1. വാഹന സൗകര്യം - നിര്‍മ്മാണവസ്തുക്കള്‍ സ്ഥലത്തേക്ക് എത്തിയ്ക്കുവാനുള്ള എളുപ്പ മാര്‍ഗ്ഗങ്ങള്‍ ഏതൊക്കെയെന്ന് നോക്കുക. ഒപ്പം വാഹനങ്ങള്‍ക്ക് തിരിഞ്ഞുപോകുവാനൊക്കെ ഇടമുണ്ടോ എന്നും ശ്രദ്ധിക്കുക. വശങ്ങളിലുള്ള ഓട, വൈദ്യുതക്കാലുകള്‍ മുതലായവ എന്തെങ്കിലും തടസ്സമുണ്ടാക്കുന്നുണ്ടോ എന്ന് പ്രത്യേകം വിലയിരുത്തുക.പ്ലോട്ട് തിരിച്ച് വാങ്ങുകയാണെങ്കില്‍ ശരിയായ അളവിലുള്ള വഴി വിട്ടുകിട്ടുമെന്ന് ഉറപ്പാക്കുക.
2. അടിസ്ഥാന സൗകര്യങ്ങള്‍ - വാങ്ങുവാന്‍ പോകുന്ന ഭൂമിയിലേക്ക് വൈദ്യുതി, നഗരങ്ങളിലാണെങ്കില്‍ ജല-മലിനജല കണക്ഷനുള്ള സൗകര്യങ്ങള്‍, ടെലിഫോണ്‍ കണക്ഷന് തുടങ്ങിയവ തടസ്സമില്ലാതെയും കുറഞ്ഞ ചെലവിലും കിട്ടുവാനുള്ള സാധ്യത നോക്കുക. നിര്‍മ്മാണ പ്രവര്‍ത്തിയ്ക്ക് അത്യാവശ്യമായ ജലം കിട്ടുവാന്‍ മാര്‍ഗമുണ്ടോയെന്ന് നോക്കുക. കിണര്‍ നിലവിലുണ്ടെങ്കില്‍ അതിന്റെ പഴക്കം, ആഴം, ജല ലഭ്യത തുടങ്ങിയവയും ശ്രദ്ധിയ്കുക. കിണര്‍ കുഴിയ്കുവാനിടമുണ്ടങ്കില് തൊട്ടടുത്തുള്ള കിണറുകള്‍, കക്കൂസിന്റെ കുഴികള്‍, മലിനജല നിര്‍ഗമന മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയും നോക്കുക. ഭവനനിര്‍മ്മാണ സാമഗ്രികള്‍ സ്വന്തം നിര്‍മ്മാണത്തിനും ഒപ്പം മറ്റ് അയല്‍ക്കാര്‍ക്കും തടസ്സമില്ലാത്ത വിധം ഇറക്കി സൂക്ഷിയ്കുവാന് മതിയായ ഇടമുണ്ടോയെന്നും നോക്കുക.
3. പ്രാഥമിക സൗകര്യങ്ങള്‍ - ആശുപത്രി, കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങള്‍, ബസ് സ്റ്റോപ്പ്, ഉദ്യോഗസ്ഥരാണെങ്കില്‍ ആ സ്ഥാപനങ്ങള്‍, ധാരാളം യാത്രചെയ്യുന്നവരാണെങ്കില് റെയില്‍/ബസ്സ്റ്റാന്‍ഡ്, മാര്‍ക്കറ്റ്/കടകള്‍ തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെടുത്തിയുള്ള സൗകര്യങ്ങള്‍ പരിഗണിക്കുക.
