌ ഒരിക്കലും സമ്മതിച്ച്‌ തരില്ലങ്കിലും) വിസ്തീര്‍ണ്ണം കണക്കാക്കുന്നതിലെ ഈ വ്യത്യാസങ്ങള്‍ പലപ്പോഴും മനസ്സിലാക്കാത്തത്‌ മൂലം നിര്‍മ്മാണചെലവ്‌ കണക്കാക്കുമ്പോള്‍, പ്രത്യേകിച്ച്‌ കുറച്ച്‌ വലിയവീടുകള്‍ക്ക്‌, കാര്യമായ വ്യതിയാനം വന്നുപെടാറുണ്ട്‌.

പുതിയ വീട്ടിലുണ്ടാകേണ്ടുന്ന സൗകര്യങ്ങളെക്കുറിച്ചും, ആവശ്യങ്ങളെക്കുറിച്ചും, ഒപ്പം അതിലേക്ക്‌ ചെലവാക്കാവുന്ന തുകയെക്കുറിച്ചുമൊക്കെ ഒരു ഏകദേശധാരണയായി കഴിഞ്ഞാല്‍ ഇനി വേണ്ടത്‌ ഒരു ആര്‍ക്കിടെക്റ്റിന്റെ അല്ലെങ്കില്‍ ബില്‍ഡിംഗ്‌ എഞ്ചിനീയറുടെ സേവനമാണ്‌. വലിയ വീടുകള്‍ക്ക്‌ മാത്രമേ ഇത്തരം പ്രൊഫഷണലുകളുടെ സേവനം ആവശ്യമായിവരുന്നുള്ളൂ എന്ന ധാരണയൊക്കെ ഇപ്പോ പാടെ മാറിയിരിക്കുന്നു. വളരെയധികം വാസ്തുശില്‍പ്പികള്‍ ഇന്ന് പ്രൊഫഷണല്‍ രംഗത്ത്‌ സജീവമായുണ്ട്‌, അതിനാല്‍ തന്നെ ഒന്നിലധികം പേരെ സമീപിക്കുകയോ, നേരത്തെ ചെയ്തിട്ടുള്ള വര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ നിര്‍ദ്ദേശം സ്വീകരിച്ച്‌ തിരഞ്ഞെടുക്കുകയോ ആവാം. പക്ഷേ അവര്‍ ചെയ്തിട്ടുള്ള കുറച്ച്‌ വീടുകള്‍, ഒപ്പം ചെയ്തുകൊണ്ടിരിക്കുന്ന വിവിധ സ്റ്റേജിലുള്ള വീടുകളും കാണുന്നതും അതാത്‌ ഉടമസ്ഥരോട്‌ സംസാരിക്കുന്നതും നന്നായിരിക്കും.

മിക്ക വാസ്തുശില്‍പ്പികളും അവരുടേതായ ശൈലിയും , നിര്‍മ്മാണരീതികളും ഒക്കെ അവലംബിക്കുന്നവരാകും. അത്‌ തീര്‍ച്ചയായും ഇഷ്ടപ്പെടുന്നുവെങ്കില്‍ മാത്രമേ അയാളെ തിരഞ്ഞെടുത്തിട്ട്‌ കാര്യമുള്ളൂ. ആര്‍ക്കിടെക്റ്റുമായുള്ള സുദൃഢമായുള്ള ആത്മബന്ധം, നിങ്ങളുടെ സ്വപ്നഭവനത്തിലേക്കുള്ള രൂപകല്‍പനാ ദൂരം വളരെ കുറയ്ക്കും. കുടുംബത്തിന്റെ മൊത്തം കാഴ്ചപ്പാടുകള്‍, സമീപനങ്ങള്‍, പെരുമാറ്റം, അംഗങ്ങളുടെ പ്രായം, ജോലി, താല്‍പര്യങ്ങള്‍ ഒക്കെ രൂപകല്‍പനയില്‍ കാര്യമായി സ്വാധീനം ചെലുത്തും. നിങ്ങളുടെ ആഗ്രഹങ്ങളും, സ്വപ്നങ്ങളും ആര്‍ക്കിടെക്റ്റിനോട്‌ തുറന്ന് തന്നെ പറയുക. ഒപ്പം ബഡ്‌ജറ്റും. നിങ്ങളുടെ ആവശ്യങ്ങളിലെ നല്ലതും ചീത്തയും തിരിച്ചറിഞ്ഞ്‌, അതു നിങ്ങളെ ബോധ്യപ്പെടുത്തി, വേണ്ട അളവില്‍, ലഭ്യമായ ഭൂമിയുടെയും സാമ്പത്തികത്തിന്റെയും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട്‌ കൂട്ടിയോജിപ്പിക്കുകയെന്നത്‌ ആര്‍ക്കിടെക്റ്റിന്റെ ജോലിയാണ്‌.

