സംഭരണം, കഴുകല്‍, പാചകം എന്നീ മൂന്നു മേഖലകളെ യോജിപ്പിക്കുന്നതാണ് അധുനിക അടുക്കളയുടെ രൂപകല്പനയിലെ പ്രാഥമിക പരിഗണനയെന്ന് കഴിഞ്ഞകുറിപ്പില് സൂചിപ്പിച്ചിരുന്നുവല്ലോ. ഈ മൂന്ന് മേഖലകള്‍ യഥാക്രമം റഫ്രജിറേറ്റര്‍, സിങ്ക്, അടുപ്പ് (ആദ്യ രണ്ട് സംഭവങ്ങളുടെ മലയാള നാമം അറിയില്ല ) എന്നിവയെ കുറിക്കുന്നു. സംഭരണമേഖലയില്‍ വരുന്ന റഫ്രജിറേറ്റര്‍ പൊതു ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്ത് അടുക്കള വാതിലിനടുത്ത് തന്നെ സ്ഥാപിക്കാം. കഴുകല്‍ മേഖല കുറച്ച് കൂടി വിപുലീകരിച്ചാല്‍, കഴുകല്‍, തയ്യാറാക്കല്‍ തുടങ്ങിയവയെല്ലാം ആ ഒരു സോണില്‍ വരും, അതിനാല്‍ കുറച്ചധികം സ്ഥലം അതിനു മാറ്റി വെയ്ക്കാം. ഇനി പാചക സ്ഥലം, അത് ഈ തയ്യാറിപ്പ്/കഴുകല്‍ മേഖലയ്ക്ക് സമീപം തന്നെയാവട്ടെ, എന്നാല്‍ പാചകത്തിനിടയില്‍ പെട്ടന്ന് ഉപയോഗിക്കേണ്ടിവരുന്ന ഉപകരണങ്ങളും അവശ്യവസ്തുക്കളും പാചകം ചെയ്യുന്ന ആളിന്റെ കൈയ്യെത്തും ദൂരത്തില്‍ ഒരുക്കുകയും വേണം.
ഇനി ഈ മൂന്നു കേന്ദ്രങ്ങളും തമ്മിലുള്ള ബന്ധപ്പെടുത്തല്‍ എങ്ങിനെയെന്ന് നോക്കാം.
റഫ്രജിറേറ്റര്‍ - സിങ്ക് - സ്റ്റൗവ് ഇവ മൂന്നും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ത്രികോണരൂപം സങ്കല്‍പ്പിക്കുക. ത്രികോണത്തിന്റെ ഓരോ വശവും ഏകദേശം 8 അടി കണക്കാക്കിയാല്‍ കിട്ടുന്ന 24 അടി ചുറ്റളവാണ് നല്ല സൗകര്യപ്രദമായ അടുക്കള എന്ന സങ്കല്‍പ്പത്തിലുള്ളത്. ഈ ചുറ്റളവ് 26 അടിയില്‍ കൂടുന്നതും, അതുപോലെ 12 അടിയില്‍ കുറയുന്നതും അടുക്കളജോലി ആയാസകരമാക്കും. ഓരോ വശത്തിന്റെയും അളവ് തുല്യമാകണമെന്നില്ല, എങ്കിലും 4 അടിയില്‍ കുറയുന്നതും, 9 അടിയില്‍ കൂടുന്നതും നല്ലതല്ലന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
അടിസ്ഥാനപരമായി അഞ്ചു തരത്തിലാണ് അടുക്കളയുടെ രൂപം നിര്‍ണ്ണയിക്കുക. മുകളില്‍ പറഞ്ഞ റഫ്രജിറേറ്റര്‍ - സിങ്ക് - സ്റ്റൗവ് ബന്ധം ഉപയോഗിച്ച് തന്നെ, എന്നാc അത് ത്രികോണാകൃതിയില്‍ വരാതെ മൂന്നും ഒരു വശത്ത് മാത്രം നേര്‍രേഖയില്‍ ക്രമീകരിക്കുന്ന രീതിയാണ് ഏറ്റവും ലളിതം (ചിത്രം-4 ആദ്യമാതൃക) ചെറിയ അടുക്കള, സ്ഥലപരിമിതി, കുറഞ്ഞ ബഡ്ജറ്റ് തുടങ്ങിയവ പരിഗണിയ്ക്കുകയാണെങ്കില്‍ ഈ ക്രമീകരണമാകും നല്ലത്. ഇതില്‍ നടുവില്‍ സിങ്കും ഇരുവശങ്ങളിലുമായി റഫ്രജിറേറ്റര്‍ , സ്റ്റൗവ് എന്നിവയും കൊടുക്കുന്നു. പാതകത്തിനടിയിലും മുകളിലുമൊക്കെയായി ക്യാബിനറ്റുകള്‍ കൊടുക്കാമെങ്കിലും, സ്ഥലസൗകര്യം കുറവായിരിക്കും.