4. പ്ലോട്ടിന്റെ സ്ഥാനം - റോഡില്‍ നിന്നും അല്പമെങ്കിലും ഉയര്‍ന്നു നില്ക്കുന്ന ഭൂമിയാണ് ഉത്തമം, കാരണം മഴവെള്ളം റോഡില്‍ നിന്നും കടക്കാതിരിക്കും എന്നത് തന്നെ.ഒന്നിലധികം വശങ്ങളില് റോഡുണ്ടാവുന്നത് ചെറിയ പ്ലോട്ടുകളില്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കാവുന്ന സ്ഥലം പരിമിതപ്പെടുത്തും. ഇപ്പോഴെത്തെ കേരളാ കെട്ടിടനിര്‍മ്മാണ ചട്ടം അനുസരിച്ച് റോഡില്‍ നിന്നും കുറഞ്ഞത് മൂന്നു മീറ്ററെങ്കിലും വിട്ടുമാത്രമേ നിര്‍മ്മാണം നടത്താവൂ എന്നാണ്. എന്നാല്‍ രണ്ടാമത് ഒരു വശത്തുകൂടിയുള്ള പാത 150മീറ്ററിലധികം ദൂരേക്ക് പോകാതിരിക്കുകയാണെങ്കില്‍ ആ വശത്ത് ഒന്നര മീറ്റര്‍ സ്ഥലം ഒഴിച്ചിട്ടാല്‍ മതിയാകും. (ചിത്രം -1 ശ്രദ്ധിയ്ക്കുക)
5. പ്ലോട്ടിന്റെ അവസ്ഥ - ചതുപ്പുനിലമോ , മണ്ണിട്ടുനികത്തിയ ഇടമോ ആണെങ്കില്‍ നിര്‍മ്മാണ ചെലവില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാക്കും. മണ്ണിന് നല്ല ഉറപ്പുണ്ടോ എന്നു പരീക്ഷിക്കാനൊരു നാടന്‍ മാര്‍ഗം - ഭൂമിയില്‍ ഒന്നരയടി വ്യാസത്തില്‍ ഒരു കുഴിയുണ്ടാക്കി കിട്ടുന്ന മണ്ണ് വീണ്ടും ആ കുഴിയിലേക്ക് തന്നെ ഇടുക; കുഴിനിറഞ്ഞ് മണ്ണ് അധികം വരുകയാണെങ്കില്‍ നല്ല ഉറപ്പുള്ള ഭൂമിയാണെന്ന് സാരം.മണ്ണ് കുഴിയുടെ അത്രതന്നെയേയുള്ളൂവെങ്കിലും കുഴപ്പമില്ല, താഴ്ന്നു നില്ക്കുകയാണെങ്കില് വീടിന്റെ അടിസ്ഥാനത്തിന് ശാസ്ത്രിയമായ മാര്‍ഗ്ഗങ്ങളിലൂടെ മണ്ണിന്റെ ഉറപ്പ് കണ്ടെത്തിയ ശേഷം മാത്രം രൂപം കൊടുക്കേണ്ടതാണ്. അതുപോലെ തന്നെ നല്ല പറങ്കിമാവുകള്‍ നില്ക്കുന്ന സ്ഥലവും ഉറപ്പുള്ളതാവുമെന്ന് പറയാറുണ്ട്. ചുറ്റുമുള്ള മറ്റ് പ്ലോട്ടുകള്‍ മണ്ണിട്ട് ഉയര്‍ത്താനുള്ള സാദ്ധ്യത പരിഗണിക്കുക (അല്ലെങ്കില്‍ , ഒടുവില്‍ ചുറ്റുമുള്ള എല്ലാ വീട്ടിലേയും റോഡിലേയും ജലനിര്‍ഗ്ഗമന മാര്‍ഗമാകും നമ്മുടെ പ്ലോട്ട്) ചുറ്റും ഉയര്‍ന്ന കെട്ടിടങ്ങള്‍ നില്ക്കുന്നയിടമാണെങ്കില് കാറ്റും വെളിച്ചവും കുറയാന്‍ സാധ്യതയുണ്ട്. മണ്ണിട്ട് നികത്തിയ അവസ്ഥയിലാണിപ്പോഴുള്ളതെങ്കില് കുറച്ച് ഭാഗമെങ്കിലും കുഴിച്ച് നോക്കുന്നത് നന്നായിരിക്കും, കാരണം മുകളിലത്തെ ഒരു നിര ഒഴിച്ച് ബാക്കി ചിലപ്പോള്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള 'വേസ്റ്റ്' കൊണ്ടിട്ട് നികത്തിയതാവും, അതു മുഴുവന്‍ മാറ്റിയ ശേഷമേ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താനാവൂ, അല്ലങ്കില്‍ ബലക്ഷയം ഉറപ്പ്.