ചിലര്‍ ആവശ്യങ്ങള്‍ വരച്ച്‌ കൊണ്ട്‌ വരാറുണ്ട്‌, നല്ലത്‌ തന്നെയാണത്‌. പക്ഷേ അതുപോലെ തന്നെ വേണമെന്ന് ശഠിയ്ക്കുന്നത്‌ നല്ലതല്ലതാനും. അത്തരം സ്കെച്ചുകളിലെ നല്ല വശങ്ങള്‍ തീര്‍ച്ചയായും ആര്‍ക്കിടെക്റ്റ്‌ പരിഗണിയ്ക്കും (പരിഗണിയ്ക്കണം) അതുപോലെ മറ്റ്‌ ഏതെങ്കിലും വീടിന്റെ പ്ലാനുമായി സമീപിക്കുന്നവരുണ്ട്‌.അതേ പോലെ വെയ്ക്കാനോ, ചില്ലറ ചില മാറ്റങ്ങളുമായി നിര്‍മ്മിയ്കുവാനാണെങ്കില്‍ പോലും, അവര്‍ക്കാവശ്യം ഒരു ആര്‍ക്കിടെക്റ്റിനെയല്ല, മറിച്ച്‌ ബില്‍ഡര്‍ അഥവാ കോണ്ട്രാക്റ്ററെയാണ്‌. പലപ്പോഴും മറ്റ്‌ എവിടെയെങ്കിലുമുള്ള വീടുകളുടെ മാതൃക, അല്ലങ്കില്‍ 'ടൈപ്പ്‌ ഡിസൈന്‍' ഒരിക്കലും നിങ്ങളുടെ സൈറ്റിലേക്ക്‌ ചേരുന്നതാവണമെന്നില്ല; ആവശ്യങ്ങള്‍ യോജിച്ച്‌ പോയാലും. ഓരോരോ സൈറ്റിലേക്കും അവരവരുടെ അഭിരുചിയ്ക്ക്നുസൃതമായി രൂപകല്‍പന ചെയ്യിച്ചെടുക്കുന്നതാവും അഭികാമ്യം.

(അമേരിക്ക, ഇംഗ്ലണ്ട്‌ പോലുള്ള രാജ്യങ്ങളില്‍ വീടുകളുടെ ടൈപ്പ്‌ ഡിസൈന്‍ പുസ്തകങ്ങള്‍ ധാരാളമായുണ്ട്‌. അവ മിക്കതും മോഡുലാര്‍ രീതികളിലുള്ള നിര്‍മ്മാണസാമഗ്രികളും, നിര്‍മ്മാണരീതികളുമടങ്ങുന്ന പാക്കേജ്‌ ഡിസൈനുകളാണ്‌. നമ്മുടെ നാട്ടില്‍ മോഡുലര്‍ രീതികള്‍ വരണമെങ്കില്‍ ഇനിയും വര്‍ഷങ്ങള്‍ കഴിയും. പക്ഷേ , ഒരേപോലുള്ള നിരവധി വീടുകള്‍ ഉണ്ടാവുകയാവും ഫലമെങ്കിലും, നിര്‍മ്മാണചെലവില്‍ കാര്യമായ കുറവു വരാന്‍ കാരണമാകുകയും ചെയ്യും. )

നിങ്ങള്‍ക്ക്‌ വാസ്തുശാസ്ത്രപ്രകാരം വീടിന്റെ നിര്‍മ്മാണം നടത്തണമെന്നൊക്കെ ആഗ്രഹമുണ്ടങ്കില്‍ ആദ്യം തന്നെ ആര്‍ക്കിടെക്റ്റിനോട്‌ സൂചിപ്പിക്കുക.കാരണം രൂപകല്‍പനയുടെ സിംഹഭാഗവും പൂര്‍ത്തിയായശേഷം വാസ്തു കണ്‍സള്‍ട്ടിംഗിനൊക്കെ കൊണ്ടുപോകുന്നതും അതനുസരിച്ച്‌ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ബന്ധിക്കുന്നതും മിക്ക ആര്‍ക്കിടെക്റ്റുകളും പ്രോത്സാഹിപ്പിക്കാറില്ല, എന്ന് കരുതി ആദ്യമേ പറയുകയാണെങ്കില്‍ നിരുത്സാഹപെടുത്താറുമില്ല. കാരണം ആ വീടിന്റെ ഉടമസ്ഥനെന്ന നിലയില്‍ അതിനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്‌.

