30.10.06
ഗൃഹപാഠ വിഷയ സൂചിക
'ഗൃഹപാഠ' ത്തില്‍ പ്രതിപാദിക്കാനുദ്ദേശിക്കുന്ന വിഷയങ്ങളുടെ ഏകദേശ രൂപക്രമം താഴെ കൊടുക്കുന്നു.
1. ഭൂമി സ്വന്തമാക്കുമ്പോള്‍
2. വീട് വെയ്കുവാനുള്ള തയ്യാറെടുപ്പ്
3. ഭൂമി തയ്യാറാക്കല്‍ മുതല്‍ മേല്‍ക്കൂര വരെ - സാങ്കേതിക പാഠങ്ങള്‍.
4. അവസാന മിനുക്ക് പണികള്‍, വര്‍ണ്ണപകിട്ട്. പ്രകാശ സജ്ജീകരണം, അകത്തളങ്ങള്‍.
5. ഭവനനിര്‍മ്മാണ പരീക്ഷണങ്ങള്‍
i. മണ്‍വീടുകള്‍ - ജി.ശങ്കര്‍ (ഹാബിറ്റാറ്റ്, തിരുവനന്തപുരം), യൂജിന്‍ നസ്രത്ത് പണ്ടാല (കൊല്ലം)
ii. ആര്‍.കെ.രമേശിന്റെ (കോഴിക്കോട്) 'പരാബോളിക്' വീടുകളും മറ്റും.
iii. പോണ്ടിച്ചേരി മാതൃകകള്‍.(ആരോവില്‍ ഗവേഷണ കേന്ദ്രം, റേയ് മേക്കറുടെ 'ചുട്ടെടുത്ത‘ കളിമണ്‍ വീടുകള്‍ മുതലായവ )
iv. അനില്‍ ലൌളിന്റെ അനംഗപ്പൂര്‍ (ഹരിയാന) ബില്‍ഡിംഗ് സെന്റര്‍
v. സെന്‍ട്രല്‍ ബില്‍ഡിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് (റൂര്‍ക്കി, ഉത്താരാഞ്ചല്‍)
vi. നൈജീരിയ എക്സ്‌പീരിയന്‍സ്.
6. മഴവെള്ള സംഭരണത്തിന്റെ പ്രസക്തി.
7. പൂന്തോട്ട നിര്‍മ്മാണം ശ്രദ്ധാപൂര്‍വ്വം.
8. വീടുകള്‍ക്ക് വാര്‍ഷിക പരിചരണം.
9. പ്രായോഗിക വാസ്തു- വിശകലനം.
10.വീടുകളുടെ പ്ലാനുകളും വിശകലനവും
ചില വിഷയങ്ങള്‍ക്ക് ഒന്നിലധികം പോസ്റ്റുകള്‍ വേണ്ടി വരുമെന്ന് തോന്നുന്നു. ഉദാ: സാങ്കേതിക പാഠങ്ങള്‍. ഇതില്‍ വിവരിക്കുന്ന കാര്യങ്ങള്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ കൂടിചേര്‍ത്ത് പരിഷ്കരിക്കുകയും ഒപ്പം പി.ഡി.എഫ് പുസ്തകമായി പ്രസിദ്ധീകരിക്കണമെന്നുമാണ് കരുതുന്നത്. കൂടുതല്‍ വിഷയങ്ങള്‍ ആവശ്യമെങ്കില്‍ കമന്റ് ആയി ചേര്‍ത്താല്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്താം. മറ്റൊന്ന്, തികച്ചും സാങ്കേതികമായ ചില പദങ്ങള്‍ ആംഗലേയത്തിലാവുന്നത് മനപൂര്‍വ്വമല്ല, മലയാള രൂപം അറിയാത്തത് കൊണ്ടാണ്;സഹായിക്കുക.
