24.10.06

‘ഗൃഹപാഠ’ ത്തിലേക്ക് സ്വാഗതം

കൂട്ടുകുടുംബ വ്യവസ്ഥിതിയൊക്കെ പോയ്‌ മറഞ്ഞ്‌ അണുകുടുംബങ്ങളായി പരിണമിച്ച മലയാളി ജീവിതക്രമത്തിലെ പ്രധാന കഥാപാത്രമാണ്‌ സ്വന്തമായിട്ടൊരു വീടന്ന സ്വപ്നം. പഠനം, ജോലി, വിവാഹം, ഒന്നോരണ്ടോ കുട്ടികള്‍; സന്തുഷ്ടമായൊരു കുടുംബചിത്രം പൂര്‍ത്തിയാവണമെങ്കില്‍ ഒരു 'വീട്‌' കൂടിയെ തീരൂ. വളരെയധികം മനുഷ്യശേഷിയും വിഭവസമാഹരണവും ആവശ്യമായ ഈ സ്വപ്ന സാക്ഷാത്‌കാരം പലപ്പോഴും സാധാരണക്കാരന്‌ അഥവാ ഇടത്തരം വരുമാനക്കാരന്‌ ഒരു വലിയ ബാധ്യത തന്നെയാവുന്നു. ദിനംപ്രതിയെന്നോണം വര്‍ദ്ധിച്ചു വരുന്ന നിര്‍മ്മാണവസ്തുക്കളുടെ വിലയും, ഭൂമിയുടെ ദൌര്‍ലഭ്യവും നിര്‍മ്മാണതൊഴിലാളികളുടെ കൂലിയുമൊക്കെ ഈ ബാധ്യതയുടെ അളവ്‌ വര്‍ദ്ധിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

എഴുപത്‌ കാലഘട്ടത്തിലെ ഗള്‍ഫ്‌ തരംഗത്തില്‍ വീട്‌ ഒരാവശ്യമെന്നതിലുപരി ആര്‍ഭാടമായി മാറിയത്‌ മുതല്‍ക്കാണ്‌ ശരാശരി മലയാളിയുടെ വീടെന്ന സ്വപ്നത്തിന്‌ കോണ്‍ക്രീറ്റിന്റെ രൂപവും മണവുമുണ്ടായതും ആഡംബരത്തിന്റെയും അഹങ്കാരത്തിന്റെയും ചിഹ്നങ്ങളായി നമ്മുടെ കേരളീയ വാസ്തുശില്‍പരീതികള്‍ക്ക്‌ നേരെ കൊഞ്ഞനംകുത്തികാണിക്കുന്ന മണിമന്ദിരങ്ങള്‍ നാട്ടില്‍ നിറയാന്‍ തുടങ്ങിയതും.ഭൂമിയുടെ വിലയും പ്രധാന നിര്‍മ്മാണവസ്തുവായ തടിയുടെ ലഭ്യതകുറവും, ഗള്‍ഫില്‍ നിന്നും വന്നിരുന്ന 'പൂത്ത' കാശും കോണ്‍ക്രീറ്റ്‌ സംസ്കാരത്തിന്‌ സ്വാഗതമോതി. അളവു ടേപ്പു പിടിച്ചവനെല്ലാം എഞ്ചിനീയര്‍ പദവിയിലേക്കുയര്‍ത്തപ്പെട്ട ഭവനനിര്‍മ്മാണ ടെക്‍നോളജി വിപ്ലവത്തില്‍ മൂത്താശാരിയും കണക്കനുമെല്ലാം പഴങ്കഥയായി. നാടോടുമ്പോള്‍ നടുവെ ഓടാന്‍ വ്യഗ്രതപ്പെടുന്ന സാധാരണക്കാരനും, ഒപ്പം മണലാരണ്യത്തില്‍ അന്നന്നത്തെ അന്നത്തിന്‌ വക കണ്ടത്താന്‍ പാടുപെടുന്ന 'സാധാ' പ്രവാസിയുമൊക്കെയാണ്‌ ഈ കുത്തൊഴുക്കില്‍ പെട്ട്‌ വലഞ്ഞുപോയത്‌. കിട്ടാവുന്ന വായ്പകളെല്ലാമെടുത്തും കെട്ടുതാലിവരെയും വിറ്റും ആഡംബരഗൃഹങ്ങളുടെ പുറകേ പാഞ്ഞവര്‍ 'സ്വപ്നഭവനം' പൂര്‍ത്തീകരിക്കുവാന്‍ അമിതപലിശയ്ക്‌ വീണ്ടും കടം വാങ്ങേണ്ട ഗതികേടിലുമായി. ചുട്ടുപൊള്ളുന്ന വേനലില്‍ കോണ്‍ക്രീറ്റ്‌ കൂര വീടിനുള്ളിലേക്ക്‌ തള്ളിവിടുന്ന കടുത്ത ചൂട്‌ സഹിക്കുന്നുവെങ്കിലും ബ്ലേഡ്‌ പലിശയെക്കുറിച്ചോര്‍ത്ത്‌ അവര്‍ വെന്തുരുകുന്നു.