ഈ ചിത്രം
പികാസ വെബ്ബില്‍
കുറച്ച് കൂടി വീതിയില്‍ അടുക്കളയൊരുക്കാന്‍ കഴിയുമെങ്കില്‍ ഇരുവശത്തുമുള്ള ഭിത്തിക്ക് സമാന്തരമായി ക്രമീകരിക്കാവുന്നതാണ് ഇടനാഴി മാതൃക അഥവാ corridor model(ചിത്രം-4 - രണ്ടാമത്തെ മാതൃക) ഇതില്‍ നമുക്ക് മുന്‍പറഞ്ഞ ത്രികോണ ബന്ധം കൊണ്ട്വരാമെന്നുള്ള ഗുണമുണ്ട്. അതുപോലെ ഒരു വശത്ത് മാത്രമായി ക്രമീകരിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി ഒന്നിലധികം ആള്‍ക്കാര്‍ക്ക് പാചകത്തില്‍ ഏര്‍പ്പെടാനും കഴിയും. രണ്ട് വശത്തുമായി ധാരാളം സ്റ്റോറേജ് സ്ഥലവും കിട്ടും. പ്രധാന ന്യൂനത രണ്ട് വശത്തെയും പാചകതട്ടുകളുടെ (work top) ഇട, അതായത് നമ്മുടെ ഇടനാഴിക്ക് ഏറ്റവും കുറഞ്ഞത് ആറ് അടിയെങ്കിലും വീതി വേണം. അതായത് 2 + 2 അടി (പാചകതട്ട്) + 6 അടി (ഇടനാഴി) ആകെ 10 അടിയെങ്കിലും വീതി ഉറപ്പായും വേണം, അടുക്കളയ്ക്ക്. ഇല്ലെങ്കില്‍ കുനിഞ്ഞ് ക്യാബിനറ്റുകള്‍ തുറക്കാനുമൊക്കെ തടസ്സമാകും.
ഇതേ 10 അടി വീതിയും അതേപോലെ 10 അടി നീളവുമുള്ള (അതിലധികവുമാകാം, ഉദാഹരണം പറഞ്ഞുവെന്നേയുള്ളൂ) അടുക്കളയെ കുറച്ച് കൂടി സൗകര്യപ്രദമാക്കുന്നതാണ് ആംഗലേയ അക്ഷരമാലയിലെ L ആകൃതിയിലുള്ള ക്രമീകരണം (ചിത്രം-5- ആദ്യമാതൃക)ഇതിലും രണ്ട് ഭിത്തികള്‍ക്ക് വശം ചേര്‍ന്ന് work top കൊടുക്കുന്നു ഒരു പാചകതട്ടിന്റെ അറ്റത്തായി റഫ്രജിറേറ്റര്‍ , ആ വശത്ത് തന്നെ സിങ്ക്, മറുവശത്ത് അടുപ്പ്. ഇതിന്റെ ഗുണം വീടിന്റെ മൊത്തം ട്രാഫിക് ദിശകണക്കാക്കി വാതിലുകളും മറ്റും സ്ഥാപിക്കാം. അതുപോലെ കൂടുതല്‍ സ്ഥലം തടസ്സമില്ലാതെ കിട്ടുന്നു. തുടങ്ങിയവയൊക്കെയാണ്. പാചകത്തിനിടയിലുള്ള നടപ്പ് വളരെയധികം കുറഞ്ഞുകിട്ടുമെന്നുള്ളത് കൊണ്ട് ഏറെ സ്വീകാര്യമായ മാതൃകയായിട്ടാണ് L ക്രമീകരണത്തെ കാണുന്നത്.