24.10.06
‘ഗൃഹപാഠ’ ത്തിലേക്ക് സ്വാഗതം
കൂട്ടുകുടുംബ വ്യവസ്ഥിതിയൊക്കെ പോയ് മറഞ്ഞ് അണുകുടുംബങ്ങളായി പരിണമിച്ച മലയാളി ജീവിതക്രമത്തിലെ പ്രധാന കഥാപാത്രമാണ് സ്വന്തമായിട്ടൊരു വീടന്ന സ്വപ്നം. പഠനം, ജോലി, വിവാഹം, ഒന്നോരണ്ടോ കുട്ടികള്‍; സന്തുഷ്ടമായൊരു കുടുംബചിത്രം പൂര്‍ത്തിയാവണമെങ്കില്‍ ഒരു 'വീട്' കൂടിയെ തീരൂ. വളരെയധികം മനുഷ്യശേഷിയും വിഭവസമാഹരണവും ആവശ്യമായ ഈ സ്വപ്ന സാക്ഷാത്‌കാരം പലപ്പോഴും സാധാരണക്കാരന് അഥവാ ഇടത്തരം വരുമാനക്കാരന് ഒരു വലിയ ബാധ്യത തന്നെയാവുന്നു. ദിനംപ്രതിയെന്നോണം വര്‍ദ്ധിച്ചു വരുന്ന നിര്‍മ്മാണവസ്തുക്കളുടെ വിലയും, ഭൂമിയുടെ ദൌര്‍ലഭ്യവും നിര്‍മ്മാണതൊഴിലാളികളുടെ കൂലിയുമൊക്കെ ഈ ബാധ്യതയുടെ അളവ് വര്‍ദ്ധിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
എഴുപത് കാലഘട്ടത്തിലെ ഗള്‍ഫ് തരംഗത്തില്‍ വീട് ഒരാവശ്യമെന്നതിലുപരി ആര്‍ഭാടമായി മാറിയത് മുതല്‍ക്കാണ് ശരാശരി മലയാളിയുടെ വീടെന്ന സ്വപ്നത്തിന് കോണ്‍ക്രീറ്റിന്റെ രൂപവും മണവുമുണ്ടായതും ആഡംബരത്തിന്റെയും അഹങ്കാരത്തിന്റെയും ചിഹ്നങ്ങളായി നമ്മുടെ കേരളീയ വാസ്തുശില്‍പരീതികള്‍ക്ക് നേരെ കൊഞ്ഞനംകുത്തികാണിക്കുന്ന മണിമന്ദിരങ്ങള്‍ നാട്ടില്‍ നിറയാന്‍ തുടങ്ങിയതും.ഭൂമിയുടെ വിലയും പ്രധാന നിര്‍മ്മാണവസ്തുവായ തടിയുടെ ലഭ്യതകുറവും, ഗള്‍ഫില്‍ നിന്നും വന്നിരുന്ന 'പൂത്ത' കാശും കോണ്‍ക്രീറ്റ് സംസ്കാരത്തിന് സ്വാഗതമോതി. അളവു ടേപ്പു പിടിച്ചവനെല്ലാം എഞ്ചിനീയര്‍ പദവിയിലേക്കുയര്‍ത്തപ്പെട്ട ഭവനനിര്‍മ്മാണ ടെക്‍നോളജി വിപ്ലവത്തില്‍ മൂത്താശാരിയും കണക്കനുമെല്ലാം പഴങ്കഥയായി. നാടോടുമ്പോള്‍ നടുവെ ഓടാന്‍ വ്യഗ്രതപ്പെടുന്ന സാധാരണക്കാരനും, ഒപ്പം മണലാരണ്യത്തില്‍ അന്നന്നത്തെ അന്നത്തിന് വക കണ്ടത്താന്‍ പാടുപെടുന്ന 'സാധാ' പ്രവാസിയുമൊക്കെയാണ് ഈ കുത്തൊഴുക്കില്‍ പെട്ട് വലഞ്ഞുപോയത്. കിട്ടാവുന്ന വായ്പകളെല്ലാമെടുത്തും കെട്ടുതാലിവരെയും വിറ്റും ആഡംബരഗൃഹങ്ങളുടെ പുറകേ പാഞ്ഞവര്‍ 'സ്വപ്നഭവനം' പൂര്‍ത്തീകരിക്കുവാന്‍ അമിതപലിശയ്ക് വീണ്ടും കടം വാങ്ങേണ്ട ഗതികേടിലുമായി. ചുട്ടുപൊള്ളുന്ന വേനലില്‍ കോണ്‍ക്രീറ്റ് കൂര വീടിനുള്ളിലേക്ക് തള്ളിവിടുന്ന കടുത്ത ചൂട് സഹിക്കുന്നുവെങ്കിലും ബ്ലേഡ് പലിശയെക്കുറിച്ചോര്‍ത്ത് അവര്‍ വെന്തുരുകുന്നു.