ഇതുകഴിഞ്ഞ്‌ പാര്‍പ്പിടനിര്‍മ്മാണ രംഗത്ത്‌ കേരളത്തില്‍ അലയടിച്ചൊരു പ്രധാന തരംഗമാണ്‌ 'ചെലവുകുറഞ്ഞ വീടുകള്‍' എന്ന ആശയം. ലാറിബേക്കര്‍ ഈ ആശയം കേരളത്തില്‍ അവതരിപ്പിക്കുന്നതിന്‌മുന്‍പ്‌ തന്നെ നാഷണല്‍ ബില്‍ഡിംഗ്‌ ഓര്‍ഗനൈസേഷന്‍ (NBO) സെന്‍ട്രല്‍ ബില്‍ഡിംഗ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിട്ട്യൂട്ട്‌ (CBRI) പോലുള്ള സ്ഥാപനങ്ങള്‍ വളരെയധികം ഗവേഷണങ്ങള്‍ നടത്തുകയും മാതൃകകള്‍ നിര്‍മ്മിക്കുകയും ചെയ്തിരുന്നുവെങ്കിലും 'ബേക്കര്‍ മോഡല്‍' വീടുകള്‍ ലേബല്‍ ചെയ്യപ്പെട്ടു. പക്ഷേ ആദ്യകാല ബേക്കര്‍ വീടുകള്‍ അബു ഏബ്രഹാം, ഡോ.കെ.എന്‍.രാജ്‌, പോലുള്ള പ്രതിഭകള്‍ക്കുവേണ്ടിയായത്‌ പുറം തേയ്കാത്തവീടുകള്‍ അത്തരം ബുദ്ധി ജീവികള്‍ക്ക് വേണ്ടിയുള്ളതാണെന്നുള്ള വിശ്വാസമാണുളവാകിയത്‌. ഇതിനൊരു മറുവശവുമുണ്ട്‌, നിര്‍മ്മിതി, ഹാബിറ്റാറ്റ്‌ പോലുള്ള സ്ഥാപനങ്ങള്‍ താഴേക്കിടയിലുള്ളവര്‍ക്കായുള്ള കമ്മ്യൂണിറ്റി ഭവനപദ്ധതികളില്‍ ചെലവുകുറഞ്ഞ വീടുകള്‍ ഒരു വിപ്ലവമായി കൊണ്ടാടിയത്‌ ഇത്‌ താഴേക്കിടയിലുള്ളവര്‍ക്കുള്ളതാണെന്ന് ധാരണയും പരത്തി. എം.വി.ദേവന്‍ പോലുള്ള ശില്പ ചിത്രകാരന്മാര്‍ ഈ രംഗത്തേക്ക്‌ വന്നത്‌ പൂശാത്തവീടുകള്‍ ശില്‍പമാതൃകാപരമാണെന്നുള്ള പ്രതീതിയുമുളവാക്കി, ഒപ്പം സാങ്കേതികമായ ഒരുപാട്‌ പോരായ്മകള്‍ മുഴച്ചുനില്‍ക്കുകയും ചെയ്തു. ആ കാലത്തുതന്നെയുണ്ടായ ശാസ്ത്രസാഹിത്യപരിഷത്തിന്റെ ഇടപെടല്‍ ഈ സങ്കേതത്തിന്റെയും ആശയത്തിന്റെയും (പരിഷത്തിന്റെയും!) ശവപ്പെട്ടിയില്‍ അവസാന ആണിയുമടിച്ചു. പരിഷത്ത്‌ നിര്‍മ്മിച്ച നിരവധി വീടുകള്‍ സാങ്കേതികമായി തകര്‍ച്ചനേരിട്ടത്‌ ഇടത്തരം വരുമാനക്കാരനിലേക്ക്‌ ഈ ആശയം എത്തിക്കുന്നതില്‍ കനത്ത പരാജയമായി.പിന്നീട്‌ നിര്‍മ്മിതി, ഹാബിറ്റാറ്റ്‌ തുടങ്ങിയ സ്ഥാപനങ്ങള്‍ എല്ലാത്തരം ആളുകളിലേക്കും ഈ സാങ്കേതിക വിദ്യവ്യാപിപ്പിക്കുന്നതില്‍ ശ്രദ്ധചെലുത്തിയെങ്കിലും പുതുതായിട്ടൊന്നും ചെയ്യാന്‍ മിനക്കെടാത്തത്‌ സാങ്കേതികമായ പഠനങ്ങളും ഗവേഷണങ്ങളുമൊന്നുമില്ലാതെ മുരടിച്ച്‌ നില്‍ക്കുന്ന അവസ്ഥയിലേക്കായി, ലാറിബേക്കര്‍ തുടങ്ങിവെച്ചിടത്തു തന്നെ നില്‍ക്കുന്നു ' ലോ കോസ്റ്റ്‌ 'ഭവന നിര്‍മ്മാണ സങ്കേതം. മണ്‍വീടുകളുമായൊക്കെ ആര്‍ക്കിടെക്റ്റ്‌ ജി.ശങ്കറിന്റെ ഹാബിറ്റാറ്റ്‌ (തിരുവനന്തപുരം) നടത്തിയ പരീക്ഷണങ്ങളും, ഏറെ പുരസ്കാരങ്ങള്‍ നേടിയെങ്കിലും പ്രചാരണമധികം നേടാതെപോയ ആര്‍ക്കിടെക്റ്റ്‌ ആര്‍.കെ രമേശിന്റെ (കോഴിക്കോട്‌) 'പരാബോളിക്‌' ഭവനനിര്‍മ്മാണവും കണ്ടില്ലന്ന് നടിച്ചുകൂടായെങ്കിലും പുത്തന്‍ സാങ്കേതിക വിദ്യയുടെ അഭാവം ഈ രംഗത്ത്‌ മുഴച്ചുനില്‍ക്കുന്നു.