(നികത്തിയെടുത്ത വസ്തുക്കള്‍ മുന്പരിചയമില്ലാത്തവരുടെ പക്കല്‍ നിന്നും വാങ്ങാതിരിക്കുക)
6. പ്ലോട്ടിന്റെ ആകൃതി - ചതുരം, സമചതുരം ഒക്കെ യാണ് നല്ലത് പ്രത്യേകിച്ച് ചെറിയ പ്ലോട്ടുകള്‍ക്ക്. എന്നാലും മറ്റ് ആകൃതിയിലുള്ള പ്ലോട്ടുകളിലും അല്പം മനസ്സ്വെച്ചാല്‍ നല്ല വീടുകള്‍ ചെയ്യാവുന്നതേയുള്ളൂ. നീളവും വീതിയും കൂടാതെ ഉയരം അല്ലങ്കില്‍ താഴ്ചയും കൂടി പരിഗണിച്ച് ത്രിമാനരീതിയില്‍ പ്ലോട്ടിന്റെ സാധ്യതകള്‍ നോക്കികാണുവാന്‍ കഴിഞ്ഞാല്‍ നല്ലത്. സ്ഥലത്തിന്റെ കിടപ്പും ചരിവും ഒക്കെ പരിഗണിച്ച് ഭൂമിയെ വല്ലാതെ വെട്ടികുഴിയ്കുകയോ നികത്തുകയോ ചെയ്യാതെ രൂപകല്‍പ്പന ചെയ്യാനുള്ള സാധ്യതകള്‍ നോക്കുക.
7. മറ്റ് പരിഗണനകള്‍ - പ്ലോട്ടിനു മുകളിലൂടെയോ, അല്ലങ്കില്‍ അപകടകരമാംവിധം അടുത്തുകൂടിയോ ഉയര്‍ന്ന തോതിലുള്ള വൈദ്യുത ലൈനുകള്‍ കടന്ന് പോകുന്നുണ്ടോയെന്ന് നോക്കുക. (ഇവയുടെ സമീപം കെട്ടിടനിര്‍മ്മാണത്തിന് വൈദ്യുതബോര്‍ഡ് ചില പരിധികള്‍ നിശ്ചയിച്ചിട്ടുണ്ട്, 11കെ.വി യ്ക് മുകളിലാണെങ്കില്‍ ബോര്‍ഡിന്റെ അനുവാദം വാങ്ങേണ്ടതുമുണ്ട്) റെയില്‍ പാത, നദി/കായല്‍/കടല്‍ തുടങ്ങിയവയുടെ സമീപത്തുള്ള നിര്മ്മാണപ്രവര്ത്തികള്ക്കും ചില ദൂര പരിധികള്‍ ഉണ്ട്. റോഡ് വികസനം, ഭൂമി ഏറ്റടുക്കുവാന്‍ സാധ്യതയുള്ള നഗരാസൂത്രണ പദ്ധതികള്‍, ഗ്രീന്‍ ബെല്‍റ്റ് പ്രദേശം, പ്രത്യേകമായി അടയാളപ്പെടിത്തിയ മേഖലകള്‍ (ഉദാ: വ്യവസായ / ടൂറിസം മേഖല) തുടങ്ങിയ കാര്യങ്ങള്‍ സര്‍വ്വേ നമ്പര്‍ നല്കിയാല് പഞ്ചായത്ത്/ മുന്‍സിപ്പാലിറ്റി/കോര്പ്പറേഷന് തുടങ്ങിയയിടങ്ങളില്‍ നിന്നും അറിയാന്‍ കഴിയും. പ്ലോട്ട് തിരിച്ച് വില്‍ക്കുന്നവരില്‍ നിന്നും വാങ്ങുകയാണെങ്കില്‍ 50 സെന്റിനു മുകളിലുള്ള ഒറ്റപ്രമാണത്തിലുള്പ്പെട്ട സ്ഥലമെങ്കില്‍ ടൗണ്‍പ്ലാനിംഗ് അതോറിട്ടിയുടെ അംഗീകാരം വേണമെന്നുള്ള കാര്യം ഓര്‍ക്കുക.