ഇതുകഴിഞ്ഞ് പാര്‍പ്പിടനിര്‍മ്മാണ രംഗത്ത് കേരളത്തില്‍ അലയടിച്ചൊരു പ്രധാന തരംഗമാണ് 'ചെലവുകുറഞ്ഞ വീടുകള്‍' എന്ന ആശയം. ലാറിബേക്കര്‍ ഈ ആശയം കേരളത്തില്‍ അവതരിപ്പിക്കുന്നതിന്‌മുന്‍പ് തന്നെ നാഷണല്‍ ബില്‍ഡിംഗ് ഓര്‍ഗനൈസേഷന്‍ (NBO) സെന്‍ട്രല്‍ ബില്‍ഡിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് (CBRI) പോലുള്ള സ്ഥാപനങ്ങള്‍ വളരെയധികം ഗവേഷണങ്ങള്‍ നടത്തുകയും മാതൃകകള്‍ നിര്‍മ്മിക്കുകയും ചെയ്തിരുന്നുവെങ്കിലും 'ബേക്കര്‍ മോഡല്‍' വീടുകള്‍ ലേബല്‍ ചെയ്യപ്പെട്ടു. പക്ഷേ ആദ്യകാല ബേക്കര്‍ വീടുകള്‍ അബു ഏബ്രഹാം, ഡോ.കെ.എന്‍.രാജ്, പോലുള്ള പ്രതിഭകള്‍ക്കുവേണ്ടിയായത് പുറം തേയ്കാത്തവീടുകള്‍ അത്തരം ബുദ്ധി ജീവികള്‍ക്ക് വേണ്ടിയുള്ളതാണെന്നുള്ള വിശ്വാസമാണുളവാകിയത്. ഇതിനൊരു മറുവശവുമുണ്ട്, നിര്‍മ്മിതി, ഹാബിറ്റാറ്റ് പോലുള്ള സ്ഥാപനങ്ങള്‍ താഴേക്കിടയിലുള്ളവര്‍ക്കായുള്ള കമ്മ്യൂണിറ്റി ഭവനപദ്ധതികളില്‍ ചെലവുകുറഞ്ഞ വീടുകള്‍ ഒരു വിപ്ലവമായി കൊണ്ടാടിയത് ഇത് താഴേക്കിടയിലുള്ളവര്‍ക്കുള്ളതാണെന്ന് ധാരണയും പരത്തി. എം.വി.ദേവന്‍ പോലുള്ള ശില്പ ചിത്രകാരന്മാര്‍ ഈ രംഗത്തേക്ക് വന്നത് പൂശാത്തവീടുകള്‍ ശില്‍പമാതൃകാപരമാണെന്നുള്ള പ്രതീതിയുമുളവാക്കി, ഒപ്പം സാങ്കേതികമായ ഒരുപാട് പോരായ്മകള്‍ മുഴച്ചുനില്‍ക്കുകയും ചെയ്തു. ആ കാലത്തുതന്നെയുണ്ടായ ശാസ്ത്രസാഹിത്യപരിഷത്തിന്റെ ഇടപെടല്‍ ഈ സങ്കേതത്തിന്റെയും ആശയത്തിന്റെയും (പരിഷത്തിന്റെയും!) ശവപ്പെട്ടിയില്‍ അവസാന ആണിയുമടിച്ചു. പരിഷത്ത് നിര്‍മ്മിച്ച നിരവധി വീടുകള്‍ സാങ്കേതികമായി തകര്‍ച്ചനേരിട്ടത് ഇടത്തരം വരുമാനക്കാരനിലേക്ക് ഈ ആശയം എത്തിക്കുന്നതില്‍ കനത്ത പരാജയമായി.