ഇന്ന് ചെലവുകുറഞ്ഞവീടുകള്‍ ഒരു ഫാഷനാണ്‌. "എത്ര രൂപ ചെലവായാലും വേണ്ടിയില്ല ചെലവുകുറഞ്ഞ ഒരു വീട്‌ വേണ" മെന്ന് ആവശ്യപ്പെടുന്നവരാണിന്നേറെ. ഒപ്പം ചില ബുദ്ധിജീവി നാട്യങ്ങളും. ഈ സങ്കേതം എന്തോ അപരാധമാണെന്ന് കരുതുന്നവരുമുണ്ട്‌. ചെലവു കുറഞ്ഞ (Low Cost) എന്നല്ല ചെലവു നിയന്ത്രിച്ച (Cost Effective)വീടുകള്‍ എന്നായിരുന്നു ശരിക്കും നിര്‍വചിക്കേണ്ടതെന്നാണ്‌ ഞങ്ങളുടെ പക്ഷം. വീടെന്നത്‌ പലപ്പോഴും നല്ലൊരു ഇന്‍വെസ്റ്റ്‌മെന്റാകില്ലന്ന തിരിച്ചറിവും നമ്മുടെ ആവശ്യങ്ങളെക്കാളുപരി അത്യാവശ്യങ്ങള്‍ക്ക്‌ മുന്‍ഗണന കൊടുത്തുകൊണ്ടുള്ള രൂപകല്‍പനയുമൊക്കെയാണിതിനുള്ള മാര്‍ഗ്ഗങ്ങളായിട്ട്‌ ഞങ്ങള്‍ക്ക്‌ തോന്നുന്നത്‌. ഓരോരുത്തരുടേയും ജീവിത രീതികളും പ്രവര്‍ത്തനമേഖലയും തമ്മിലുള്ള ബന്ധം വീട്‌ വെയ്ക്കുമ്പോഴും പരിഗണിക്കേണ്ടതാണ്‌. ഉദാഹരണത്തിന്‌ ഒരു ഡോക്‍റ്ററിനും വക്കീലിനും ഒരേതരം ആവശ്യങ്ങളും പ്രവര്‍ത്തന രീതികളുമായിരിക്കുകയില്ല. ഇനി ഒരു സ്കൂള്‍ മാഷിനു വേണ്ടത്‌ വേറൊരു തരം. വായിക്കാനും എഴുതാനുമൊക്കെ താത്‌പര്യമുള്ളവര്‍ക്ക്‌ ഒരു ലൈബ്രറി അത്യാവശ്യമായിരിക്കാം;പക്ഷേ അതിന്‌ അടച്ചുറപ്പുള്ള ഒരു മുറിവേണോ, അതോ ഊണുമുറിയില്‍ തന്നെയൊരു ഭാഗത്ത്‌ അത്യാവശ്യം സ്വകാര്യതയും സ്വസ്ഥതയും കിട്ടും വിധം സജ്ജീകരിച്ചാല്‍ മതിയോ എന്നൊക്കെയുള്ളത്‌ വീട്‌ വെയ്ക്കുന്നയാളുടെ താത്‌പര്യമനുസരിച്ചിരിക്കും. ഇത്തരം താത്‌പര്യങ്ങളുടെയും ആവശ്യങ്ങളുടെയുമൊക്കെ വ്യക്തമായ തിരിച്ചറിവാണ്‌ നല്ല വീടെന്ന സങ്കല്‍പ്പത്തിലേക്ക്‌ നയിക്കുന്നത്‌. ഒപ്പം ശരിയായ പ്ലാനിംഗും ബഡ്ജറ്റിംഗും കൂടിയായാല്‍ സ്വപ്നഭവനത്തിലേക്കുള്ള ദൂരം വളരെ കുറയുന്നതായി കാണാം.