8. അയല്‍ക്കാര്‍- ചുറ്റുപാടുമുള്ള ആള്ക്കാരെക്കുറിച്ചൊക്കെ അന്വേഷിക്കുന്നത് നല്ലതായിരിക്കും. പറ്റുമെങ്കില്‍ ഏറ്റവും അടുത്തുള്ള അയല്‍ക്കാരുമായി നേരില്‍ തന്നെ സംസാരിക്കുക. അതിര്‍ത്തികല്ലുകള്‍ തുടങ്ങിയവ അവരുടെ സഹായത്തോട് കൂടിതന്നെ പരിശോധിച്ച് ഉറപ്പാക്കുക. മാര്‍ക്കറ്റ്,അറവുശാല, ചേരിപ്രദേശം തുടങ്ങിയവയുടെ അടുത്ത് വീട് വെയ്ക്കുന്നത് നല്ലതായിരിക്കില്ല. മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ പക്ഷികളും മറ്റും കൊണ്ട് വന്നിടാനുള്ള സാധ്യതകള്‍ തള്ളികളയാവുന്നതല്ല.
9.ആധാരമെഴുത്തും മറ്റും- അസ്സല് ആധാരം കണ്ട് ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ വാക്ക് കൊടുക്കാവൂ. ഒന്നിലധികം ആളുകള്‍ക്ക് അവകാശമുള്ള സ്ഥലമെങ്കില്‍ വളരെയധികം ശ്രദ്ധിയ്ക്കുക, എല്ലാവരുടെയും ഒഴിവ് കുറി കിട്ടുമെന്ന് ഉറപ്പാക്കണം. വില്ക്കുന്നയാള് വിദേശത്താണെങ്കില് പവര്‍ ഓഫ് അറ്റോര്‍ണി മതിയാകും, പക്ഷേ അത് ബന്ധപ്പെട്ട എംബസ്സി ഉദ്യോഗസ്ഥന് തന്നെ സാക്ഷ്യപ്പെടുത്തിയതാകണം.(നോട്ടറി അറ്റസ്റ്റേഷന് ചില കേസുകളില്‍ മതിയാകില്ല) വസ്തുവുമായി ബന്ധപ്പെട്ട പരമാവധി ഇടപാടുകളുടെ മുന്നാധാരം, കരം തീര്‍ത്ത രസീതുകള്‍ തുടങ്ങിയവ പരിശോധിക്കുക. വസ്തുവിന്റെ ബാധ്യതാ സര്‍ട്ടിഫിക്കറ്റ് (15-30 വര്‍ഷത്തെ വസ്തുവിന്മേലുണ്ടായ ഇടപാടുകളും, ബാങ്കിലോ മറ്റോ പണയത്തിലായിരുന്നുവോ എന്നുമൊക്കെയുള്ള വിവരങ്ങള്‍) നിശ്ചിത തുക അടച്ചുകഴിഞ്ഞാല്‍ ബന്ധപ്പെട്ട സബ് റെജിസ്റ്റാര്‍ ഓഫീസില്‍ നിന്നും ലഭ്യമാകും, തീര്‍ച്ചയായും പരിശോധിക്കുക. കോടതിനടപടികള്‍ എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുക.(സബ് റെജിസ്റ്റ്രാര്‍ ഓഫീസില്‍ അറിയാന്‍ കഴിയും)ബാങ്കിലോ മറ്റോ പണയപ്പെടുത്തിയിട്ടുള്ള വസ്തുവാണെങ്കില്‍, ആ സ്ഥാപനത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ നേരില്‍ കണ്ട് വിവരങ്ങള്‍ അന്വേഷിച്ച് ബോധ്യപ്പെടുക. ആധാരമെഴുതുന്നത് ലൈസന്‍സുള്ള എഴുത്തുകാരന് തന്നെയാവണം. ആധാരം എഴുതുന്നതിനുള്ള പ്രമാണ ചിലവ് വസ്തു വാങ്ങുന്നയാളുടെ ബാധ്യതയാണ്.