രൂപകല്‍പ്പനാ സമയത്ത്‌ തിരക്ക്‌ പിടിയ്ക്കാതെ , വളരെ സാവധാനം, സമാധാനപൂര്‍വ്വം, ആലോചിച്ച്‌ മാത്രം അതിന്റെ വിശദാംശങ്ങളിലേക്ക്‌ കടക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുക. നിങ്ങളുടെ അഭിരുചിയ്ക്കനുസൃതമായ ഡിസൈന്‍ ഉണ്ടാകുന്നത്‌ വരെ മാറ്റം വരുത്താന്‍ ആര്‍ക്കിടെക്റ്റ്‌ തയ്യാറാവണം.പ്ലാനുകളിലേയും മറ്റും മനസ്സിലാവാത്ത ഭാഗങ്ങള്‍ അയാളോട്‌ തുറന്ന് പറയുക. ത്രിമാനചിത്രങ്ങളിലൂടെയും, മാതൃകകളും ചിത്രങ്ങളും സഹിതം നിങ്ങളെ അത്‌ ബോധ്യപ്പെടുത്തിതരാന്‍ ആര്‍ക്കിടെക്റ്റ്‌ ബാധ്യസ്ഥനാണ്‌. പക്ഷേ ഏകദേശരൂപം, നിങ്ങളാവശ്യപ്പെടുന്ന സൗകര്യങ്ങളടക്കം ആയിക്കഴിഞ്ഞാല്‍, പിന്നീട്‌ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്‌ കെട്ടിടത്തിന്റെ ഉറപ്പിനെയും നിര്‍മ്മാണ ചെലവിനെയും കാര്യമായി ബാധിക്കുന്നതാകും.

വീടിന്റെ വിവിധഭാഗങ്ങളെകുറിച്ചും, ശരിയായരീതിയിലുള്ള പ്ലാനിംഗിനെക്കുറിച്ചുമെല്ലാം ഒരു ധാരണ ആര്‍ക്കിടെക്റ്റുമായുള്ള ചര്‍ച്ചയിലുണ്ടാവുന്നത്‌ ഇരുകൂട്ടര്‍ക്കും നല്ലതാണ്‌.അതേ കുറിച്ച് വിശദമായി അടുത്തതില്‍.

കുറിപ്പ് - 1

ഇതില്‍ ആര്‍ക്കിടെക്റ്റ്‌ എന്നു പരാമര്‍ശിച്ചിരിക്കുന്നത്‌ ഭാരത സര്‍ക്കാരിന്റെ ആര്‍ക്കിടെക്റ്റ്‌സ്‌ ആക്ട്‌ 1972 അനുസരിച്ച്‌ കൗണ്‍സില്‍ ഓഫ്‌ ആര്‍ക്കിടെക്ചര്‍, ന്യൂഡെല്‍ഹി എന്ന സ്ഥാപനത്തില്‍ റെജിസ്റ്റര്‍ ചെയ്ത്‌ പ്രവര്‍ത്തിക്കുന്നവരെ മാത്രമാണ്‌.

കുറിപ്പ് - 2

മുകളില്‍ വിസ്തീര്‍ണം പറഞ്ഞിരിക്കുന്നതെല്ലാം ചതുരശ്ര അടി (square feet)യിലാണ്‌. നാട്ടിലിപ്പോള്‍ ഔദ്യോഗികമായി പിന്തുടരുന്നത്‌ മീറ്റര്‍/സെന്റിമീറ്റര്‍ അളവുകളിലാണെങ്കിലും നിര്‍മ്മാണസ്ഥലത്ത്‌ പറയുന്നതും ഒക്കെ അടി/ ഇഞ്ച്‌ കണക്കിലാണ്‌. എത്ര സ്ക്വയര്‍ മീറ്റര്‍ വീടുവെച്ചു എന്നല്ല, എത്ര സ്ക്വയര്‍ഫീറ്റ്‌ വീടാണുണ്ടാക്കിയത്‌ എന്നാണിപ്പോഴും പരസ്പരം ചോദിക്കാറ്‌.
ചതുരശ്രമീറ്ററിനെ 10.76 കൊണ്ട്‌ ഗുണിച്ചാല്‍ ചതുരശ്ര അടിയാക്കാം. അതുപോലെ ചതുരശ്ര അടിയെ 0.093 കൊണ്ട്‌ ഗുണിച്ചാല്‍ ചതുരശ്ര മീറ്ററും കിട്ടും

