
ഇന്ന് കേരളത്തിലെ ഭവനനിര്‍മ്മാണമേഖലയില്‍ കാണുന്ന മാറ്റത്തിന്റെ കാറ്റ് വിതച്ച് കടന്നു വന്ന ആ ഇളം തെന്നല്‍ കടന്നു പോയി, ഇന്ന് രാവിലെ അന്തരിച്ച പ്രമുഖ വാസ്തുശില്പി പത്മശ്രീ ലാറിബേക്കര്‍. പാവങ്ങള്‍ക്ക് പെരുന്തച്ചനായി അവതരിച്ച ശ്രീ ബേക്കറുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണിന്ന് കേരളം കാണുന്ന മിക്ക ഭവനങ്ങളുടെയും ശൈലീവല്ക്കരണം; അത് ചെലവ് കുറഞ്ഞതായാലും അല്ലെങ്കിലും.
70 കളില്‍ ഗള്‍ഫ് പണത്തിന്റെ തള്ളിച്ചയില്‍ നഷ്ടമായ കേരളത്തിന്റെ വാസ്തുശില്പ ഭംഗി തിരികെ കൊണ്ടുവന്നതിന്, നേരിട്ടല്ലങ്കില്‍ കൂടിയും ഈ മേഖലയില്‍ ബേക്കര്‍ നടത്തിയ ഇടപെടലുകള്‍ക്കും വ്യക്തമായ പങ്കുണ്ട്. കേരളത്തില്‍ ആ സമയത്തുണ്ടായിരുന്ന "ഫ്ലാറ്റ് റൂഫ്" കോണ്‍ക്രീറ്റ് നിര്‍മ്മിതികള്‍ക്ക് ഒരു വെല്ലുവിളിയെന്നോണം ചരിഞ്ഞ മേല്‍ക്കൂരയുമായി ബേക്കര്‍ നടത്തിയ പരീക്ഷണങ്ങള്‍ നിരവധിയാണ്. കൂടുതല്‍ വാസ്തുശില്പികള് ഈ തരത്തില്‍ ചിന്തിച്ചു തുടങ്ങിയതും അദ്ദേഹത്തിന്റെ ഇത്തരം ലളിതകരമായ നിര്‍മ്മിതികള്‍ വന്ന ശേഷമാണ്.
ലാറി ബേക്കറുടെ സംഭവ ബഹുലമായ ജീവിത ചിത്രം എന്തായാലും ഇന്ന് മിക്ക പത്രങ്ങളും കൊണ്ടാടുമെന്നതിനാല്‍ അതിലേക്ക് കടക്കുന്നില്ല. എനിക്ക് ഏറ്റവും സ്വീകാര്യമായ ബേക്കര്‍ സമീപനം 'പ്രാദേശിക നിര്‍മ്മാണ വസ്തുക്കളുടെ ഉപഭോഗത്തെ പറ്റിയുള്ള കാഴ്ചപാടാണ്" . വെട്ടുകല്ല് സുലഭമല്ലാത്ത തിരുവനന്തപുരത്ത് കണ്ണൂരില്‍ നിന്നും നല്ല വെട്ട് കല്ല് കൊണ്ട് വന്നേ വീടുണ്ടാക്കുകയുള്ളൂ എന്ന പോലെയുള്ള സമീപനങ്ങളെ ' ലക്ഷ്വറി ' യായികാണാന്‍ അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു. ഒരു ചെറു വീടാണെങ്കിലും, അതിനായ് ചെലവഴിക്കേണ്ട ഭാവനയെയും, സമയത്തെയും, സര്‍വ്വോപരി സൗന്ദര്യ ബോധത്തെയും കുറിച്ച് ഞങ്ങളെ ബോധവാന്മാരാക്കി. കുപ്പായകീശയില്‍ വെട്ടിയിട്ട തുണ്ട് പേപ്പറുകളില്‍ (മിക്കവാറും അത് ഉപയോഗശൂന്യമായ ഏതെങ്കിലുമൊരു ക്ഷണപത്രത്തിനെ ഒഴിഞ്ഞ വശമാകും) ഭാവനസമ്പന്നതയുടെ ഉദാത്തമാതൃകകള്‍ വരച്ചു കാണിച്ച് ഭാഷ യ്ക്ക് അതീതമായി മേസ്തിരിമാരോടും , കൂലിപണിക്കാരോടും അദ്ദേഹം സംവേദനം നടത്തി,ഒപ്പം ഞങ്ങള്‍ക്ക് മാതൃകയാവുകയും ചെയ്തു.