(വസ്തുവിന്റെ വില കണക്കാക്കുമ്പോള്‍ പ്രമാണചെലവിനുള്ള തുക കൂടി വകയിരുത്തുക) ആധാരം എഴുതിയ ശേഷം, വില്ലേജ് ഓഫീസില്‍ നമ്മുടെ പേരിലേക്ക് തണ്ടപ്പേര് മാറ്റി, ആ പേരില്‍ കരമടയ്കുമ്പോഴേ (പോക്കുവരവ് ചെയ്യുകയെന്ന് പറയും) പൂര്‍ണ്ണമായും വസ്തു നമ്മുടെ പേരിലാകുകയുള്ളൂ. പട്ടയ വസ്തുവാണെങ്കില്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമ സര്‍ട്ടിഫിക്കേറ്റ് കൂടി കരസ്ഥമാക്കേണ്ടതുണ്ട്. നിലവില്‍ ചെറിയ വീടോ മറ്റോ ഉള്ള പറമ്പ് ആണങ്കില്‍ , അവയുടെ കരം തീരുവ രസീത് കുടിശികയില്ലാതെ അടച്ച് തീര്‍ത്തുതരാന്‍ വില്ക്കുന്നയാള് ബാധ്യസ്തനാണ്. അതുപോലെ വൈദ്യുത-ജല കണക്ഷനുകളുടെയും. വീട്ടുകരമടയ്കുന്ന തരം വീടുള്ള പ്ലോട്ടാണ് വാങ്ങുന്നതെങ്കില്‍, ആധാരം രജിസ്റ്റര്‍ ചെയ്ത് മൂന്ന് മാസത്തിനകം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ രേഖാമൂലം നിര്‍ദ്ദിഷ്ട പത്രികയില്‍ പേരുമാറ്റത്തിനായി അപേക്ഷ നല്‍കണം. അങ്ങിനെ പേരുമാറ്റികിട്ടിയാല് മാത്രമേ വൈദ്യുത ജല കണക്ഷനുകള്‍ നമ്മുടെ പേരിലേക്ക് മാറ്റുവാന്‍ അപേക്ഷ നല്കുവാന് കഴിയൂ. ആ കെട്ടിടം പൊളിയ്ക്കണമെങ്കിലും മേല്‍പ്പറഞ്ഞ വിധം അപേക്ഷ നല്കി പേരുമാറ്റേണ്ടതുണ്ട്.
10. പ്ലോട്ടും കെട്ടിട നിര്‍മ്മാണ ചട്ടവും- വീടുനിര്മ്മിയ്കുമ്പോള് അനുവര്ത്തിയ്കേണ്ട നിരവധി നിയമങ്ങള്‍ കേരളാ കെട്ടിടനിര്‍മ്മാണ ചട്ടം അനുശാസിക്കുന്നു. അവയില്‍ പ്ലോട്ടുമായി ബന്ധപ്പെട്ടവയില്‍ പ്രധാനം ചുറ്റുമുള്ള സ്ഥലം നിശ്ചിത അളവില്‍ വിടുന്നതാണ്. നിലവിലുള്ള നിയമമനുസരിച്ച്, വീടിനു മുന്പില് മൂന്ന് മീറ്റര്‍ (വസ്തുവിന്റെ പ്രത്യേക ആകൃതികാരണം മൂന്ന് മീറ്റര്‍ ഒരേപോലെ കൊടുക്കാനാവില്ലങ്കില് 1.8മീറ്ററില്‍ കുറയാതെ ശരാശരി മൂന്ന് മീറ്റര്‍ ആയാലും മതി) പിന്‍ഭാഗത്ത്, അതായത് അടുക്കള തുറക്കുന്ന വശത്ത്, ഒരുമീറ്ററില്‍ കുറയാതെ ശരാശരി രണ്ട് മീറ്ററും വശങ്ങളില് ഒന്നില്‍ 1.2 മീറ്ററും മറുഭാഗത്ത് ഒരു മീറ്ററുമാണ്വിടേണ്ടത്. (ചിത്രം 2 ശ്രദ്ധിയ്ക്കുക) ഇത് 10മീറ്റര്‍ വരെ ആകെ ഉയരമുള്ള കെട്ടിടങ്ങള്‍ക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു; പത്ത് മീറ്ററിലധികം വരുന്ന ഓരോ മീറ്റര്‍ ഉയരക്കൂടുതലിനും 50 സെന്റിമീറ്റര്‍ വീതം വീണ്ടും അധികം വിടേണ്ടതുണ്ട്.