കണ്‍സ്ട്രക്ഷന്‍ ജോക്ക്സ് :
ചില സ്ഥലങ്ങളില്‍ ബോര്‍ഡ്‌ കാണാറുണ്ട്‌ " കെട്ടിടങ്ങളുടെ പ്ലാന്‍, എസ്റ്റിമേറ്റ്‌, മുതലായവ ഡിസൈന്‍ ചെയ്ത്‌ കൊടുക്കും".പ്ലാന്‍ ഡിസൈന്‍ ചെയ്തോട്ടെ, എങ്ങിനാണാവോ എസ്റ്റിമേറ്റും ഡിസൈന്‍ ചെയ്യുക.!!

10 comments:

അലിഫ് & ഷം‌ല said...

-പക്ഷേ ഇത്‌ മുറികള്‍ക്കുള്ളിലുള്ള അളവുകള്‍ക്കനുസൃതമായ വിസ്തീര്‍ണ്ണമാണ്‌. ഇതിനെ നമ്മള്‍ 'ഉള്ളളവ്‌' അഥവാ കാര്‍പെറ്റ്‌ ഏരിയ എന്നു വിളിക്കും.നിര്‍മ്മാണചെലവ്‌ കണക്കാക്കണമെങ്കില്‍ ചുവരുകളുടെയും മറ്റും അളവുകൂടി ഉള്‍പ്പെടുത്തി, 'കെട്ടളവ്‌' അല്ലെങ്കില്‍ പ്ലിന്ത്‌ ഏരിയ എടുത്താലെ മതിയാവുകയുള്ളൂ. മുറികളുടെ ഉള്‍വിസ്തീര്‍ണ്ണത്തിന്റെയൊപ്പം ഏകദേശം 18-20 ശതമാനമാണ്‌ ചുവരുകള്‍ കൂടിചേര്‍ത്തുകൊണ്ടുള്ള കെട്ടളവില്‍ അധികമായി വരിക. നമുക്ക്‌ ഇപ്പോ ഏകദേശകണക്ക്‌ മതിയെന്നതിനാല്‍ 20% തന്നെ കൂട്ടിയിടുക

ഗൃഹപാഠ തുടര്‍ പോസ്റ്റുകളില്‍ രണ്ടാമത്തത്; പ്ലാനിംഗ്, ബഡ്‌ജറ്റിംഗ്, ആര്‍ക്കിറ്റെക്റ്റിന്റെ സേവനം മുതലായവ ഉള്‍പ്പെടുത്തിയിരിക്കുന്ന
‘ഭവനനിര്‍മ്മാണത്തിനുള്ള തയ്യാറെടുപ്പ്‌‘

ആശംസകളോടെ
അലിഫ് & ഷം‌ല

ആവനാഴി said...

അലിഫ് & ഷംല
ഭവന നിര്‍മ്മാണത്തെക്കുറിച്ച് താങ്കള്‍ എഴുതിക്കൊണ്ടിരിക്കുന്ന ലേഖനം വായിച്ചു. വീടു വയ്ക്കാന്‍ തുനിയുന്നവര്‍ക്ക് വളരെ പ്രയോജനപ്രദമാണത്. ഒരു പൊതുവിജ്ഞാനമെന്ന നിലയിലും അതിനു സാംഗത്യമുണ്ട്.

കൂടുതല്‍ പംക്തികള്‍ക്കായി കാത്തിരിക്കുന്നു.

ഒരു സംശയം: ഒരു ആര്‍ക്കിടെക്റ്റ് ഒരു കെട്ടിടത്തിന്റെ പ്ലാന്‍ തയ്യാറാക്കുമ്പോള്‍ അയാള്‍ക്ക് അതിനു ഏകദേശം എന്തു ചിലവു വരും എന്ന് എസ്റ്റിമേറ്റു ചെയ്യാന്‍ കഴിയില്ലേ?

സസ്നേഹം
ആവനാഴി

അലിഫ് /alif said...