ഈ ചിത്രം
പികാസ വെബ്ബില്‍
(ആദ്യം പറഞ്ഞ ഒരു വശം മാത്രമുള്ള ക്രമീകരണത്തെ ആംഗലേയ അക്ഷരമാലയിലെ I യുമായി ഉപമിക്കാം. ഇടനാഴി മാതൃക രണ്ട് I പോലെയും. പിന്നെ L മാതൃകയും കണ്ടു. അപ്പോള്‍ I, L,..ഇനി U ആകാം)
കുറച്ച് വലിയ അടുക്കളയ്ക്കാണ്U മാതൃക ഏറെ ചേരുക. ഒപ്പം അടുക്കളയ്ക്കകത്തേക്കും പുറത്തേക്കുമുള്ള വാതിലുകളുടെ വിന്യാസവും കാര്യമായി ഈ മാതൃകയെ സ്വാധീനിക്കും. കാണാന്‍ ഭംഗിയും ഒപ്പം ഉപയോഗപ്രദവുമായ മാതൃകയാണ് U.(ചിത്രം-5 രണ്ടാം മാതൃക ) ധാരാളം സ്റ്റോറേജ് സ്ഥലം, വിശാലമായ പാചകതട്ട് എന്നീ ഗുണങ്ങളുണ്ട്. അതുപോലെ തന്നെ ഇത്രയും ക്യാബിനറ്റുകളും മറ്റുമൊരുക്കാനിടം കിട്ടുമെന്നതിനാല്‍ പ്രത്യേകിച്ച് ഒരു സ്റ്റോര്‍ മുറി വേണമെന്നില്ലന്ന ലാഭവും.
പേര് സൂചിപ്പിക്കുന്ന പോലെ നടുവില്‍ ഒരു island മാതൃകയില്‍ പാചകസ്ഥലം വരുന്നതാണ് ദ്വീപ് ക്രമീകരണം. ഇത് U മാതൃകയുടെ കുറച്ച് കൂടി വിപുലീകരിച്ച ക്രമീകരണം തന്നെയാണ്(ചിത്രം-6- ആദ്യ മാതൃക) സ്ഥല- ബഡ്ജറ്റ് പരിമിതികളൊന്നുമില്ലാത്ത വീടിനു ചേരും, വളരെ സൗകര്യപ്രദമായ തരത്തില്‍ മൂന്ന് വശത്തുനിന്നും പാചകം ചെയ്യാവുന്ന തരം ക്രമീകരണം. നാലാമത്തെ വശം മിക്കവാറും ഭക്ഷണ മേശയായിട്ട് കൂടി ഉപയോഗിക്കാവുന്നതരം work top ആയിട്ടാണ് ചെയ്യുന്നത്.
ഈ ചിത്രം
പികാസ വെബ്ബില്‍
ഈ തരത്തിലുള്ള അഞ്ച് മാതൃകകളെയും അടിസ്ഥാനപെടുത്തി മറ്റ് പലരീതികളിലും സ്ഥലസൗകര്യവും , മുടക്കാനുള്ള പണവും വാതില്‍ തുറപ്പുകളുടെ വിന്യാസവും ഒക്കെ പരിഗണിച്ച് മാറ്റങ്ങള്‍ വരുത്തുകയോ, ഒന്നിനോട് ഒന്ന് ചേര്‍ത്ത് പുതിയ ക്രമീകരണമാതൃകകള് സൃഷ്ടിക്കുകയോ ആവാം. ഞങ്ങള്‍ സാധാരണ നിലയില്‍ ചെയ്യുന്ന ഒരു മാതൃകയാവട്ടെ ഇതിനുദാഹരണം.( ചിത്രം -6 രണ്ടാമത്തെത്) ഇത് U മാതൃകയില്‍ ഒരു ഭക്ഷണമേശ (breakfast table)കൂടി ചേര്‍ത്ത് മാറ്റം വരുത്തിയതാണ്. ഉപയോഗക്ഷമതയ്ക്കൊപ്പം, കുടുംബാംഗങ്ങള്‍ മാത്രമുള്ള സാഹചര്യത്തില്‍ അത്യാവശ്യം ഭക്ഷണം ഊണുമുറിലേക്കെടുക്കാതെ തന്നെ കഴിക്കുവാനും, വേണമെങ്കില്‍ പാചകത്തില്‍ ശ്രദ്ധിക്കുന്നതിനൊപ്പം കുട്ടികളെ പഠനത്തില്‍ സഹായിക്കുവാനുമൊക്കെ ഉതകുന്നവിധമാണിതിന്റെ ക്രമീകരണം. ദ്വീപ് മാതൃകയുടെ അത്രയും സ്ഥലസൗകര്യവും വേണമെന്നില്ല. ഇതുപോലെ ഏതു വിധത്തിലും തരത്തിലുമുള്ള മാറ്റങ്ങള്‍ ഈ അടിസ്ഥാനമാതൃകകളില് വരുത്തി വീടിനു ചേരുന്ന തരത്തിലുള്ളതാക്കി മാറ്റിയെടുക്കാവുന്നതേയുള്ളൂ.