ഇനി ഏഴുമീറ്ററില്‍ താഴെയേയുള്ളൂ ഉയരമെങ്കില്‍ പിന്‍ഭാഗത്ത് വിടുന്ന സ്ഥലം ഒരു മീറ്ററില്‍ കുറയാതെ ശരാശരി ഒന്നര മീറ്റര്‍ മതിയെന്ന ഇളവുമുണ്ട്.((ചിത്രം 3 ശ്രദ്ധിയ്ക്കുക) അതുപോലെ 7മീറ്റര്‍ വരെ ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് വശങ്ങളില് ഏതെങ്കിലും ഒന്ന് അയല്ക്കാരന്റെ രേഖാമൂലമുള്ള അനുവാദപത്രത്തോടെ അതിരിലേക്ക് ചേര്‍ത്തുകെട്ടുവാനും നിയമമുണ്ട്, പക്ഷേ ആ ഭാഗത്തേക്ക് വാതില്ജനലുകള് ഒന്നും പാടില്ല, ഒപ്പം മറുഭാഗത്ത് കുറഞ്ഞത് 1.2 മീറ്ററെങ്കിലും വിട്ടിരിക്കുകയും വേണം.വശങ്ങളില് തന്നെ വീടിന്റെ അതാത് നിലകളുടെ തറനിരപ്പില്‍ നിന്നും 2.1 മീറ്ററിലധികം ഉയരത്തില്‍ സ്ഥാപിക്കുന്ന വെന്റിലേറ്റര്‍ ആണെങ്കില്‍ 75 സെന്റിമീറ്റര്‍ വരെ ചേര്‍ത്തു കെട്ടാവുന്നതാണ്.
പ്ലോട്ടിന്റെ വിസ്തീര്‍ണ്ണം മൂന്ന് സെന്റില്‍ താഴെയാണെങ്കില്‍ എല്ലാ വശങ്ങള്‍ക്കും ചില ഇളവുകള്‍ നല്‍കുന്നുണ്ട്. മുന്‍ഭാഗത്ത് 1.80മീറ്റര്‍ (1.2മീറ്ററില്‍ കുറയാതെ ശരാശരി 1.80 മീറ്റര്‍ ആയാലും മതി), പിന്‍ഭാഗത്ത് 50 സെന്റിമീറ്ററില്‍ കുറയാതെ ശരാശരി 1മീറ്റര്‍, വശങ്ങളില് ഒന്ന് നിര്‍ബന്ധമായും 90 സെന്റിമീറ്ററില്‍ കുറയാതെയും മറുവശത്ത് 60 സെന്റിമീറ്റര്‍ (പക്ഷേ വെന്റിലേറ്റര്‍ കൂടാതെയുള്ള ജാലകങ്ങളോ വാതിലുകളോ പാടില്ല) എന്നിങ്ങനെയും വേണമെങ്കില്‍ അയല്ക്കാരന്റെ സമ്മതപത്രത്തോടെ വശം ചേര്‍ത്തും (മറുവശത്ത് 90 സെന്റിമീറ്റര്‍ വിട്ടതിനു ശേഷം മാത്രം) കെട്ടുവാന്‍ അനുവാദം കിട്ടും.