വീട്‌ നിര്‍മ്മിക്കുവാന്‍ തുടങ്ങുന്ന മിക്കവര്‍ക്കും നിര്‍മ്മാണ രീതികളെകുറിച്ചും മറ്റും നേരിയ അറിവുപോലുമില്ലാത്തത്‌ ഈ മേഖലയിലെ ചൂഷണത്തിന്‌ പ്രധാനകാരണമാകുന്നു; പ്രവാസികളുടെ കാര്യം പറയാനുമില്ല. നല്ല മുന്‍ധാരണയോട്‌ കൂടിയുള്ള സമീപനം തന്നെ നിര്‍മ്മാണചെലവ്‌ ഗണ്യമായികുറയ്കും എന്നു തന്നെയാണ്‌ ഞങ്ങളുടെ പക്ഷം. കേരളത്തിലെ ഭവനനിര്‍മ്മാണ രീതികള്‍, ചെലവുനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ , പുത്തന്‍ സാങ്കേതിക വിദ്യകള്‍, തനത്‌ കേരളീയ ശൈലിയില്‍ നിന്നും സ്വീകരിക്കാവുന്ന രൂപമാതൃകകള്‍, വാസ്തുവിന്റെ പ്രായോഗിക-ശാസ്ത്രീയ വശം, തുടങ്ങിയ കാര്യങ്ങളെകുറിച്ചൊക്കെ ചര്‍ച്ച ചെയ്യാനാണീ ബ്ലോഗ്‌ കൊണ്ടുദ്ദേശിക്കുന്നത്‌. ഒരാള്‍ക്കെങ്കിലും അതു പ്രയോജനപ്പെടുന്നുവെങ്കില്‍ ഞങ്ങള്‍ സന്തുഷ്ടരായി. കൂടാതെ ഞങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ധാരണകളും അറിവുകേടുകളും തിരുത്തപ്പെടുവാന്‍ സഹായകമെങ്കില്‍ അങ്ങിനെയും.

15 comments:

അലിഫ് & ഷം‌ല said...

ഇന്ന് ചെലവുകുറഞ്ഞവീടുകള്‍ ഒരു ഫാഷനാണ്‌. "എത്ര രൂപ ചെലവായാലും വേണ്ടിയില്ല ചെലവുകുറഞ്ഞ ഒരു വീട്‌ വേണ" മെന്ന് ആവശ്യപ്പെടുന്നവരാണിന്നേറെ. ഒപ്പം ചില ബുദ്ധിജീവി നാട്യങ്ങളും. ഈ സങ്കേതം എന്തോ അപരാധമാണെന്ന് കരുതുന്നവരുമുണ്ട്‌. ചെലവു കുറഞ്ഞ (Low Cost) എന്നല്ല ചെലവു നിയന്ത്രിച്ച (Cost Effective)വീടുകള്‍ എന്നായിരുന്നു ശരിക്കും നിര്‍വചിക്കേണ്ടതെന്നാണ്‌ ഞങ്ങളുടെ പക്ഷം.