അഞ്ചുകോടിയിലേറെ ഭവനരഹിതരുടെ നാട്ടിലാണ് നമ്മളെന്ന് ഓര്‍മ്മിപ്പിക്കുവാനും ഗ്രാമങ്ങളെ അവഗണിക്കുന്ന തരത്തിലുള്ള നഗരകേന്ദ്രീകൃത വികസന നയത്തെ വിമര്‍ശിക്കുവാനും രാജ്യം പത്മശ്രീ നല്കി ആദരിച്ച ബേക്കര്‍ക്ക് ഒരിക്കലും മുന്‍പിന്‍ ആലോചിക്കേണ്ടി വന്നിട്ടില്ല. നമ്മുടെ പരമ്പരാഗത ശില്പശൈലിയില് ബ്രിട്ടീഷ് രീതിയായ തേയ്ക്കാത്ത ഇഷ്ടിക പുറം ചുമരുകളെ സംയോജിപ്പിച്ച്, ആവുന്നത്ര ലളിതവും ആര്‍ഭാടരഹിതവുമായ ഭവനനിര്‍മ്മാണശൈലിക്ക് തുടക്കം കുറിക്കുകയും , ഇവിടെ തുടര്‍ന്നിരുന്ന വൈദേശിക കോണ്‍ക്രീറ്റ് സംസ്കാരത്തില്‍ പൊതിഞ്ഞ കാഴ്ചയുടെ ശീലങ്ങളെ മാറ്റിമറിക്കുകയും ചെയ്യാന്‍ വിദേശിയെങ്കിലും പൂര്‍ണ്ണ ഇന്ത്യന്‍ സ്വദേശിയായി മാറിയ ശ്രീ ബേക്കര്‍ക്ക് കഴിഞ്ഞു.
അദ്ദേഹത്തെ എല്ലാവരും 'ഡാഡി'യെന്ന് വിളിക്കുന്നു..മേസ്തിരിക്കും, കയ്യാളിനും, സൂപ്പര്‍ വൈസര്‍ക്കും, കൂടെ പണിയെടുക്കുന്ന ആര്‍ക്കിടെക്റ്റിനും എഞ്ചിനീയര്‍ക്കും എല്ലാമെല്ലാം അദ്ദേഹം 'ഡാഡി' യാണ്. എന്തിനും ഒരു ഏകീകൃത സ്വഭാവം, ഒരു ലക്ഷ്യ ബോധം എന്നും കാത്തു സൂക്ഷിച്ചിരുന്ന നന്മകളുടെ കൂടാരം തന്നെയായിരുന്നു നാലാഞ്ചിറയിലെ 'ഹാംലറ്റ് ' എന്ന ഭവനവും അവിടെ ഗുരു സ്ഥാനത്ത് പ്രതിഷ്ടിച്ച് മാത്രം കാണാവുന്ന അദ്ദേഹത്തിന്റെ ജീവിതശൈലിയും.
വിമര്‍ശനങ്ങള്‍ക്ക് അതീതമായിരുന്നില്ല 1963 ല്‍ കേരളത്തില്‍ (വാഗമണ്ണില്‍) എത്തി പ്രവര്‍ത്തനം ആരംഭിക്കുകയും, പിന്നീട് തിരുവനന്തപുരത്ത് നാലാംചിറയില്‍ താമസം ആരഭിച്ച് തന്റെ ലളിതമായ ശൈലി കേരളമൊട്ടാകെയും, പുറത്തും വ്യാപിപ്പിച്ച ശ്രീ ബേക്കറുടെ നിര്‍മ്മാണരീതി. പക്ഷേ അദ്ദേഹം രൂപകല്പനചെയ്ത തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്പ്മന്റ് സ്റ്റഡീസിന്റെ വിഖ്യാത ക്യാമ്പസും, മിത്രനികേതനും, ചിത്രലേഖ സ്റ്റുഡിയോ തുടങ്ങിയ ഒട്ടനവധി കെട്ടിടസമുച്ചയങ്ങള്‍ ഇന്നും വാസ്തുശില്പ ശൈലിയുടെ മാതൃകകളായി നിലകൊള്ളുന്നു. പുറം രാജ്യങ്ങളില്‍ നിന്നും വരുന്ന ഡെലിഗേറ്റുകള്‍ക്കൊപ്പം നിരവധി തവണ ഇവിടങ്ങളില്‍ പോകേണ്ടി വന്നിട്ടുള്ളപ്പോള്‍ എന്നും അഭിമാനമായിരുന്നു എനിക്ക്.
വളരെ നര്‍മ്മബോധമുള്ള ഒരു കാര്‍ട്ടൂണിസ്റ്റ് കൂടിയാണദ്ദേഹം. തന്റെ ഒട്ടുമിക്ക പുസ്തകങ്ങളിലും , ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള നിരവധി ലേഖനങ്ങളുടെയുമെല്ലാമൊപ്പം ലളിതമായ കാര്‍ട്ടൂണ്‍ ശൈലിയില്‍ ചേര്‍ക്കാറുള്ള ചിത്രങ്ങള്‍ തന്നെ അതിനുദാഹരണം.
പരുക്കന്‍ ഖദര്‍ തുണിയില്‍ തുന്നിയ മുറിക്കയ്യന്‍ ഷര്‍ട്ടും കാലുറയും ധരിച്ചെത്തുന്ന 'ഡാഡി' ഇനി ഓര്‍മ്മമാത്രം. പക്ഷേ അദ്ദേഹം പടുത്തുയര്‍ത്തിയ കെട്ടിടസമുച്ചയങ്ങള്‍ തുടര്‍കാലവുമായി ആശയസംവേദനം നടത്തും..അതു തന്നെയാവും അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിയുടെ ഓര്‍മ്മ കുറിപ്പും.