പിന്നീട് നിര്‍മ്മിതി, ഹാബിറ്റാറ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ എല്ലാത്തരം ആളുകളിലേക്കും ഈ സാങ്കേതിക വിദ്യവ്യാപിപ്പിക്കുന്നതില്‍ ശ്രദ്ധചെലുത്തിയെങ്കിലും പുതുതായിട്ടൊന്നും ചെയ്യാന്‍ മിനക്കെടാത്തത് സാങ്കേതികമായ പഠനങ്ങളും ഗവേഷണങ്ങളുമൊന്നുമില്ലാതെ മുരടിച്ച് നില്‍ക്കുന്ന അവസ്ഥയിലേക്കായി, ലാറിബേക്കര്‍ തുടങ്ങിവെച്ചിടത്തു തന്നെ നില്‍ക്കുന്നു ' ലോ കോസ്റ്റ് 'ഭവന നിര്‍മ്മാണ സങ്കേതം. മണ്‍വീടുകളുമായൊക്കെ ആര്‍ക്കിടെക്റ്റ് ജി.ശങ്കറിന്റെ ഹാബിറ്റാറ്റ് (തിരുവനന്തപുരം) നടത്തിയ പരീക്ഷണങ്ങളും, ഏറെ പുരസ്കാരങ്ങള്‍ നേടിയെങ്കിലും പ്രചാരണമധികം നേടാതെപോയ ആര്‍ക്കിടെക്റ്റ് ആര്‍.കെ രമേശിന്റെ (കോഴിക്കോട്) 'പരാബോളിക്' ഭവനനിര്‍മ്മാണവും കണ്ടില്ലന്ന് നടിച്ചുകൂടായെങ്കിലും പുത്തന്‍ സാങ്കേതിക വിദ്യയുടെ അഭാവം ഈ രംഗത്ത് മുഴച്ചുനില്‍ക്കുന്നു.
ഇന്ന് ചെലവുകുറഞ്ഞവീടുകള്‍ ഒരു ഫാഷനാണ്. "എത്ര രൂപ ചെലവായാലും വേണ്ടിയില്ല ചെലവുകുറഞ്ഞ ഒരു വീട് വേണ" മെന്ന് ആവശ്യപ്പെടുന്നവരാണിന്നേറെ. ഒപ്പം ചില ബുദ്ധിജീവി നാട്യങ്ങളും. ഈ സങ്കേതം എന്തോ അപരാധമാണെന്ന് കരുതുന്നവരുമുണ്ട്. ചെലവു കുറഞ്ഞ (Low Cost) എന്നല്ല ചെലവു നിയന്ത്രിച്ച (Cost Effective)വീടുകള്‍ എന്നായിരുന്നു ശരിക്കും നിര്‍വചിക്കേണ്ടതെന്നാണ് ഞങ്ങളുടെ പക്ഷം. വീടെന്നത് പലപ്പോഴും നല്ലൊരു ഇന്‍വെസ്റ്റ്‌മെന്റാകില്ലന്ന തിരിച്ചറിവും നമ്മുടെ ആവശ്യങ്ങളെക്കാളുപരി അത്യാവശ്യങ്ങള്‍ക്ക് മുന്‍ഗണന കൊടുത്തുകൊണ്ടുള്ള രൂപകല്‍പനയുമൊക്കെയാണിതിനുള്ള മാര്‍ഗ്ഗങ്ങളായിട്ട് ഞങ്ങള്‍ക്ക് തോന്നുന്നത്. ഓരോരുത്തരുടേയും ജീവിത രീതികളും പ്രവര്‍ത്തനമേഖലയും തമ്മിലുള്ള ബന്ധം വീട് വെയ്ക്കുമ്പോഴും പരിഗണിക്കേണ്ടതാണ്. ഉദാഹരണത്തിന് ഒരു ഡോക്‍റ്ററിനും വക്കീലിനും ഒരേതരം