‘ഗൃഹപാഠ‘ ത്തിലേക്ക് സ്വാഗതം

പച്ചാളം : pachalam said...

പുതിയ ഉദ്യമത്തിനു ആശംസകള്‍...
:)

അലിഫ് /alif said...

ബൂലോകരേ, ഇതു ഞാന്‍ തന്നെയാണ്, ചെണ്ടക്കാരന്‍. ഭവന നിര്‍മ്മാണ സാങ്കേതങ്ങളെകുറിച്ച് ചര്‍ച്ച ചെയ്യാനൊരു ബ്ലോഗ് കൂടി തുടങ്ങുന്നു. ഒപ്പം കൂടെയൊരാളേയും കൂട്ടുന്നു, കൂട്ടുകാരിയും വീട്ടുകാരിയുമായൊരാളെ തന്നെ. അതിനാലാണീ പേരുമാറ്റം. “ ചെണ്ട“യും “നൈജീരിയ വിശേഷങ്ങ“ളും തുടരും.
‘ഗൃഹപാഠ’ത്തില്‍ തുടര്‍ന്നു വരുന്ന പോസ്റ്റുകളിലും ക്രിയാത്മകമായ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഈ ബ്ലോഗ് എന്റെ ഗുരുനാഥന്‍ ആര്‍ക്കിടെക്ട് ജി.ശങ്കറിനു സമര്‍പ്പിക്കുന്നു

പാര്‍വതി said...

പണ്ട് ഏതോ ചാനലില്‍ കളിമണ്ണും കല്ലും കൊണ്ട് പണിത വീട് കാട്ടിയിരുന്നു,അതില്‍ എപ്പോഴും കാറ്റിന്റെ ഒഴുക്ക് നിയന്ത്രിക്കുന്ന സ്ട്രക്ചറെന്നൊക്കെ പറഞ്ഞ്, അത് പോലത്തെ കാര്യങ്ങളും പറഞ്ഞ് തരാമോ? പിന്നെ കഴിഞ്ഞ ദിവസം കണ്ടിരുന്നു, വീട് പണിതിരിക്കുന്നത് മുഴുവന്‍ സ്ഥലത്തും സൂര്യപ്രകാശവും രാത്രിക്ക് ചന്ദ്രനും എത്തുന്ന വിധത്തില്‍, ഇതിന്റെ ഒക്കെ പ്രാക്റ്റിക്കാലിറ്റി ഒന്ന് വിശദീകരിക്കണെ.

-പാര്‍വതി.

ചില നേരത്ത്.. said...

ഇതൊരു നല്ല സംരംഭം തന്നെ. എനിക്കും ഉപകാരപ്രദമായ വിവരങ്ങളായിരിക്കും ഇവിടെയെന്ന് പ്രതീക്ഷിക്കുന്നു.
കോസ്റ്റ് എഫ്ഫെക്റ്റീവ് എന്ന കണ്‍സെപ്റ്റ് ആകുമ്പോള്‍, മെറ്റീരിയത്സിന്റെ നിലവിലുള്ള നിരക്കുകള്‍, സോഴ്സ് അവൈലബിലിറ്റി,
ആള്‍ടര്‍നേറ്റീവ്സ്, ക്വാളിറ്റി അശ്ശുറന്‍സ് തുടങ്ങിയവ കൂടെ ഉള്‍പ്പെടുത്തുമെന്ന് ആശിക്കുന്നു.
കൂടുതല്‍ അറിയാന്‍ താല്പര്യമുണ്ട്.
ibrumanster@gmail.com ലേക്ക് ഒരു ഇന്‍‌വിറ്റേഷന്‍ അയക്കാമോ?

തൊടുപുഴക്കാരന്‍ said...