ആവനാഴി; നന്ദി.
തീര്‍ച്ചയായിട്ടും പറയാന്‍ കഴിയും, അത് ആര്‍ക്കിടെക്റ്റിന്റെ സേവന ബാധ്യതയുമാണ്. എന്നാല്‍ പലപ്പോഴും കുറ്റിയടിച്ചതിനു ശേഷവും മാറ്റം വരുത്തുകയുമൊക്കെ ചെയ്യുന്നത് നിര്‍മ്മാണചെലവിനെ കാര്യമായിതന്നെ ബാധിക്കും, ചിലപ്പോള്‍ കൈവിട്ട് പൊകുകയും ചെയ്യും. അതുകൊണ്ട് തന്നെയാണ് ബഡ്‌ജറ്റിംഗിന്റെ കൂടെ വിസ്തീര്‍ണ്ണം കണ്ട് പിടിക്കുന്നതും , അതനുസരിച്ച് ചെലവ് കണക്കാക്കുന്നതും വിശദമാക്കാമെന്ന് വെച്ചത്, വീടുവെയ്ക്കുന്നയാള്‍ക്കും ഇതിനേകുറിച്ചൊരു ധാരണയുണ്ടാകുന്നത് നല്ലതാ‍ണന്ന് കരുതുന്നു.
തുടര്‍ന്നും വായിക്കുമല്ലോ
-അലിഫ്

ശാലിനി said...

ഈ പോസ്റ്റ് വളരെ നന്നായി.

ചുറ്റുമുള്ള വരാന്തയ്ക്ക് അടിത്തറ മുറികളുടേതുപോലെ തന്നെകെട്ടുമോ? വിസ്തീര്‍ണ്ണം കണക്കാക്കുമ്പോള്‍ ചുറ്റുവരാന്തകൂടികൂട്ടിയാണോ പറയുന്നത്?

അലിഫ് /alif said...

ശാലിനി;
ചുറ്റുവരാന്തയ്ക്കും മണ്ണിന്റെ ഉറപ്പനുസരിച്ചുള്ള അടിത്തറ കെട്ടാറുണ്ട്. എന്നാല്‍ കോണ്‍ക്രീറ്റ് തൂണുകളിലാണ് മേല്‍ക്കൂര കൊടുക്കുന്നതെങ്കില്‍ ആ ഭാഗം മാത്രം തൂണുകള്‍ക്കുള്ളതരം കോണ്‍ക്രീറ്റ് അടിസ്ഥാനം കൊടുക്കുകയും ബാക്കിയുള്ള ഇടങ്ങള്‍ അത്രയൊന്നും ബലപ്പിക്കാതെ ബേസ്‌മെന്റ് മാത്രം കെട്ടുകയും ആവാം (സാങ്കേതിക പാഠങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ചിത്രം സഹിതം വിശദമായി ഇതുള്‍പ്പെടുത്താം) പിന്നെ, വിസ്തീര്‍ണ്ണം, നിര്‍മ്മാണചെലവിനായി കണക്കാക്കുമ്പോള്‍ 50-60 ശതമാനമേ, അതിന് അത്രയേ ചെലവു വരുന്നുള്ളൂ എന്നത് കൊണ്ട് തന്നെഎടുക്കാറുള്ളൂ.

തുടര്‍ന്നും വായിക്കുമല്ലോ.

paarppidam said...

അലീഫ്ജി വളരെ നന്നായിരിക്കുന്നു. ഒതുക്കത്തില്‍ എന്നാല്‍ കാര്യങ്ങള്‍ മുഴുവന്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌..നമ്മളുടെ സൗഹൃദം വെച്ചുകൊണ്ട്‌ പ്രശസിക്കുകയാണെന്ന് മറ്റുള്ളവര്‍ക്ക്‌ തോന്നും അതിനാല്‍ കൂടുതല്‍ എഴുതുന്നില്ല.വല്ലതും വിമര്‍ശിക്കുവാനുണ്ടേല്‍ അതു തീര്‍ച്ചയായും എഴുതാം..

paarppidam said...

പണ്ടെ ഞാന്‍ താങ്കളോട്‌ അഭ്യര്‍ഥിച്ചതാണ്‌ ഇതിന്റ്‌ പേര്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുവാന്‍. ഇത്രയും ഉപകാരപ്രദമായ ഒരു ബ്ലോഗ്ഗിന്റെ http://designplustvm.blogspot.com/ എന്നുനല്‍കിയാല്‍ ആര്‍ അറിയാനാണ്‌. പ്ലീസ്‌ മറ്റൊരു ബ്ലോഗ്ഗ്‌ റജിസ്റ്റ്രര്‍ ചെയ്ത്‌ ഇതൊക്കെ അവിടെ പോസ്റ്റുവാനുള്ള സന്മനസ്സ്‌ കാണിക്കുമല്ലോ?

KALLOORKADAMMANITTA. said...

AVATHARANAM NANNAYITTUND.

Unknown said...

വിജ്ഞാനപ്രദം...... നന്ദി സാർ

Nisha Ajith said...

ഉപകാരപ്രദമായ post👍