റോഡ് വിതികൂട്ടല്, സ്ഥലമേറ്റെടുക്കുവാന്‍ സാധ്യതയുള്ള പദ്ധതിപ്രദേശങ്ങള്‍ തുടങ്ങിയെന്തങ്കിലും ഉണ്ടങ്കില്‍ അവയും കൂടി പരിഗണിച്ച് മാത്രമേ ചുറ്റുമുള്ള സ്ഥലം വിടുന്നത് അനുവദിക്കുകയുള്ളൂ. ചിലപ്രത്യേക സാഹചര്യങ്ങളില്‍ സ്ഥലം സൗജന്യമായി വിട്ട് കൊടുക്കുകയാണെങ്കില്‍ ചുറ്റുമുള്ള സ്ഥലം വിടുന്നതിന് ചില ഇളവുകളും നിബന്ധനകള്‍ക്ക് വിധേയമായി കിട്ടാവുന്നതാണ്.
ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ സ്ഥലങ്ങള്‍ കണ്ട് വെച്ചിട്ട് അവയുടെ ഗുണ ദോഷങ്ങളെയും നമ്മുടെ പരിഗണനകളെയും പരസ്പരം ബന്ധപ്പെടുത്തുന്ന ഒരു ചോദ്യാവലി കുടുംബമായിരുന്ന് നിര്‍മ്മിക്കുക. ഓരോ ചോദ്യത്തിനും കണ്ട് വെച്ചിട്ടുള്ള പ്ലോട്ടിന്റെ സാധ്യതകള്‍ക്ക് 10 ലോ മറ്റോ മാര്‍ക്കിടുക. അതില്‍ ഉയര്‍ന്ന മാര്ക്കുള്ളവയ്ക് തന്നെ മുന്‍ഗണനയും കൊടുക്കുക.
കുറിപ്പ്: പാര്‍പ്പിടം ബ്ലോഗില്‍ (s.കുമാര്‍) സമാനമായൊരു പോസ്റ്റും കമന്റുകളുമുണ്ട് അതിലേക്കുള്ള കൊളുത്ത്
5 comments:
‘ഗൃഹപാഠ’ത്തിലെ തുടര്‍പോസ്റ്റുകളില്‍ ആദ്യത്തേത്;
ഭവനനിര്‍മ്മാണത്തിന് ഭൂമി തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, പരിഗണിക്കേണ്ട വസ്തുതകള്‍, ആധാരമെഴുതുന്നതിന് മുന്‍പ് ചെയ്യേണ്ട കാര്യങ്ങള്‍, കെട്ടിടനിര്‍മ്മാണ ചട്ടങ്ങളെ ക്കുറിച്ചുള്ള അറിവ് മുതലായവ ഉള്‍കൊള്ളിച്ചിരിക്കുന്നു.
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.
ആശംസകള്‍
-അലിഫ്
നല്ല തുടക്കമാണിത്. കൂടുതല്‍ സാങ്കേതികവും നിയമസംബന്ധവുമായ വിവരങ്ങള്‍ വരും ലക്കങ്ങളില്‍ ഉള്ക്കൊള്ളിക്കുമെങ്കില് ഇതൊരു ഹോട്ട് സ്പോട്ടാവുമെന്നതില് യാതൊരു സംശയവും വേണ്ട.. എല്ലാ ആശംസകളും.
എന്ത് പണിയാമാഷെ കാണിച്ചത്?
ഒരു രണ്ട് കൊല്ലം മുമ്പെ എഴുതേണ്ടിയിരുന്നില്ലേ ഇത് , സ്ഥലവും വാങ്ങി , വീടും വെച്ചു !!!
ഇനി :(
അറിവ് പകരുന്ന നല്ലപോസ്റ്റ്
അലീഫ്ജി കൃത്യമായ അടുക്കും ചിട്ടയും നിലനിര്‍ത്തിക്കൊണ്ട് പോസ്റ്റുകള്‍ ഇടുമല്ലോ? പാര്പ്പിടത്തിലെ പോലെ അടുക്കും ചിട്ടയും ഇല്ലാതെ പോസ്റ്റല്ലെ. അല്‍പ്പം സമയം എടുത്താലും വേണ്ടില്ല നാളത്തേക്ക് നല്ല ഒരു റഫറന്‍സായി തീരട്ടെ.
പുതുവല്സരാശംസകള്.
വളരെ നന്നായിട്ടുണ്ട്. കൂടുതല്‍ പോസ്റ്റിനായി കാത്തിരിക്കുന്നു.
Post a Comment