നിരവധി തവണ ആ വാത്സല്യമനുഭവിക്കാനും ഒരിത്തിരി നന്മപകര്‍ന്ന് കിട്ടാനുമിടയായ സാഹചര്യങ്ങള്‍ സ്മരിക്കുന്നു. ഒപ്പം നേരിട്ട് ശിഷ്യപെട്ടില്ലെങ്കില്‍ കൂടിയും ഇന്ന് ഭവന നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തനം നടത്തുന്ന നിരവധി പേര്‍ക്കൊപ്പം എനിക്കും ഗുരുസ്ഥാനിയനായ
പത്മശ്രീ ലാറി ബേക്കര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
( 1990 ൽ പത്മശ്രീ കിട്ടിയ വേളയിൽ തിരുവനതപുരത്ത് ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് സംഘടിപ്പിച്ച പൗരസ്വീകരണ ചടങ്ങിൽ അദ്ദേഹത്തോടൊപ്പം )
5 comments:
ഇന്ന് കേരളത്തിലെ ഭവനനിര്‍മ്മാണമേഖലയില്‍ കാണുന്ന മാറ്റത്തിന്റെ കാറ്റ് വിതച്ച് കടന്നു വന്ന ആ ഇളം തെന്നല്‍ കടന്നു പോയി, ഇന്ന് രാവിലെ അന്തരിച്ച പ്രമുഖ വാസ്തുശില്പി പത്മശ്രീ ലാറിബേക്കര്‍. പാവങ്ങള്‍ക്ക് പെരുന്തച്ചനായി അവതരിച്ച ശ്രീ ബേക്കറുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണിന്ന് കേരളം കാണുന്ന മിക്ക ഭവനങ്ങളുടെയും ശൈലീവല്ക്കരണം; അത് ചെലവ് കുറഞ്ഞതായാലും അല്ലെങ്കിലും.
70 കളില്‍ ഗള്‍ഫ് പണത്തിന്റെ തള്ളിച്ചയില്‍ നഷ്ടമായ കേരളത്തിന്റെ വാസ്തുശില്പ ഭംഗി തിരികെ കൊണ്ടുവന്നതിന്, നേരിട്ടല്ലങ്കില്‍ കൂടിയും ഈ മേഖലയില്‍ ബേക്കര്‍ നടത്തിയ ഇടപെടലുകള്‍ക്കും വ്യക്തമായ പങ്കുണ്ട്. കേരളത്തില്‍ ആ സമയത്തുണ്ടായിരുന്ന "ഫ്ലാറ്റ് റൂഫ്" കോണ്‍ക്രീറ്റ് നിര്‍മ്മിതികള്‍ക്ക് ഒരു വെല്ലുവിളിയെന്നോണം ചരിഞ്ഞ മേല്‍ക്കൂരയുമായി ബേക്കര്‍ നടത്തിയ പരീക്ഷണങ്ങള്‍ നിരവധിയാണ്. കൂടുതല്‍ വാസ്തുശില്പികള് ഈ തരത്തില്‍ ചിന്തിച്ചു തുടങ്ങിയതും അദ്ദേഹത്തിന്റെ ഇത്തരം ലളിതകരമായ നിര്‍മ്മിതികള്‍ വന്ന ശേഷമാണ്.
ലാറി ബേക്കറുടെ സംഭവ ബഹുലമായ ജീവിത ചിത്രം എന്തായാലും ഇന്ന് മിക്ക പത്രങ്ങളും കൊണ്ടാടുമെന്നതിനാല്‍ അതിലേക്ക് കടക്കുന്നില്ല. എനിക്ക് ഏറ്റവും സ്വീകാര്യമായ ബേക്കര്‍ സമീപനം 'പ്രാദേശിക നിര്‍മ്മാണ വസ്തുക്കളുടെ ഉപഭോഗത്തെ പറ്റിയുള്ള കാഴ്ചപാടാണ്"
ഇന്ന് അന്തരിച്ച പ്രമുഖ വാസ്തുശില്പിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് ഒരു കുറിപ്പ്..
അലിഫ്,
നന്നായിട്ടെഴുതിയിരിക്കുന്നു. ആ വലിയ മനുഷ്യനെക്കുറിച്ച്.
ആദരാഞ്ജലികള്‍.
ആ വലിയ മനുഷ്യനോടൊത്തു സഹകരിക്കാന്‍ കഴിഞ്ഞത് തന്നെ ഒരു ഭാഗ്യം ആണല്ലൊ ആലിഫേ..
ഇത്രത്തോളം ഒന്നും അറിയില്ലായിരുന്നു..
താങ്ക്യൂ
ലാറി ബേക്കറിനു ആദരാഞ്ജലികള്‍
കേരളത്തെ, മലയാളികളെ സ്നെഹിച്ച ആ വലിയ മനുഷനു ആദരാഞ്ജലികള്‍
ആദരാഞ്ജലികള്‍.
Post a Comment