പക്ഷേ ഏതു മാതൃകയായാലും പൊതുവായ ചില കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്. ഒന്നാമതായി ജനാലയുടെ സ്ഥാനം. ഞങ്ങള്‍ എപ്പോഴും പരിഗണിക്കുന്നത് സിങ്കിന്റെ വശത്ത് ജനാല വരുത്തുവാനാണ്. അടുപ്പിന്റെ നേരെ മുന്നിലോ വശത്തോ ജനാല വരുന്നത് കാറ്റ് അമിതമായി തീനാളത്തെ സ്വാധീനിക്കുവാനും അതുവഴികൂടുതല്‍ ഇന്ധനം നഷ്ടമാകുവാനുമിടയുണ്ടന്നത് ഒരു കാരണം. മറ്റൊന്ന്, ജനാലയുടെ നേരെ മുന്നില്‍ സ്റ്റൗ കൊടുക്കുന്നത്, സ്റ്റൗവിനൊപ്പം വൈദ്യുത ചിമ്മിനി (ഇപ്പോഴത്തെ ട്രെന്റ്റ് ആണല്ലോ) അഥവാ kitchen hood കൊടുക്കുവാന്‍ മതിയായ ഉയരം കിട്ടില്ല എന്ന അസൗകര്യം. ഇനി അഥവാ, ചിമ്മിനിയും വേണം, സ്റ്റൗവ്വിന്റെ മുന്നില്‍ തന്നെ ജനാലയും വേണമെന്നുണ്ടെങ്കില്‍, ജനാലയുടെ ഉയരം കുറയ്ക്കുക. അടുക്കളയ്ക്ക് വേറെ ജനാല ഇല്ലങ്കില്‍ മതിയായ വീതി വര്‍ദ്ധിപ്പിക്കുവാന്‍ മറക്കരുത് എന്നേയുള്ളൂ.( സാധാരണ നിലയില്‍ അടുക്കള ജനാലയുടെ ഉയരം 100സെ.മീ. ആയിരിക്കും. അത് 60- 70 സെ.മീ ആയി കുറയ്ക്കുക, കാരണം മിക്ക ചിമ്മിനി നിര്‍മ്മാതാക്കളുടെയും സ്റ്റൗവില്‍ നിന്നുള്ള ഉയരക്രമീകരണം കൂടിയത് 90-100 സെ.മീ ആണ്)
അടുക്കളയുടെ രൂപമാതൃക പോലെതന്നെ പ്രധാനമാണ് വിവിധ ഭാഗങ്ങള്‍ തമ്മിലുള്ള ഉയരക്രമീകരണം. ഉയരമധികമുള്ളവര്ക്ക് താഴ്ന്ന പാചകതട്ടും, ഉയരമധികമില്ലാത്തവര്ക്ക് ഒരുപാട് ഉയര്‍ത്തിയ ഭിത്തിക്യാബിനറ്റുകളുമൊക്കെ ആയാസകരമാകുമെന്നതിനാല് പാചകം ചെയ്യുന്ന ആളുടെ ഉയരം കണക്കാക്കി തന്നെവേണം ക്യാബിനറ്റുകളുടെയും, പാചകതട്ടിന്റെയും ഉയരം ക്രമീകരിക്കുവാന്‍. പാചകം ചെയ്യുന്ന ആളിന്റെ അര പൊക്കത്തില്‍ പാചകതട്ട് കൊടുക്കുന്നതാണ് സൗകര്യപ്രദമായി കണ്ടിട്ടുള്ളത്. ശരാശരി ഉയരമുള്ളവര്‍ക്ക് വേണ്ടിയുള്ള ഉയര അളവുകള്‍ ചിത്രം 7 ആയി കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക( ഇതൊരു അടിസ്ഥാന മാതൃകമാത്രമാണ്)

ഈ ചിത്രം
പികാസ വെബ്ബില്‍
പാചകതട്ടിനും, മുകളിലത്തെ ക്യാബിനറ്റിനുമിടയിലുള്ള 40-45 സെ.മീ സ്ഥലം കാര്യക്ഷമമായി വീതികുറഞ്ഞ ചെറിയ തട്ടുകളൊക്കെ കൊടുത്താല്‍, ഭംഗിയുമുണ്ടാകും, ഒപ്പം അത്യാവശ്യ കറിപൊടികള്‍, ഉപ്പ്, മുതലായ പെട്ടന്ന് വേണ്ട സാമഗ്രികള്‍ കൈയ്യെത്തും ദൂരത്ത് വെയ്ക്കുകയുമാവാം.
അടുക്കള വീടിന്റെ ഏത് ഭാഗത്ത് വേണമെന്നുള്ളത് സാധാരണ വരുന്ന ചോദ്യമാണ്. മുന്‍ ഭാഗത്ത് ആയാലും കുഴപ്പമില്ല (മുന്നിലേക്ക് ഒരു ചെറുജനാല കൊടുത്താല്‍ ഗേറ്റിലാരെങ്കിലും വന്നാലും കാണാം) എന്ന അഭിപ്രായമാണ് ഞങ്ങള്‍ക്ക്. വാസ്തു ശസ്ത്രപ്രകാരം കന്നിമൂല (കേരളത്തില്‍ തെക്ക് പടിഞ്ഞാറ്)യില്‍ പാടില്ലന്നൊക്കെയുണ്ട്. അത് കേരളത്തിലെ കാറ്റിന്റെ ഗതിയനുസരിച്ച് ശരിയുമാണ്. അല്ലെങ്കില്‍ തെക്ക്പടിഞ്ഞാറു നിന്ന് വരുന്ന കാറ്റില്‍ അടുക്കളയില്‍ മീന്‍ പൊരിക്കുന്ന മണം അതിഥി മുറിയിലെത്തും. തെക്ക് കിഴക്ക് ഭാഗമാണ്(അഗ്നിമൂല) വാസ്തു ശാസ്ത്രപ്രകാരം അടുക്കളയ്ക്ക് യോജിച്ചതായി പറയുന്നത്, എങ്കിലും കേരളത്തിന്റെ പ്രത്യേക ഭൂപ്രകൃതിയനുസരിച്ച് വടക്ക് കിഴക്കും (ഈശാനുകോണ്‍) അടുക്കളപണിയുന്നുണ്ട്.അതായത് കിഴക്ക് ദര്‍ശനം വേണമെന്നു സാരം, അതും നല്ലത് തന്നെ, പുലര്‍കാലത്തെ ആദ്യ സൂര്യകിരണങ്ങള്‍ പതിക്കുന്ന അടുക്കള കൂടുതല്‍ വൃത്തിയും വെടിപ്പുമുള്ളതായിരിക്കുകതന്നെ ചെയ്യും.