ഇന്നാണീ ബ്ലോഗ് കണ്ടത്.വളരെ ഭംഗിയായി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു.ഒന്നുരണ്ടു ചെറിയ കാര്യങ്ങള്‍ പറയാം.
(1) ജനങ്ങളുടെ സാമ്പത്തികസ്ഥിതി പണ്ടത്തേതിനേക്കാള്‍ മെച്ചപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് low cost വീടുകളോട് ഇപ്പോള്‍ ആളുകള്‍ക്ക് താല്പര്യം കുറഞ്ഞുതുടങ്ങിയിട്ടുണ്ട്.
(2) വീടുകള്‍ cost effective ആക്കാന്‍ ജാലകങ്ങള്‍ക്കും,മേല്‍ക്കൂരക്കും ഇരുമ്പ് ധാരാളമുപയോഗിച്ചുവന്നിരുന്നു.സദാമഴയുള്ള ഇവിടുത്തെ കാലാവസ്ഥയില്‍ ഇതിന്റെ സംര‍ക്ഷണവും,പരിചരണവും കൂടുതല്‍ ചെലവുണ്ടാക്കുന്നു എന്നതിരിച്ചറിവ് ഈയിടെയായി ജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്നുണ്ട്.പഴയരീതിയിലുള്ള തടിമേല്‍ക്കുര ഇപ്പോള്‍ മടങ്ങിവന്നുകൊണ്ടിരിക്കുന്നു.
(3) പൂര്‍ണ മനസോടെ cost effective വീടുകള്‍ നിര്‍മ്മിക്കാന്‍ താല്പര്യമുള്ളവര്‍ എത്ര പേരുണ്ടാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.”ഞാന്‍ മോശക്കാരനാണോ “ എന്ന സംശയം മനസ്സില്‍ ബാക്കി കാണും.
പുതിയ സംരംഭത്തിന് ആശംസകള്‍.

അലിഫ് /alif said...

പച്ചാളമേ, വളരെ നന്ദി,ഈ ബ്ലോഗിന്റെയും പോസ്റ്റിന്റെയും ആദ്യ കമന്റിന്‌. (ഇനി ഈ ബ്ലോഗിനെന്തെങ്കിലും സംഭവിച്ചാല്‍ ഹൈക്കോടതിക്ക്‌ വശത്തൂടെ നേരെ പച്ചാളത്തിലേക്ക്‌ വരും, കുടുംബസമേതം!ഗ്‌ര്‍ര്‍)

പാര്‍വതി: എന്റെ ഗുരുവിന്റെ വാക്കുകള്‍ കടമെടുത്തോട്ടെ, "കാറ്റ്‌ കാക്കയെ പ്പോലാണ്‌, പുറത്തേക്ക്‌ പോകുവാനൊരു പഴുതെങ്കിലു മുണ്ടെങ്കിലേ കാക്ക എവിടെയും കടന്ന് കയറുകയുള്ളൂ", ഈ തത്വം തന്നെയാണ്‌ പണ്ട്‌ വാസ്തുവില്‍ ബ്രഹ്മസൂത്രമെന്നും കര്‍ണ്ണ സൂത്രമെന്നുമൊക്കെ പറഞ്ഞ്‌ വാതില്‍/ജനാല തുറപ്പുകള്‍ വിന്യസിച്ചതും കഴിയാതെ വരുന്നയിടങ്ങളില്‍ ചെറു ദ്വാരമെങ്കിലും ഇടുവാന്‍ പരിഹാരനിര്‍ദ്ദേശം നല്‍കുന്നതും.ഭൂമിയുടെ കിടപ്പിനനുസരിച്ചുള്ള രൂപകല്‍പന കൊണ്ട് തന്നെ നേടിയെടുക്കാവുന്നതാണ്‌ കാറ്റും വെളിച്ചവും കടന്ന് വരുന്ന വീടുകള്‍. തീര്‍ച്ചയായും മണ്‍വീടുകളെ കുറിച്ച്‌ പരാമര്‍ശിക്കാം. ബ്ലോഗിലെത്തിയതിനും അഭിപ്രായമറിയിച്ചതിനും നന്ദി.തുടര്‍ന്നും വായിച്ച്‌ അഭിപ്രായം പറയൂ.

ഇബ്രൂ: നിര്‍ദ്ദേശങ്ങള്‍ക്ക്‌ നന്ദി. ഞാന്‍ മെയിലയച്ചിരുന്നു, മറുപടിയും കിട്ടി,താങ്കളുടെ പഠന ആവശ്യങ്ങള്‍ക്കും മറ്റും പ്രയോജനപ്പെടുമെങ്കില്‍, ഞങ്ങളുടെ ഉത്തരവാദിത്വം കുറച്ച്‌ കൂടി വര്‍ദ്ധിച്ചു. വളരെയധികം നന്ദി.