ആവശ്യങ്ങളും പ്രവര്‍ത്തന രീതികളുമായിരിക്കുകയില്ല. ഇനി ഒരു സ്കൂള്‍ മാഷിനു വേണ്ടത് വേറൊരു തരം. വായിക്കാനും എഴുതാനുമൊക്കെ താത്‌പര്യമുള്ളവര്‍ക്ക് ഒരു ലൈബ്രറി അത്യാവശ്യമായിരിക്കാം;പക്ഷേ അതിന് അടച്ചുറപ്പുള്ള ഒരു മുറിവേണോ, അതോ ഊണുമുറിയില്‍ തന്നെയൊരു ഭാഗത്ത് അത്യാവശ്യം സ്വകാര്യതയും സ്വസ്ഥതയും കിട്ടും വിധം സജ്ജീകരിച്ചാല്‍ മതിയോ എന്നൊക്കെയുള്ളത് വീട് വെയ്ക്കുന്നയാളുടെ താത്‌പര്യമനുസരിച്ചിരിക്കും. ഇത്തരം താത്‌പര്യങ്ങളുടെയും ആവശ്യങ്ങളുടെയുമൊക്കെ വ്യക്തമായ തിരിച്ചറിവാണ് നല്ല വീടെന്ന സങ്കല്‍പ്പത്തിലേക്ക് നയിക്കുന്നത്. ഒപ്പം ശരിയായ പ്ലാനിംഗും ബഡ്ജറ്റിംഗും കൂടിയായാല്‍ സ്വപ്നഭവനത്തിലേക്കുള്ള ദൂരം വളരെ കുറയുന്നതായി കാണാം.
വീട് നിര്‍മ്മിക്കുവാന്‍ തുടങ്ങുന്ന മിക്കവര്‍ക്കും നിര്‍മ്മാണ രീതികളെകുറിച്ചും മറ്റും നേരിയ അറിവുപോലുമില്ലാത്തത് ഈ മേഖലയിലെ ചൂഷണത്തിന് പ്രധാനകാരണമാകുന്നു; പ്രവാസികളുടെ കാര്യം പറയാനുമില്ല. നല്ല മുന്‍ധാരണയോട് കൂടിയുള്ള സമീപനം തന്നെ നിര്‍മ്മാണചെലവ് ഗണ്യമായികുറയ്കും എന്നു തന്നെയാണ് ഞങ്ങളുടെ പക്ഷം. കേരളത്തിലെ ഭവനനിര്‍മ്മാണ രീതികള്‍, ചെലവുനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ , പുത്തന്‍ സാങ്കേതിക വിദ്യകള്‍, തനത് കേരളീയ ശൈലിയില്‍ നിന്നും സ്വീകരിക്കാവുന്ന രൂപമാതൃകകള്‍, വാസ്തുവിന്റെ പ്രായോഗിക-ശാസ്ത്രീയ വശം, തുടങ്ങിയ കാര്യങ്ങളെകുറിച്ചൊക്കെ ചര്‍ച്ച ചെയ്യാനാണീ ബ്ലോഗ് കൊണ്ടുദ്ദേശിക്കുന്നത്. ഒരാള്‍ക്കെങ്കിലും അതു പ്രയോജനപ്പെടുന്നുവെങ്കില്‍ ഞങ്ങള്‍ സന്തുഷ്ടരായി. കൂടാതെ ഞങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ധാരണകളും അറിവുകേടുകളും തിരുത്തപ്പെടുവാന്‍ സഹായകമെങ്കില്‍ അങ്ങിനെയും.