അടുക്കളയോട് ചേര്‍ന്ന് സ്റ്റോര്‍ മുറി, വര്‍ക്ക് ഏരിയ എന്ന് വിളിക്കുന്ന മറ്റൊരു അടുക്കള തുടങ്ങിയവയൊക്കെ സ്ഥലസൗകര്യവും, ഒപ്പം ബഡ്ജറ്റുമൊക്കെ ആലോചിച്ച് ചെയ്യേണ്ടതാണ്. ഇപ്പോഴത്തെ പുതിയ രീതി, ആദ്യ അടുക്കള കുറച്ച് ചെറുത്, പക്ഷേ വളരെ ഭംഗിയായിക്രമീകരിച്ചത്, തുടര്‍ന്ന് ഒരു വിശാലമായ വര്‍ക്ക് ഏരിയ അഥവാ രണ്ടാം അടുക്കള എന്നിങ്ങനെയൊക്കെയാണ്.ആധുനിക ഉപകരണങ്ങള്‍ ഒക്കെ ആദ്യ അടുക്കളയിലും, പാത്രം കഴുകാനുള്ള ആഴമേറിയ സിങ്ക്, വേണെമെങ്കില്‍ പുകയില്ലാത്ത ഒരടുപ്പ് (വിറക് കത്തിക്കുന്ന അടുപ്പില്‍ തന്നെ ചോറുവെയ്ക്കണമെന്നുള്ളവര്ക്ക്) തുടങ്ങിയ അടുക്കും ചിട്ടയിമില്ലാതാവുമെന്ന് പ്രതീക്ഷിക്കാവുന്നതൊക്കെ , തുണികഴുകുന്ന വാഷിംഗ് മെഷീന് ഉള്‍പ്പെടെ വര്‍ക്ക് ഏരിയയില്‍ ഒരുക്കുന്നതാണ് പുതിയ രീതികള്‍. വര്‍ക്ക് ഏരിയയും ആദ്യ കിച്ചനും തമ്മില്‍ വാതില്‍ തുറപ്പുകളൊന്നുമില്ലാതെ , എന്നാല്‍ ആവശ്യമായ മറവോടെ ഒരുക്കുവാനും കഴിയും, ഇത് ചെറിയ അടുക്കള എന്ന ദൃശ്യതലത്തെ മാറ്റിയെടുക്കുകയും ചെയ്യും.
ഭക്ഷണമുറിയിലേക്ക് വാതിലുകള്‍ കൂടാതെ മറവുകളൊന്നുമില്ലാതെ തന്നെ തുറന്ന രീതിയിലുള്ള ആധുനിക അടുക്കള്‍ പുതിയ മലയാളിയുടെ അനുകരണശീലമാകുകയാണ്. പക്ഷേ നമ്മുടെ പാചകരീതികളും പാശ്ചാത്യ ഭക്ഷണരീതികളും തമ്മിലുള്ള അന്തരം മുഴച്ചു നില്ക്കുകയേയുള്ളൂ എന്നാണ് തോന്നുന്നത്.
ആധുനിക അടുക്കളകള്‍ മാറിമറിയുന്ന വ്യാപാര ട്രന്റുകളുടെ പിടിയിലാണിന്ന്. മോഡുലാര്‍ അടുക്കളകളുടെയും, ആധുനിക ഉപകരണങ്ങളുടെയും തള്ളികയറ്റത്തില്‍ നഷ്ടപെടുന്ന ചില മൂല്യങ്ങളെങ്കിലുമുണ്ട്. ആര്ഭാടചിഹ്നങ്ങളാകുന്നു മിക്ക വീടുകളിലെയും അടുക്കളകള്‍.ഉപയോഗശൂന്യമായ വലിയ അടുക്കളകളെക്കാള് നല്ലത് ചെറുതും മനോഹരവും കാര്യക്ഷമവുമായ ചെറു അടുക്കളകള്‍ തന്നെയാണ്. ആധുനിക അടുക്കളകളെയും മോഡുലാര്‍ ഫിക്സിംഗുകളെയുമൊക്കെ വിശദമായി പരാമര്‍ശിക്കുന്നത് വീടിന്റെ അകത്തള സജ്ജീകരണ കുറിപ്പുകളുടെ ഒപ്പം ഉള്‍പ്പെടുത്താമെന്ന് കരുതുന്നു.
സംശയങ്ങളും നിര്‍ദ്ദേശങ്ങളും ലേഖനങ്ങളെകുറിച്ചുള്ള അഭിപ്രായങ്ങളും തീര്‍ച്ചയായും എഴുതുക.