തൊടുപുഴക്കാരന്‍; ബ്ലോഗിലെത്തിയതിനും അഭിപ്രായമറിയിച്ചതിനും വളരെയധികം നന്ദി. താങ്കളുടെ അഭിപ്രായങ്ങളോട്‌ പക്ഷേ കാര്യമായ യോജിപ്പില്ല. 1.മലയാളിയുടെ ജീവിത നിലവാരം ഉയര്‍ന്നു എന്നു താങ്കള്‍ പറയുന്നു, പക്ഷേ എത്ര പേരുടെ? ഇന്നും കേറികിടക്കാനൊരു കൂരപോലുമില്ലാത്തവര്‍ ഇല്ലന്ന് പറയാനാവുമോ. കോടികള്‍ മുടക്കി വീടു പണിയുന്നവര്‍ എത്രമാത്രം പ്രകൃതി വിഭവങ്ങളെ സ്വകാര്യാവശ്യത്തിനായി ചൂഷണം ചെയ്യുന്നുവെന്നത്‌ കണ്ടില്ലന്ന് നടിക്കാനാവുമോ. ജീവിതനിലവാരം താഴ്‌ന്നിരുന്നകാലത്ത്‌ സിമന്റിന്‌ 40-50 രൂപയായിരുന്നതിന്‌ ഇന്ന് 180-200 രൂപയാണെന്നതും ഓര്‍ക്കേണ്ടതായുണ്ട്‌.
2. ചതുരശ്ര അടിക്ക്‌ 1500/- ഉം 2000/- ഉം ഒക്കെ വാങ്ങുന്ന ഫ്ലാറ്റ്‌ മുതലാളിമാരും ഇതേ 'സ്റ്റീല്‍' ജനാലകളായിരുന്നു ഉപയോഗിച്ചിരുന്നത്‌. പക്ഷേ ചതുരശ്ര അടിക്ക്‌ 500/-വരുന്ന ചെലവു നിയന്ത്രണ സംവിധാനത്തിലാകുമ്പോള്‍ അതിനോട്‌ അയിത്തം. നല്ല പരിചരണം കൊടുത്താലേ വീട്‌ വീടാകൂ. പിന്നെ വാതില്‍ ജനാലകള്‍ക്ക്‌ തടി തേക്ക്‌ തന്നെയാവണമെന്നില്ല, ഒരു ചക്കകുരു ഇട്ടാല്‍ മുളയ്ക്കുന്ന പ്ലാവൊന്നും ഇപ്പോള്‍ 'ജീവിത നിലവാരം ഉയര്‍ന്ന' മലയാളിക്ക്‌ പിടിക്കില്ലല്ലോ.
3.ആള്‍ട്ടര്‍നേറ്റീവ്‌ സങ്കേതങ്ങളോടുള്ള നമ്മുടെ മനോഭാവമാണിത്‌.ഇത്‌ വീട്‌ വെയ്ക്കുന്നതില്‍ മാത്രമല്ല, പുതുതായി എന്തു വന്നാലും സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നത്‌ നല്ലതോ?. പണ്ട്‌ കമ്പ്യൂട്ടര്‍ വന്നപ്പോഴും ഇതേ അവസ്ഥയായിരുന്നു, പക്ഷേ ഇന്നോ, നൈജീരിയയില്‍ ഇരുന്നു ഞാന്‍ 'എന്റെ മാതൃഭാഷ' യില്‍ തന്നെ എഴുതുകയും വായിക്കുകയും ചെയ്യുന്നുവെന്നത്‌ ഒരു ചെറിയ കാര്യമേയല്ല. 'ജീവിതനിലവാര'ത്തോടൊപ്പം മനോഭാവത്തിലും മാറ്റം വരുമെന്ന് തന്നെയാശിക്കാം.
താങ്കളുടെ നിരീക്ഷണങ്ങള്‍ക്ക്‌ വളരെ നന്ദി.തീര്‍ച്ചയായും തുടര്‍ന്നും അഭിപ്രായം അറിയിക്കണം, എങ്കിലല്ലേ ഞങ്ങള്‍ക്കും എഴുതാനുള്ള ഊര്‍ജ്ജം കിട്ടൂ.

പിന്നെ, ഇതൊരിക്കലും, ചെലവുകുറഞ്ഞ സങ്കേതങ്ങള്‍ പ്രചരിപ്പിക്കുവാനുള്ള ബ്ലോഗ്‌ അല്ല, എല്ലാത്തരം നിര്‍മ്മിതികളെകുറിച്ചും ഞങ്ങള്‍ക്കുള്ള പരിമിതമായ അറിവുകള്‍ പങ്ക്‌ വെയ്ക്കാനുള്ള വേദിയായിട്ടാണ്‌ കാണുന്നത്‌. ഒപ്പം സമൂഹജീവികളെന്ന നിലയിലുള്ള ചില ആശങ്കകളും.

വല്യമ്മായി said...

പുതിയ ഉദ്യമത്തിന്‌ ആശംസകള്‍

ഇത്തിരിവെട്ടം|Ithiri said...

ആശംസകള്‍...

ഞാന്‍ ഇരിങ്ങല്‍ said...

പുതിയ ഉദ്യമം സാധാരണക്കാരനും വായനക്കാ‍രനും ഉപകാരപ്രദമാകുമെന്നു വിശ്വസിക്കുന്നു. എന്തായാലും ഇങ്ങനെ ഒരു സംരംഭത്തിന് ഭാവുകങ്ങള്‍. കൂടുതല്‍ പ്രതീക്ഷിച്ചു കൊണ്ട്
സ്നേഹത്തോടെ
രാജു

മുരളി വാളൂര്‍ said...

വളരെ ഗൗരവമായി വായിക്കുന്നു, നല്ല താല്‍പര്യമുണ്ട്‌, കൂടുതല്‍ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.

കൈപ്പള്ളി said...

നല്ല പരിപാടിയാണു. നമ്മള്‍ ഒരു തൊഴില്‍ ചെയുന്നവരാണു് കേട്ടോ. profile അല്പം വിശദമാക്കണം. ചെയ്ത commercial & residential എല്ലാം കാണിക്കണം. experience share ചെയ്യാന്‍ താല്പര്യമുണ്ട്.

പത്തു് കടയുള്ള് ഒരു കെട്ടിടം ഞാന്‍ ഇപ്പോള്‍ renovate/facelift ചെയുന്നുണ്ട്. അതിന്റെ ഗതികെട്ട ഒരു Architectural Consultant അണ ഞാന്‍. തെണ്ടികളായ കുറെ സബ് കോണ്ട്രാക്‍റ്റര്‍ മാരുമുണ്ട്. :-)

paarppidam said...

എല്ലാ വിധ ആശംസകളും.നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.


എന്റെ ബ്ലോഗ്ഗിനു കമന്റായും നിര്‍ദ്ദേശങ്ങളായും നല്‍കിപ്പോരുന്ന സപ്പോര്‍ട്ട്‌ തുടര്‍ന്നും പ്രതീക്ഷിക്കുന്നു. നിര്‍ത്തിക്കളയല്ലെ!

അലിഫ് /alif said...

വല്യമ്മായി,ഇത്തിരിവട്ടം, രാജു(ഇരിങ്ങല്‍) മുരളി വാളൂര്‍, കുമാര്‍ (പാര്‍പ്പിടം), ഗൃഹപാഠം ത്തിലേക്ക് വന്നതിനും,ആശംസകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും ഒരു പാട് നന്ദി.
കൈപ്പള്ളി, നന്ദി. താങ്കള്‍ ഒരു ബഹുമുഖ പ്രതിഭയാണന്ന് താങ്കളുടെ വെബ് സൈറ്റില്‍ നീന്ന് മനസ്സിലായിരുന്നു. ചില ഡിസ്‌പ്ലേ വര്‍ക്കുകള്‍ കണ്ടിട്ട് ലേശം അസൂയയും ഉണ്ടായന്ന് കൂട്ടിക്കോളൂ. നമുക്കറിയാവുന്ന കാര്യങ്ങള്‍ പങ്ക് വെയ്ക്കുന്നു.പ്രൊഫൈലില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നത് വാണിജ്യവല്‍ക്കരണ മാകുമോന്നൊരു സംശയം. ഞാന്‍ മെയിലയയ്ക്കാം. എന്തായാലും വരണം, അഭിപ്രായങ്ങള്‍ ‘എന്തായാലും’ പറയണം,ഇനിയും.

Balaji said...

What is the expected cost for a 3000sqft kerala style house?